മട്ടാഞ്ചേരി: വിദ്യാര്‍ത്ഥിനികളെ കൊണ്ട് അനധികൃത പണപ്പിരിവ് നടത്തുന്ന എയ്ഡഡ് സ്കൂളിനെതിരെ രക്ഷാകര്‍ത്തൃ ജനരോഷമുയരുന്നു. ഫോര്‍ട്ടുകൊച്ചി ആംഗ്ലോ ഇന്ത്യന്‍ സെന്റ് മേരീസ് സ്കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് സ്കൂള്‍ അധികൃതര്‍ പൊതുജനമധ്യത്തിലേക്ക് പിരിവിനായി അയയ്ക്കുന്നത്. ഭാഗ്യസമ്മാനക്കൂപ്പണ് എന്നപേരിലുള്ള പണപിരിവിനായി വിദ്യാര്‍ത്ഥികള്‍ വിദേശികളെയും സമീപിക്കുന്നതോടെയാണ് രാജ്യത്തിന് പോലും അപമാനമുണ്ടാക്കുന്ന പണപ്പിരിവിനെതിരെ പ്രതിഷേധ സ്വരമുയര്‍ന്നു തുടങ്ങിയത്. സര്‍ക്കാര്‍ എയ്ഡഡ് സ്കൂളായ സെന്റ്മേരീസ് സ്കൂളില്‍ ‘ബാത്ത് റൂം’ നിര്‍മിക്കാനെന്ന പേരിലാണ് പിരിവ് നടത്തുന്നത്. രണ്ടര കോടി രൂപയുടെ പദ്ധതി രക്ഷാകര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതായാണ് പറയുന്നത്. 100 രൂപയുടെ പത്ത് കൂപ്പണുകളാണ് ഒരു വിദ്യാര്‍ത്ഥി ചെലവാക്കേണ്ടത്. അല്ലെങ്കില്‍ ആയിരം രൂപ രക്ഷകര്‍ത്താക്കള്‍ നല്‍കണം. സ്കൂള്‍ അധികൃതരില്‍നിന്നും അധ്യാപകരില്‍നിന്നുമുള്ള ഭീഷണി ഭയന്ന് വിദ്യാര്‍ത്ഥിനികള്‍ പണപിരിവിനായി ജനമധ്യത്തിലേയ്ക്കിറങ്ങിയതോടെയാണ് സ്കൂളിന്റെ അനധികൃത സ്കൂള്‍ തലങ്ങളില്‍ പണപ്പിരിവ് നടക്കുന്നതെന്ന് രക്ഷകര്‍ത്താക്കള്‍ പറയുന്നു. പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരില്‍ ഓരോ വര്‍ഷവും വിദ്യാര്‍ത്ഥി സ്കൂളിലൂടെ പണം പിരിക്കുന്ന സ്കൂളിന്റെ നടപടിയും ഇതിനകം വിവാദമായതാണ്. പുതുവിദ്യാലയ വര്‍ഷത്തോടനുബന്ധിച്ച് നടക്കുന്ന പ്രവേശനത്തിന്റെ മറവില്‍ ഒരാളില്‍നിന്ന് 10000-15000 രൂപവരെ കെട്ടിട നിര്‍മാണത്തിനായി വാങ്ങുന്ന സ്കൂള്‍ തീരദേശമായ കണ്ണമാലിയില്‍ ഏക്കര്‍ക്കണക്കിന് സ്ഥലം വാങ്ങിയതായും ആരോപണമുയര്‍ന്നു കഴിഞ്ഞു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന സെന്റ്മേരീസ് സ്കൂള്‍ ഓരോ വര്‍ഷവും വിവിധ കാരണങ്ങള്‍ നിരത്തി വിദ്യാര്‍ത്ഥികളെ മുന്‍നിര്‍ത്തി പണപിരിവ് നടത്താറുണ്ടെന്ന് രക്ഷാകര്ത്താക്കള് പറയുന്നു. പിടിഎയെ നോക്കുകുത്തിയാക്കിയും അടിച്ചേല്‍പ്പിച്ചും നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ സര്‍ക്കാര്‍ തലത്തിലും വിദ്യാഭ്യാസ വകുപ്പ് തലത്തിലും പരാതി നല്കാന് തയ്യാറെടുക്കുകയാണ് പ്രദേശത്തെ സന്നദ്ധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: