കൊച്ചി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോ റെയിലിന്റെ അതിവേഗക്കുതിപ്പിന് ഗ്രീന്‍സിഗ്നല്‍ ഇനിയുമകലെ. ഇ. ശ്രീധരനെയും ഡിഎംആര്‍സിയെയും കെട്ടുകെട്ടിക്കാനുള്ള ഉദ്യോഗസ്ഥ രാഷ്ട്രീയക്കളികളില്‍ പദ്ധതി അട്ടിമറിക്കപ്പെടുകയാണ്. പദ്ധതി നടത്തിപ്പില്‍ ഡിഎംആര്‍സിയുടെ പങ്ക് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വ്യക്തമായ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുക എന്ന തന്ത്രം തന്നെയാണ് പയറ്റുന്നത്. ഇന്നലെ നടന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പദ്ധതി നടത്തിപ്പില്‍ ഡിഎംആര്‍സിയുടെ പങ്കിനെക്കുറിച്ചുള്ള അജണ്ട പോലും ഉണ്ടായില്ല.
ഡിഎംആര്‍സിയുടെ പദ്ധതി നടത്തിപ്പിലും സാങ്കേതിക വിദ്യയിലും വിശ്വാസം രേഖപ്പെടുത്തിയ ജപ്പാന്റെ സാമ്പത്തിക വായ്പാ ഏജന്‍സിയായ ജൈക്കയെ ഒഴിവാക്കാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. ആഗോള ടെണ്ടര്‍ വിളിക്കാതെ ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ ജൈക്ക വായ്പ നല്‍കില്ലെന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ ജൈക്കയെ ഒഴിവാക്കുവാന്‍ നീക്കം നടത്തുന്നത്. അമേരിക്കന്‍ കമ്പനികള്‍ ഉള്‍പ്പെടെ പല ആഗോള ഭീമന്മാരും വായ്പാവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുള്ളതായറിയുന്നു. പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാനായി കൊറിയന്‍ കമ്പനി ഉള്‍പ്പെടെയുള്ള ആഗോള കുത്തക കമ്പനികളും ചരടുവലികളുമായി രംഗത്തുണ്ട്. ഈ ആഗോള കുത്തക കമ്പനികള്‍ക്ക് അവസരം നല്കുന്നതിനായുള്ള കളികളാണ് ഐഎഎസ് ലോബികള്‍ നടക്കുന്നത്.
പദ്ധതി നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വളരെ വേഗത്തിലെടുക്കാന്‍ സാധിക്കുമായിരുന്നു. ഡിഎംആര്‍സിയുടെ പങ്കാളിത്തം ഏതുവരെ വേണമെന്ന് തീരുമാനിക്കാനുള്ള പ്രത്യേകസമിതിയുടെ അധ്യക്ഷന്‍ കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണയാണ്. ദല്‍ഹി, കേരള ചീഫ് സെക്രട്ടറിമാരും അംഗങ്ങളാണ്. ഈ സമിതി അന്തിമ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതാണ് പദ്ധതിക്ക് തിരിച്ചടിയാവുന്നത്. പദ്ധതി നീണ്ടുപോകുംതോറും പ്രതിദിനം 40 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്.
കേന്ദ്രമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദഫലമായി കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും അനുകൂലമായി പ്രതികരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഡിഎംആര്‍സി പ്രാതിനിധ്യം സംബന്ധിച്ച് പ്രത്യേക സമിതി രൂപീകരിച്ചത്. എന്നാല്‍ രാഷ്ട്രീയ നീക്കങ്ങളെ മറികടക്കാനുള്ള ശ്രമങ്ങളില്‍ ഉദ്യോഗസ്ഥ ലോബി വിജയത്തിലേക്ക് നീങ്ങുകയാണ്. അവസാനം ഇ. ശ്രീധരനും കൊച്ചി മെട്രോയിലേക്ക് ഇല്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുവാനാണ് ശ്രമം. പരസ്യമായി ശ്രീധരനെതിരെ തിരിഞ്ഞാല്‍ ജനരോഷമുയരുമെന്ന ഭയത്താലാണ് അണിയറ നീക്കങ്ങളിലൂടെ ശ്രമിക്കുന്നത്. ഏറ്റവും അവസാനം ജൈക്ക സംഘവും ഡിഎംആര്‍സിയില്‍ വിശ്വാസമര്ച്ചിച്ചതും മെല്ലേപ്പോക്കിന് കാരണമായി. കേരളം മെട്രോ റെയിലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സമയത്ത് അതിനെക്കുറിച്ച് ചിന്തിക്കപോലും ചെയ്യാത്ത ചെന്നൈയിലും ബാംഗ്ലൂരിലും മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമായിട്ട് കാലങ്ങളേറെയായി. ജയ്പൂര്‍ മെട്രോയും നിര്‍മ്മാണത്തില്‍ കുതിക്കുകയാണ്. കേരളത്തില്‍ വിവാദങ്ങളുടെ കുതിപ്പ് മാത്രമാണ് നടക്കുന്നത്. ഉദ്യോഗസ്ഥ-രാഷ്ട്രീയ ചരട്വലികളില് സംസ്ഥാനത്തിന്റെ വികസനസ്വപ്നങ്ങള്‍ പാളംതെറ്റുകയാണ്.
- എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: