തിരുവനന്തപുരം: കേരളത്തിന്റെ കായിക ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതാനുള്ള ഭാവി താരങ്ങളുടെ പോരാട്ട വീര്യത്തിന് ഇന്നുമുതല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയവും സെന്‍ട്രല്‍ സ്റ്റേഡിയവും സാക്ഷ്യം വഹിക്കും. പുതിയ വേഗവും ദൂരവും ഉയരവും കണ്ടെത്താനുള്ള പോരാട്ടത്തിനായി 1355 ആണ് കുട്ടികളും 1272 പെണ്‍കുട്ടികളും അണിനിരക്കും. 95 ഇനങ്ങളിലായി 2700ലേറെ കായിക പ്രതിഭകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് 3.30ന് മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വ്വഹിക്കും.
ഉദ്ഘാടനം ചടങ്ങ് വൈകിട്ടാണെങ്കിലും രാവിലെ 7 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടമാണ് ആദ്യം ഇനം, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍, ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജമ്പ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ, സബ്ജൂനിയര് പെണ്‍കുട്ടികളുടെ ഷോട്ട് പുട്ട്, സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജമ്പ്, സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പ്, സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്കസ് ത്രോ, സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര് 400 മീറ്റര്‍ മത്സരങ്ങള്‍, 4 ഃ 100 മീറ്റര്‍ റിലേ ഹീറ്റ്സ് എന്നിവയാണ് ആദ്യദിനം നടക്കുന്നത്.
നിലവിലെ സ്കൂള്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസിലും കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ പാലക്കാട് കല്ലടി എച്ച്എസ്എസും ആറ് തവണ ചാമ്പ്യന്‍ പട്ടം നേടിയശേഷം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്ന സെന്റ് ജോര്‍ജ്ജും തമ്മില്‍ ഇത്തവണ ചാമ്പ്യന്‍ പട്ടത്തിനായി തീ പാറുന്ന പോരാട്ടം നടക്കും. സെന്റ് ജോര്‍ജ്ജിന്റെയും മാര്‍ ബേസിലിന്റെയും മികവില്‍ ഒന്‍പതാം കിരീടം ലക്ഷ്യമിട്ട് എറണാകുളം ജില്ലാ ട്രാക്കിലും ഫീല്ഡിലിമിറങ്ങുമ്പോള് കല്ലടി എച്ച്എസ്എസ്എസ്, പറളി എച്ച്എസ്എസ്, മുണ്ടൂര്‍ എച്ച്എസ്എസ് എന്നീ സ്കൂളുകളുടെ മികവില്‍ എറണാകുളത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ പാലക്കാടുണ്ടാവും.
ഉത്തേജക മരുന്ന് ഉപയോഗിച്ചാലും പ്രായപരിധി തട്ടിപ്പ് നടത്തിയാലും ഇത്തവണ താരങ്ങള്‍ കുടുങ്ങുമെന്ന പ്രത്യേകതയും മേളയ്ക്കുണ്ട്. മത്സരങ്ങള്‍ നിരീക്ഷിക്കാനായി ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ)യുടെ എട്ടംഗ സംഘം ഇന്നെത്തും. പ്രായപരിധിയെക്കുറിച്ച് തര്‍ക്കം ഉയര്‍ന്നാല്‍ പരിശോധനയ്ക്കായി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക സംഘവുമുണ്ട്. ത്രോ ഇനങ്ങളില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഭാരം ഉത്തവണ കുറിച്ചിട്ടുണ്ട്. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഇത്തവണ ഉപകരണങ്ങളുടെ ഭാരം കുറിച്ചിട്ടുള്ളത്. ഹാമര്‍ത്രോ, ഡിസ്കസ്ത്രോ മത്സരങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ നിന്നും മന്ത്രി പി.കെ. ബാബു കൈമാറിയ ദീപശിഖയ്ക്ക് ഇന്നലെ രാവിലെ ജില്ലാതിര്‍ത്തിയായ കല്ലമ്പലത്ത് വര്‍ക്കല കഹാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. വൈകിട്ട് പിഎംജി ജംഗ്ഷനില്‍ കോമണ്‍വെല്‍ത്ത് താരം ഷര്‍മി ഉലഹന്നാന് ദീപശിഖ ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ എത്തിച്ച ദീപശിഖ ബി. സത്യന് എംഎല്‍എ വാങ്ങി മന്ത്രി അനൂപ് ജേക്കബിന് കൈമാറി. മന്ത്രി അനൂപ് ജേക്കബില്‍ നിന്നും ഡിപിഐ ഷാജഹാന് ദീപശിഖ ഏറ്റുവാങ്ങി.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: