വാഷിങ്ങ്ടണ്‍: സിറിയന്‍ പ്രക്ഷോഭകര്‍ക്ക് നേരെ രാസായുധം പ്രയോഗിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. സിറിയയിലെ സ്ഥിതിഗതികള്‍ അമേരിക്ക് സസൂഷ്മം നിരീക്ഷിച്ച് വരുകയാണ്. പ്രക്ഷോഭകാരികള്‍ക്കു നേരെ രാസായുധം പ്രയോഗിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സിറിയന്‍ പ്രസിഡന്റ് അസദ് നേരിടേണ്ടി വരുമെന്നും ഒബാമ പറഞ്ഞു. രാസായുധപ്രയോഗം ഏതുഘട്ടത്തിലാണെങ്കിലും ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനുള്ള മറുപടി പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് പറയേണ്ടിവരുമെന്നും ഒബാമ പറഞ്ഞു.
അതേസമയം, ഏതു സാഹചര്യമുണ്ടായാലും ജനങ്ങള്‍ക്ക് നേരെ രാസായുധം പ്രയോഗിക്കില്ലെന്ന് സിറിയന്‍ പ്രതിനിധി പറഞ്ഞു. എന്നാല്‍ സിറിയന്‍ സേന പ്രക്ഷോഭകാരികള്‍ക്കു നേരെ രാസായുധം പ്രയോഗിക്കാന്‍ തയാറെടുക്കുന്നതായുള്ള സൂചനകളാണ് അമേരിക്കയ്ക്കു ലഭിച്ചിരിക്കുന്നത്. ഇനിയൊരു അണവ ദുരന്തത്തിനു ലോകത്തെ വിട്ടുകൊടുക്കില്ലെന്ന് ഒബാമ പറഞ്ഞു. അസദോ സിറിയന്‍ ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലോ രാസായുധം പ്രയോഗിക്കാന്‍ സൈന്യത്തിനു ഉത്തരവു നല്കിയാന് അതിന്റെ പ്രത്യാഘാതങ്ങള്‍ ഊഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയുടെ പലഭാഗത്തായി രാസായുധങ്ങള്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു വിമാനങ്ങളിലേയ്ക്കോ ബാലിസ്റ്റിക് മിസെയിലുകളിലേയ്ക്കോ മാറ്റാന്‍ കഴിയുന്നവയാണ്.
ഇതിനിടെ, രാസായുധ പ്രയോഗത്തിനു സിറിയ തയ്യാറെടുക്കുകയാണെന്ന ആരോപണത്തെ ദമാസ്കസ് തള്ളി. അതേസമയം, സിറിയയില്‍ നിന്നും ഏറെക്കുറെ മുഴുവന്‍ രാജ്യാന്തര സ്റ്റാഫിനേയും പിന്‍വലിക്കാന്‍ യുഎന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ദമാസ്കസിന് പുറത്തുള്ള സന്നദ്ധപ്രവര്‍ത്തനങ്ങള്‍ തല്ക്കാലം മരവിപ്പിക്കാനും യുഎന്‍ തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ സിറിയന്‍ സൈന്യത്തിന്റെ മിഗ് വിമാനം വിമതര്‍ വെടിവെച്ചിട്ടു. ദമാസ്കസ് പ്രവിശ്യയിലെ വിമത കേന്ദ്രങ്ങളില്‍ ബോംബിടാന്‍ ശ്രമിച്ച വിമാനത്തെയാണ് വെടിവെച്ചുവീഴ്ത്തിയത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സിറിയന്‍ ഭരണകൂടം തയ്യാറായിട്ടില്ല. കിഴക്കന്‍ ഖൗത നഗരത്തില്‍ ബോംബിടാന്‍ എത്തിയ വിമാനത്തെയാണ് വിമതസേന വെടിവെച്ച് വീഴ്ത്തിയത്. കഴിഞ്ഞ ദിവസം സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 140 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: