ലണ്ടന്‍: ഭോപ്പാല്‍ വിഷവാതക ദുരന്തം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇരകളായവര്‍ നീതിക്കായി കാത്തിരിക്കുകയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഭോപ്പാലിലേത്. ഇതില്‍ ബന്ധുക്കളെ നഷ്ടപ്പെട്ടവര്‍ക്കും, സ്വന്തം ജീവിതം തന്നെ താറുമാറായവര്ക്കും ന്യായമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. അതുപോലെ തന്നെ ദുരന്തത്തിന് ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങളെപ്പറ്റി വിശദമായ പഠനങ്ങള്‍ നടന്നിട്ടില്ലന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യൂണിയന് കാര്‍ബൈഡ് ഫാക്ടറിയിലെ 350 ടണ്‍ വിഷമാലിന്യങ്ങള്‍ ഇനിയും നീക്കം ചെയ്തിട്ടില്ല. ഫാക്ടറിയുടെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന 40,000 ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുകയാണ്. ഇന്ത്യന്‍ സര്‍ക്കാരും കമ്പനിയുടെ ഉടമകളായ ഡൗ കെമിക്കല്‍സും മുന്‍കൈ എടുത്ത് വിഷമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. ദുരന്തത്തിനുശേഷം ഫാക്ടറിയുടെ ചുമതല ഡൗ കെമിക്കല്‍സ് ഏറ്റെടുത്തിരുന്നുവെങ്കിലും ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. പകരം ഫാക്ടറിയില്‍ അവശേഷിച്ചിരുന്ന മീതൈല്‍ ഐസോസയനേറ്റ് സെവന് എന്ന കീടനാശിനി നശിപ്പിച്ച് കളയാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി വിജയകരമായിരുന്നില്ല.
20000 ത്തോളം പേര് 1984 ലെ ആ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ഇപ്പോഴും ഒന്നരലക്ഷത്തോളം ജനങ്ങള്‍ കരള്‍-ശ്വാസകോശ രോഗങ്ങള്‍ മൂലം വര്‍ഷങ്ങളായി വലയുകയാണ്. ഭോപ്പാലിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും അന്തരീക്ഷമലിനീകരണമുണ്ട്. ശേഷിക്കുന്ന ദ്രാവകം നശിപ്പിക്കാത്തിടത്തോളം കാലം ഭോപ്പാലിലെ ജനങ്ങള്‍ക്ക് ഇതൊരു പേടി സ്വപ്നമായിരിക്കും. സ്ത്രീകളുടെ ഗര്‍ഭധാരണത്തേയും പ്രസവശേഷിയേയും ദുരന്തം സാരമായി ബാധിച്ചു. ഇരകള്‍ക്ക് നിര്‍ബന്ധമായും ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഇന്ത്യന്‍ സര്‍ക്കാരും അവരുടെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്നും ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ജെന്‍ഡര്‍ പ്രോഗ്രാം ഡയറക്ടര്‍ മധു മല്‍ഹോത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: