അഹമ്മദാബാദ്: ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന പാക്കിസ്ഥാന് സര്‍ക്കാരിന്റെ ബാബര്‍ ശൈലിയിലുള്ള ക്രൂരതകള്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് വി എച്ച് പി രാജ്യാന്തര വര്‍ക്കിംഗ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിനോട് ബാബര്‍ സ്വീകരിച്ച നയമാണ് പാക് സര്‍ക്കാരിന്റെതും. പണ്ട് ബാബര്‍ ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലെ രാമക്ഷേത്രമാണ് പൊളിച്ചതെങ്കില്‍ ഇന്നത് പാക്കിസ്ഥാനില്‍ ആവര്‍ത്തിച്ചെന്നു മാത്രം. പാക് സര്‍ക്കാരിന്റെ ഹിന്ദുക്കളെ ദ്രോഹിക്കുന്ന ആദ്യ നടപടിയല്ല ഇത്. നിരന്തരം ഹൈന്ദവ ദ്രോഹത്തെ പ്രോത്സാഹിപ്പിക്കുന്ന ചട്ടങ്ങളാണ് പാക് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പാക്കിസ്ഥാനിലും കാശ്മീരിലും കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ആയിരക്കണക്കിന് ക്ഷേത്രങ്ങളാണ് തകര്‍ത്ത് തരിപ്പണമാക്കി ഹിന്ദുക്കളെ ക്രൂരമായി കൊലപ്പെടുത്തിയത്. അടുത്തകാലത്തും ആയിരക്കണക്കിന് ഹിന്ദുക്കളാണ് പാക്കിസ്ഥാനില്‍ നിന്നും കുടിയിറക്കപ്പെട്ടത്. ഭാരതത്തിലെ വാഗാ അതിര്‍ത്തിയിലും രാജസ്ഥാനിലും എത്തിയ ഇവരെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് ഹിന്ദുസംഘടനകളുമായി ചേര്‍ന്ന് വി എച്ച് പി ഇവരെ പുനരധിവസിപ്പിക്കാനായി അഭയാര്‍ഥി ക്യാമ്പുകള്‍ തുറന്നു. ഇപ്പോള്‍ ഭഗവാന് ശ്രീരാമന്റെ ക്ഷേത്രം തകര്‍ത്ത് ഇന്ത്യാ ഗവണ്മെന്റിനോട് മുഖം തിരിച്ചിരിക്കുകയാണ് പാക് ഭരണകൂടം. എന്നാല്‍ നമ്മുടെ സര്‍ക്കാരാകട്ടെ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും പേരില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച് 3000 പാക്കിസ്ഥാനികള്‍ക്ക് ഇവിടേക്കു വരാന്‍ വിസ നല്കുന്ന തിരക്കിലും. ഹിന്ദുക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതിലും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നതിനും എതിരെ ഇന്ത്യാ ഗവണ്മെന്റ് കണ്ണടച്ചിരിക്കുകയാണ്. നിര്‍ബന്ധിത മതംമാറ്റം, ദമ്പതികളെ ബലമായി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കല്‍ എന്നിവ ഹിന്ദുക്കളെ ഭാരതത്തിലേക്ക് ഓടിപ്പോകാന്‍ പ്രേരിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക്കിസ്ഥാനുമായുള്ള വ്യാപാര-കായിക, ഇതര ബന്ധങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉടനടി നിര്‍ത്തിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ രാജ്യാന്തരവിഷയവും മനുഷ്യാവകാശ ധ്വംസനവുമാണ്. ഇന്ത്യാ ഗവണ്മെന്റും മനുഷ്യാവകാശ സംഘടനകളും യുഎന്നുമായി ചേര്‍ന്ന് അടിയന്തരമായി രാജ്യാന്തര കോടതിയെ സമീപിക്കണം. വി എച്ച് പി ഈ വിഷയം ഏറ്റെടുത്ത് ജനാധിപത്യ പ്രക്ഷോഭം സംഘടിപ്പിക്കുന്ന പാതയിലാണ് ഇപ്പോള്‍. തകര്‍ക്കപ്പെട്ട ഹിന്ദുക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാരിനുമേല്‍ ഇന്ത്യാ ഗവണ്മെന്റ് സമ്മര്‍ദം ചെലുത്തണം. കൂടാതെ ഇനി മേലില്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കില്ലെന്ന രാജ്യാന്തര കരാറിലേര്‍പ്പെടാന്‍ അവരെ നിര്‍ബന്ധിക്കുകയും വേണം. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കെതിരായ അനീതി അതിന്റെ പാരമ്യതയിലെത്തി നില്‍ക്കുകയാണെന്നും തൊഗാഡിയ വ്യക്തമാക്കി.
പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ തികഞ്ഞ അവഗണന നേരിടുമ്പോള്‍ ഭാരതത്തിലെ മുസ്ലീങ്ങള്‍ക്ക് വോട്ട് ലക്ഷ്യമിട്ട് ഇന്ത്യാ ഗവണ്മെന്റ് അനര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും നല്കുന്നു. അജ്മല്‍ കസബിനെ തൂക്കിലേറ്റിയതുകൊണ്ടു മാത്രം ആയില്ല. പാക്കിസ്ഥാന് ഹിന്ദുക്കള്‍ക്കു നേരെ നടപ്പാക്കുന്ന ഭീകരവാദം കര്‍ശനമായി നേരിടാനും ഇന്ത്യാ ഗവണ്മെന്റ് തയ്യാറാകണം. ഭാരതത്തിലെയും ഇതരദേശങ്ങളിലെയും ഹിന്ദുക്കള്‍ ഈ ക്രൂരതകളില്‍ അങ്ങേയറ്റം ആശങ്കാകുലരാണ്. പാക്കിസ്ഥാനിലെ പാവപ്പെട്ട ഹിന്ദുക്കള്‍ സര്‍ക്കാരുകളുടെ അനാസ്ഥ കൊണ്ട് കൊടുംക്രൂരത അനുഭവിക്കുമ്പോള്‍ സമാധാനവും നല്ല ബന്ധം നിലനിര്‍ത്തലും ഹിന്ദുക്കളുടെ മാത്രം ബാധ്യതയല്ല. ഭാരതത്തിലെ മുസ്ലീങ്ങളുടെ പരാതികള്‍ സ്വമേധയാ കേട്ട് പരിഹാരമുണ്ടാക്കുന്ന കോടതികള്‍ പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ നേരിടുന്ന ക്രൂരതകള്‍ കണ്ണുതുറന്നു കാണണം. പാക്കിസ്ഥാനിലെ ഭഗവാന് ശ്രീരാമന്റെ ക്ഷേത്രം തകര്‍ത്തതിനെതിരെ വി എച്ച് പി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ക്ഷേത്രപുനര്നിര്മാണത്തില് ഇന്ത്യാ ഗവണ്മെന്റ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനാധിപത്യപ്രതിഷേധം ദേശവ്യാപകമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: