ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്ന് പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് പറഞ്ഞു. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയുടെ പക്തുങ്ക്വാ പ്രവിശ്യയില്‍ നടന്ന പരിപാടിയിലാണ് മാലിക് ഇക്കാര്യം വെളിപ്പെടുത്തിയത്. പാക്കിസ്ഥാനിലെ പ്രമുഖ ചാനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുസ്തകത്തില്‍ ബേനസീര്‍ വധവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ പാക് രാഷ്ട്രീയത്തിലെ ചില സംഭവ വികാസങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2007ല്‍ റാവല്‍പിണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് ചാവേര്‍ ആക്രമണത്തില്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. തെഹ്രിക് ഇ താലിബാന് നേതാവ് ബൈത്തുള്ള മെഹസൂദ് ഭൂട്ടോ വധവുമായി രംഗത്തെത്തുകയും അന്ന് പ്രസിഡന്റായിരുന്ന പര്‍വേസ് അഷ്റഫായിരുന്നു വധത്തിന് പിന്നിലെന്നും ആരോപിച്ചിരുന്നു. ഭൂട്ടോ കുടുംബവും ഈ ആരോപണമാണ് ഉന്നയിക്കുന്നത്.
എന്നാല്‍ ഭൂട്ടോ വധം സംബന്ധിച്ച് മാലികിന്റെ വെളിപ്പെടുത്തലുണ്ടാകുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ അദ്ദേഹം അത് നിഷേധിച്ചു. ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് താന്‍ പുസ്തകത്തില്‍ ഒരു വെളിപ്പെടുത്തലും നടത്തിയിട്ടില്ലെന്നും സര്‍ക്കാരിനെതിരെ കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയാണിതെന്നും മാലിക് ട്വിറ്ററിലൂടെ അറിയിച്ചു. ഭൂട്ടോവധവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ ഉടന്‍ പുറത്തുവരുമെന്ന് മാത്രമാണ് താന്‍ പ്രസ്താവിച്ചതെന്നും തന്റെ പ്രസ്താവനയെ വളച്ചൊടിക്കരുതെന്നും മാലിക് പറഞ്ഞു. ഭൂട്ടോ വധം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ജനങ്ങളുമായി പങ്കുവെക്കില്ലെന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉള്‍പ്പെടെയുള്ള പിപിപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: