കേരളം ഇന്ന് ദൈവത്തിന്റെ സ്വന്തം നാടല്ല, കാമഭ്രാന്തന്മാരുടെ സ്വന്തം നാടാണ്. മലയാളി പുരുഷന്മാര് കാമഭ്രാന്തരായി മാറുന്നതിന്റെ തെളിവാണ് കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ-ബാല പീഡനങ്ങള്‍. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് വര്‍ഷം തോറും ഇവിടെ ബലാല്‍സംഗങ്ങളുടെയും തട്ടിക്കൊണ്ടുപോകലിന്റെയും വിവിധ സ്ത്രീപീഡനങ്ങളുടെയും എണ്ണം വര്‍ധിക്കുകയാണ്.
കേരളത്തില്‍ ഇന്ന് സ്ത്രീകള്‍ക്ക് രാത്രി അന്യമാണ്. പൊതു ഇടങ്ങള്‍, ബസ്സുകള്‍, ട്രെയിനുകള്‍, ഓട്ടോ, ടാക്സി ഒന്നും അവര്‍ക്ക് സുരക്ഷിതമല്ല. സ്ത്രീകള്‍ സ്വന്തം വീടുകളില്‍ സുരക്ഷിതരാണെന്ന വിശ്വാസവും ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശരാശരി മലയാളി പുരുഷന് ലൈംഗികാവയവം മാത്രമായി മാറിയപ്പോള്‍ സ്ത്രീകള്‍ വെറും ലൈംഗിക ഉപകരണങ്ങളായി വീടുകളില്‍ പോലും മാറിയിരിക്കുന്നു.
ഇന്ന് കുടുംബബന്ധങ്ങള്‍ക്ക് പവിത്രത നഷ്ടപ്പെട്ടിരിക്കുന്നു. ഇത് കലിയുഗത്തിന്റെ മൂര്ധന്യമാണെന്നാണ് സുഗതകുമാരി പറയുന്നത്. പിതൃ-പുത്രീബന്ധം, സഹോദര-സഹോദരീ ബന്ധം, അമ്മാവന്-മരുമകള്‍ ബന്ധം ഒന്നും ഇന്ന് ബന്ധങ്ങളല്ല; പെണ്‍കുട്ടികളുടെ സാമിപ്യത്തിനുള്ള ടിക്കറ്റാണ്. പണ്ട് സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ ടിവിയില്‍ ചര്‍ച്ചയായപ്പോള്‍ അത് സ്ത്രീകള്‍ അല്പവസ്ത്രധാരിണികളായതിനാലാണ് എന്ന് പുരുഷന്മാര് വാദിച്ചിരുന്നു. പക്ഷെ കന്യാസ്ത്രീകളും പര്ദാധാരികളും ബലാല്‍സംഗം ചെയ്യപ്പെടുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ഫാദര്‍ തേലക്കാട്ട് പറഞ്ഞത് സ്ത്രീകള്‍ സാരി ഉടുത്താലും കാണിക്കേണ്ടതെല്ലാം കാണിച്ചാണ് നടക്കുന്നത് എന്നായിരുന്നു.
ഇന്ന് മകളെ ബലാല്‍സംഗം ചെയ്യുന്നത് സ്വന്തം അച്ഛനാണ്. വീട് ഇന്ന് സ്ത്രീക്ക് സുരക്ഷിതമല്ല. ഒരച്ഛനും സഹോദരനും അമ്മാവനുംകൂടി രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി ഒരു പെണ്‍കുട്ടി ഈയിടെ പോലീസിനോട് പറഞ്ഞുവല്ലോ. അവളുടെ ചേച്ചിയും ഇതേ പീഡനത്താലാകണം ആത്മഹത്യചെയ്തത്. ഇന്ന് ചില അച്ഛന്മാര് സ്വന്തം മകളെ മകളായിട്ടല്ല കാണുന്നത്, ലൈംഗിക സംതൃപ്തിക്കുള്ള ഉപകരണമായിട്ടാണ്. അച്ഛന് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുന്നതും സ്വന്തം അച്ഛന്റെ മക്കളെ പ്രസവിക്കേണ്ട ഗതികേടും എല്ലാം ഇന്ന് കേരളത്തിലെ സ്ത്രീസന്താനങ്ങളുടെ തലവിധിയാണ്. പലപ്പോഴും അമ്മമാര്‍ പീഡനം കണ്ടില്ലെന്ന് നടിക്കുന്നു. അച്ഛന് പീഡിപ്പിച്ചു എന്ന് അമ്മയോട് പറഞ്ഞാല്‍ മിണ്ടാതിരിക്കാനായിരിക്കും ഉപദേശം. അധികം അമ്മമാരും ഇന്ന് ആശയക്കുഴപ്പത്തിലാണ്. കുട്ടിയെ രക്ഷിക്കണോ കുടുംബത്തെ രക്ഷിക്കണോ എന്ന സംശയം. അടുത്തയിടെ മകളെ അച്ഛന് പീഡിപ്പിക്കുന്നതിനെതിരെ പോലീസില്‍ പരാതിപ്പെട്ട ഒരമ്മയെ കോളനിനിവാസികള്‍ ഊരുവിലക്ക് കല്‍പ്പിച്ചത് തങ്ങളുടെ കോളനിക്ക് അപമാനം വരുത്തിവച്ചു എന്ന് പറഞ്ഞാണ്. അച്ഛനില്‍നിന്നുള്ള മകളുടെ അവിഹിത ഗര്‍ഭധാരണമല്ല, അതിനെതിരെയുള്ള പരാതിയാണ് കോളനിക്കാര്‍ക്ക് അപമാനം!
കേരളത്തില്‍ ഇന്ന് ലൈംഗിക അതിപ്രസരമല്ല, ലൈംഗിക അരാജകത്വമാണ് നടമാടുന്നത്. ആരോഗ്യകരമായ ലൈംഗിക കാഴ്ചപ്പാടല്ല, അശ്ലീല കാഴ്ചപ്പാടുകളാണ് ഇന്ന് പുരുഷസമൂഹത്തിനുള്ളതെന്ന് പ്രസിദ്ധ മനശാസ്ത്ര വിദഗ്ധന്‍ ഡോ. സി.ജെ. ജോണ്‍ പറയുന്നു. ഇതിനാലാണ് അച്ഛനും സഹോദരനും അമ്മാവനും മാത്രമല്ല, കുടുംബസുഹൃത്തും അയല്‍വാസിയും പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. പണ്ട് ചെറിയ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നത് എയ്ഡ്സ് ബാധ തടയാന്‍ നല്ലതാണെന്ന ഒരു വികലവിശ്വാസം നിലനിന്നിരുന്നു.
ദൃശ്യമാധ്യമങ്ങളിലായാലും സൈബര്ലോകത്തായാലും നീലദൃശ്യങ്ങള്‍ കാണുക മലയാളി പുരുഷരീതിയായി മാറിയപ്പോള്‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വര്‍ധിച്ചപ്പോള്‍ അമ്മപെങ്ങന്മാര് എന്ന സങ്കല്‍പ്പം അപ്രത്യക്ഷമായി. സാമൂഹികമൂല്യങ്ങള്‍ ഒഴുകിപ്പോയി. വീട് ലൈംഗിക അരാജകത്വത്തിന്റെ തീയേറ്റര്‍ ആയി മാറിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതത്വം തീര്‍ത്തും അന്യമായി. അടുത്തിടെ വായിച്ചത് കണ്ണൂരില്‍ 24 പെണ്‍കുട്ടികള്‍ ബന്ധുക്കളാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്നാണ്. ഇന്ന് വീട്ടില്‍ അനുഭവിക്കുന്ന പീഡനത്തില്‍നിന്നും പെണ്‍കുട്ടികള്‍ രക്ഷ തേടുന്നത് സ്കൂള്‍ കൗണ്‍സലിംഗ് സെന്ററിലാണ്. വീട്ടില്‍ പറഞ്ഞിട്ടും പ്രയോജനമില്ലാത്തതിനാല്‍ സ്കൂള്‍ അധികൃതരാണ് പീഡനവാര്‍ത്ത പോലീസില്‍ പരാതിയായി നല്‍കുന്നത് പോലും. സ്വന്തം വീട്ടില്‍ പോലും പെണ്‍കുട്ടികള്‍ എത്ര നിസ്സഹായരാണെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
പുത്രീപീഡനം മറ്റ് ലൈംഗികപീഡനത്താടൊപ്പം ഇത്രയേറെ വ്യാപകമായിട്ടും ഇത് ചര്ച്ചാവിഷയമാകുകയോ ഇതിനെ പ്രതിരോധിക്കാന്‍ നടപടികള്‍ ആലോചിക്കുകയോ ചെയ്യുന്നില്ല. ലൈംഗിക അതിപ്രസരം പോലെ വ്യാപകമാണല്ലോ രാഷ്ട്രീയ അതിപ്രസരവും. സ്വന്തം അധികാരം ഉറപ്പിക്കുന്നതില്‍ മാത്രം ജാഗരൂകരാകുന്ന രാഷ്ട്രീയക്കാര്‍ സമൂഹത്തില്‍ നടമാടുന്ന ഈ ലൈംഗിക അരാജകത്വം കണ്ടില്ലെന്ന് നടിക്കുന്നു.
ഈ ലൈംഗിക അരാജകത്വത്തെ നേരിടാന്‍ ഇവിടെ സംവിധാനങ്ങളില്ല. സ്ത്രീസംരക്ഷണത്തിന് നിയമങ്ങളുണ്ട്. നിയമങ്ങളുടെ അഭാവമല്ല, അവ പ്രയോഗത്തില്‍ വരുത്താനുള്ള സംവിധാനമാണ് കേരളത്തിലില്ലാത്തത്. സ്ത്രീപീഡന കേസുകള്‍ സൂര്യനെല്ലി, കവിയൂര്‍, കിളിരൂര്‍ മുതല്‍ പറവൂര്‍ വരെ എത്തിനില്‍ക്കുന്നു. എങ്കിലും ഇന്ന് നടക്കുന്നത് പെണ്വാണിഭത്തേക്കാള് കൂടുതല്‍ ബാലികാപീഡനങ്ങളാണ്. വീട്ടില്‍ അച്ഛനും സഹോദരനും അമ്മാവനുമാണെങ്കില് സ്കൂളില്‍ അധ്യാപകരും പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതില്‍ പിന്നിലല്ല.
ലൈംഗിക അരാജകത്വം നിയന്ത്രിക്കാന്‍ ശക്തമായ സംവിധാനം നടപ്പില്‍വരേണ്ടതുണ്ട്. ഇതിനായി സ്പെഷ്യല്‍ പോലീസ് ഫോഴ്സിനെ നിയമിക്കുകയും അതിവേഗ കോടതികള്‍ സ്ഥാപിച്ച് വിചാരണ വേഗത്തിലാക്കുകയും വേണം. ഈ സംവിധാനമുണ്ടായാല് മാത്രമേ ലൈംഗികചൂഷകര്‍ക്ക് കടിഞ്ഞാണിടാനാവുകയുള്ളൂ.
മറ്റൊരു പ്രധാന വസ്തുത സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ‘നിര്‍ഭയ’ക്ക് എന്ത് പ്രസക്തിയാണുള്ളത്? അത് വെറും പരിശീലനപരിപാടിയായി ഒതുങ്ങുമ്പോള്‍ ലൈംഗിക അരാജകത്വം അരങ്ങുതകര്‍ക്കുകയാണ്. ഇതിനെതിരെയുള്ള സാമൂഹിക പ്രതികരണത്തിന്റെ അഭാവത്തില്‍ കേരളത്തിനാവശ്യം ലൈംഗികാതിക്രമ കേസുകള്‍ കാലതാമസം വരുത്താതെ വിചാരണക്കോടതിയിലെത്തിച്ച് മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പ് കല്പ്പിക്കാനുള്ള സംവിധാനവും ചൂഷകരെ പിടികൂടാനുള്ള സ്പെഷ്യല്‍ പോലീസ് ഫോഴ്സുമാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന പെണ്‍കുട്ടികളും ഇന്ന് ലൈംഗിക ഇരകളാണ്. ഇവരെ താമസിപ്പിക്കാന്‍ ഈ കേരളത്തില്‍ റസ്ക്യൂ ഹോമുകള്‍ ഇല്ല. പീഡന ഇരകള്‍ക്ക് പുനരധിവാസ സംവിധാനങ്ങളില്ല. ബാലികമാര്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ അവര്‍ക്ക് കൗണ്‍സലിംഗ് നല്‍കാനും സംവിധാനങ്ങളില്ല. പുത്രീപീഡനം മൂടിവെക്കപ്പെടേണ്ടതായി കാണുന്ന സമൂഹത്തില്‍ ഈ പ്രവണത വ്യാപകമാകുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ടത് സാമൂഹിക-രാഷ്ട്രീയ ധര്‍മ്മമാണ്.
ലൈംഗിക അരാജകത്വമോ കുടുംബങ്ങളില്‍ അരങ്ങേറുന്ന പുത്രീപീഡനമോ രാഷ്ട്രീയ ശ്രദ്ധയിലോ ഭരണകര്‍ത്താക്കളുടെ ശ്രദ്ധയിലോ വരുന്നില്ല എന്നത് ഖേദകരംതന്നെയാണ്. രാഷ്ട്രീയം ഇന്ന് ഒരു ഐസ്ക്രീം കേസിലോ കിളിരൂര്‍ കേസിലോ മാത്രം ശ്രദ്ധിക്കുമ്പോള്‍ അവഗണിക്കപ്പെടുന്നത് പടര്‍ന്ന് പന്തലിക്കുന്ന ലൈംഗിക അരാജകത്വത്തിന്റെ ഇരകളാണ്.ഈ സാമൂഹിക മൂല്യച്യുതി ചര്ച്ചാവിഷയമാക്കേണ്ടതല്ലേ. വളര്‍ന്നുവരുന്ന ഒരു തലമുറക്കുണ്ടാകുന്ന മാനസികവൈകല്യം തിരസ്ക്കരിക്കപ്പെടാമോ?
മറ്റൊരു വസ്തുത ഒരു ലൈംഗിക കുറ്റവാളിക്കും രക്ഷപ്പെടാന്‍ പഴുതുകളുണ്ടാകാതിരിക്കുക എന്നതാണ്. മൂല്യബോധം ഒരു രക്ഷാകവചംകൂടിയായിരുന്നെങ്കില് എന്ന് ആഗ്രഹിച്ചുപോവുന്നു. മൂല്യങ്ങള്‍ ചോര്‍ന്നുപോയ ഒരു സമൂഹത്തില്‍ ഏറ്റവും അരക്ഷിതര്‍ സ്ത്രീകളാണ്, പെണ്‍കുട്ടികളാണ്. മാന്യവും സമാധാനപരവുമായ ഒരു ജീവിതത്തിന് അവര്‍ക്കും അവകാശമുണ്ട്. അവരും വ്യക്തികളാണ്; വെറും ലൈംഗിക ഉപഭോഗ വസ്തുക്കളല്ല.
- ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: