ന്യൂദല്‍ഹി: ആറന്മുള നെല്‍വയലും നീര്‍ത്തടവും പുഴയും നികത്തിക്കൊണ്ട് നിര്‍മ്മിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുമതി നല്‍കരുതെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിക്കും വ്യോമയാനമന്ത്രി അജിത്സിംഗിനും പരിസ്ഥിതിമന്ത്രി ജയന്തി നടരാജനും നല്കിയ നിവേദനത്തില്‍ വിവിധ സംഘടനകളുടെ ഉന്നത നേതൃസംഘം ആവശ്യപ്പെട്ടു.
ആറന്മുള പൈതൃക ഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്, പ്രകൃതിസൗഹൃദ വേദി സെക്രട്ടറി അയിരൂര്‍ പ്രദീപ്, ആറന്മുള പള്ളിയോട-പള്ളിവിളക്ക് സംരക്ഷണസമിതി കണ്‍വീനര്‍ ചെറുകോല്‍ രാജീവ് എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
കൃത്രിമരേഖകള്‍ ചമച്ചും നിയമങ്ങള്‍ ലംഘിച്ചുമാണ് വിമാനത്താവള കമ്പനികള്‍ കഴിഞ്ഞ 8 വര്‍ഷമായി ആറന്മുളയിലെ നെല്‍വയലും നീര്‍ത്തടങ്ങളും കൈവശപ്പെടുത്തിയത്. കോടിക്കണക്കിന് രൂപയുടെ അഴിമതിയും തട്ടിപ്പും നടന്നിട്ടുണ്ട്. പാവപ്പെട്ട ഒട്ടനവധി കര്‍ഷകരുടെ ഭൂമി അധികാരവും പണവും ഭീഷണിയും ഉപയോഗിച്ച് കൈവശപ്പെടുത്തി. ഒരു കമ്പനിക്ക് 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വെക്കുന്നത് നിയമവിരുദ്ധമാകയാല്‍ ബാക്കിയുള്ള മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കുകയോ യഥാര്‍ത്ഥ ഉടമസ്ഥാവകാശികളായ കര്‍ഷകരെ തിരിച്ചേല്പ്പിക്കുകയോ ചെയ്യണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഒരു വിമാനത്താവളത്തിന്റെ 160 കി.മീ വ്യോമദൂരപരിധിക്കുള്ളില് മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ല. കൊച്ചി-തിരുവനന്തപുരം വിമാനത്താവളങ്ങളില്‍നിന്നും 100 കി.മീറ്റര്‍ മാത്രം വ്യോമദൂരമുള്ള ആറന്മുളയില് പുതിയൊരു വിമാനത്താവളം നിര്‍മ്മിക്കുന്നത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണ്. കൊച്ചി ഐഎന്‍എസ് ഗരുഡയുടെ പറക്കല്‍ പരിധിയില്‍ മറ്റൊരു വിമാനത്താവളം പണിയാന്‍ പാടില്ലെന്നും നാവികസേന നിഷ്കര്‍ഷിച്ചിട്ടുണ്ട്. നെല്‍വയലും നീര്‍ത്തടങ്ങളും നികത്തുകവഴി പാരിസ്ഥിതിക വിനാശവും കുടിവെള്ളക്ഷാമവും ഉണ്ടാകുമെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വ്യോമയാന-പ്രതിരോധ-പരിസ്ഥിതി മന്ത്രാലയങ്ങള്‍ ആറന്മുള വിമാനത്താവളത്തിന് അനുമതി നല്കാന് പാടില്ലെന്ന് നേതാക്കള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയെ പെരിയാര്‍ കടുവാസങ്കേതത്തിന്റെ പരിധിയില്നിന്നൊഴിവാക്കുവാന് നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതിവകുപ്പുമന്ത്രിയോടും പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയോടും അഭ്യര്‍ത്ഥിച്ചു. ആയിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പെരിയാര്‍ കടുവാ സങ്കേതത്തില്‍നിന്നും ശബരിമല, പമ്പ, നീലിമല, ശരംകുത്തി തുടങ്ങിയ തീര്‍ത്ഥാടന സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന 25 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വനപ്രദേശം ഒഴിവാക്കിയാല്‍ കടുവാസങ്കേതത്തിന്റെ കര്‍ക്കശമായ നിയന്ത്രണവും നിരോധനവും തീര്‍ത്ഥാടനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കും. ശബരിമലയെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും അയ്യപ്പന്മാര് അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ നേരില്‍ പഠിക്കുന്നതിന് ശബരിമല സന്ദര്‍ശിക്കണമെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയര്മാന് മുരളീമനോഹര്‍ ജോഷിയോട് ആവശ്യപ്പെട്ടു.
മാറാട് കൂട്ടക്കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍ സിബിഐ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനോട് ആവശ്യപ്പെട്ടു.
കൂട്ടക്കൊലക്ക് പിന്നിലെ ധനസ്രോതസ്സ്, സംസ്ഥാനാനന്തര ബന്ധങ്ങള്‍, തീവ്രവാദി പങ്ക് തുടങ്ങിയ വ വെളിച്ചത്ത് കൊണ്ടുവരുവാന്‍ കേരള പോലീസിന്റെ അന്വേഷണത്തിന് കഴിഞ്ഞിട്ടില്ല. സിബിഐ അന്വേഷണത്തിന്റെ ആവശ്യകത ജുഡീഷ്യല്‍ എന്‍ക്വയറി കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഒട്ടും വൈകാതെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: