ശ്വേതാ മേനോനും ശ്വേതാഭട്ടും തമ്മിലെന്ത് എന്ന ചോദ്യം ഇതുവരെ അപ്രസക്തമായിരുന്നു. ഇനി മുതല്‍ അങ്ങനെയല്ല. തന്റെ പ്രസവം, അതും കടിഞ്ഞൂല്‍ പ്രസവം ലൈവായി ഷൂട്ട് ചെയ്യാന്‍ സംവിധായകന് ബ്ലസിയെ അനുവദിക്കുക വഴി ശ്വേതാമേനോനും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ‘എതിരാളി’യായി മണിനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാവുക വഴി ശ്വേതാഭട്ടും ഒരേതൂവല്‍ പക്ഷികളായിരിക്കുകയാണ്. നടി ശ്വേതാ ക്യാമറയ്ക്ക് മുന്നില്‍ പ്രസവിയ്ക്കുമ്പോള്‍ അത് ബ്ലസിയുടെ ‘കളിമണ്ണ്’ എന്ന സിനിമയ്ക്കുവേണ്ടിയാണെന്ന് അറിയാമായിരുന്നു. ഒരു കസ്റ്റഡിമരണക്കേസില്‍ ഭര്‍ത്താവും ഐപിഎസുകാരനുമായ സഞ്ജീവ് ഭട്ട് സസ്പെന്ഷനിലായപ്പോള് അത് മോഡിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ പ്രതികാര നടപടിയാണെന്ന് വരുത്തി ചാനല്‍ ക്യാമറകള്‍ക്കു മുന്നില്‍ ശ്വേത ഭട്ട് ലൈവായി പൊട്ടിക്കരഞ്ഞത് കോണ്‍ഗ്രസിനുവേണ്ടിയാണെന്ന് ആര്‍ക്കും കടന്നു കാണാനായില്ല. നടിയാണെങ്കിലും ശ്വേത പ്രസവം അഭിനയിക്കുകയായിരുന്നില്ല. എന്നാല്‍ നടിയല്ലാതിരുന്നിട്ടും ശ്വേതാ ഭട്ട് അഭിനയിച്ച് തകര്‍ക്കുകയായിരുന്നു.
‘കളിമണ്ണ്’ എന്നാണ് സിനിമയുടെ പേരെങ്കിലും ബ്ലസിയുടെ തലയില്‍ അതല്ല. ‘കാഴ്ച’യുടെ സംവിധായകനില്‍നിന്ന് പ്രതീക്ഷിയ്ക്കുന്ന കലാമേന്മയൊന്നും ഇല്ലെന്ന് വരികിലും ശ്വേതയുടെ പ്രസവ സീന്‍ ഉണ്ട് എന്ന് ഒറ്റക്കാരണംകൊണ്ട് ‘കളിമണ്ണ്’ പ്രദര്‍ശനത്തിനെത്തിയാല്‍ തകര്‍ത്തോടും. എന്നാല്‍ മണിനഗറില്‍ നരേന്ദ്രമോഡിയെ നേരിടാന്‍ ശ്വേതാ ഭട്ടിനെ കണ്ടെത്തിയ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തലയില്‍ കളിമണ്ണ് മാത്രമേയുളളൂ. കാരണം മണിനഗര്‍ മണ്ഡലം വര്‍ഷങ്ങളായി മോഡിയുടെ തട്ടകമാണ്. ശ്വേതാഭട്ടിനെന്നല്ല, അവരെ ഇതിന് പ്രേരിപ്പിച്ച അഹമ്മദ് പട്ടേലിന്റേയും യജമാനത്തിയായ സാക്ഷാല്‍ സോണിയാഗാന്ധിക്കുപോലും മണിനഗറില്‍ മോഡിക്കെതിരെ ഒന്നും ചെയ്യാനാവില്ല. പണം പമ്പുചെയ്യാന്‍ കോണ്‍ഗ്രസിന് ആവുമെന്നതിനാല്‍ പ്രചാരണം കൊഴുക്കുമെങ്കിലും മോഡിയോട് ശരിയായ ഒരു മത്സരത്തിനുപോലും ശ്വേതാ ഭട്ടിനാവില്ല.
മണിനഗറിലെന്നല്ല, ഗുജറാത്തിലെ ഏതൊരു മണ്ഡലത്തിലും നരേന്ദ്രമോഡിയെ സംബന്ധിച്ചിടത്തോളം മത്സരിച്ചാല്‍ മാത്രം മതി, ജയിച്ചിരിയ്ക്കും. മണിനഗറിലാണെങ്കില് മോഡിയോട് മത്സരിച്ച് രാഷ്ട്രീയ ബലിയാടാവാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറല്ലെന്നതാണ് സത്യം. 2007 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയായ ദിന്‍ഷാ പട്ടേലായിരുന്നു മണി നഗറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പട്ടേല്‍ സമുദായത്തെ സ്വാധീനിക്കാന്‍ കഴിയുന്ന നേതാവായ ദിന്‍ഷ വന്‍ നേട്ടമുണ്ടാക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. അതനുസരിച്ചായിരുന്നു പ്രചാരണവും. ബിജെപിയില്‍ കേശുഭായ് പട്ടേല്‍ ഉയര്‍ത്തിയ വിമതലക്ഷ്യം മുന്‍നിര്‍ത്തി ദിന്‍ഷാ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നിട്ടോ? ഫലം വന്നപ്പോള്‍ 86,000 വോട്ടുകള്‍ക്കാണ് ദിന്‍ഷ തോറ്റത്.
നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത പാര്‍ട്ടിയാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്സെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ നരേന്ദ്രമോഡി പരിഹസിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് ശ്വേതാഭട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം. മോഡിക്കെതിരെ മത്സരിക്കാന്‍ അറിയപ്പെടുന്ന ഒരു നേതാവിനെപ്പോലും കണ്ടെത്താന്‍ കോണ്‍ഗ്രസിനാവുന്നില്ല. വര്‍ഷങ്ങളായി ഇതാണ് പതിവ്. ഇതിനാലാണ് ഇപ്പോള്‍ ശ്വേതാഭട്ടില് അഭയം തേടിയിരിക്കുന്നത്.
ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മോഡിക്കെതിരെ പ്രശസ്ത നര്‍ത്തകി മല്ലികാസാരാഭായിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. മല്ലികയ്ക്ക് കഴിയാത്തത് ശ്വേതയ്ക്കാവുമോ? കഴിയില്ലെന്ന് മാത്രമല്ല, ശ്വേതയുടെ സ്ഥാനാര്‍ത്ഥിത്വം മറ്റൊരു തരത്തിലും ബിജെപിക്കും മോഡിക്കും ഗുണം ചെയ്യും. 2002 ലെ കലാപവുമായി ബന്ധപ്പെട്ട് മോഡിക്കെതിരെ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ കറുത്ത കയ്യാണ് ഉള്ളതെന്ന് ഇതോടെ വെളിപ്പെട്ടിരിക്കുന്നു. തന്റെ പോരാട്ടം നീതിക്കുവേണ്ടിയുള്ളതാണെന്ന സഞ്ജീവ് ഭട്ടിന്റെ അവകാശവാദവും തകര്‍ന്നടിഞ്ഞിരിക്കുന്നു. ടീസ്റ്റ സെതല്‍വാദിന്റെയും ആര്.ബി. ശ്രീകുമാറിന്റെയും ഗതിയും മറ്റൊന്നായിരിക്കില്ല.
നരേന്ദ്രമോഡിക്ക് അനുകൂലമായ ഘടകങ്ങള്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിലും അനവധിയാണ്. ഒന്നാമതായി ഒരു രാഷ്ട്രീയ നേതാവെന്നതിനുപരി വികസന നായകനെന്ന പ്രതിഛായയാണ് മോഡിക്കുള്ളത്. മാധ്യമങ്ങളെ കയ്യിലെടുത്തുകൊണ്ടുള്ള പ്രചാരണം ശക്തമാണെങ്കിലും ഗുജറാത്തി ജനതയ്ക്ക് ബോധ്യം വരുന്ന വാഗ്ദാനങ്ങളൊന്നും നല്കാന് കോണ്‍ഗ്രസിനാവുന്നില്ല. മൂന്നേമുക്കാല്‍ കോടിയോളം വരുന്ന ഗുജറാത്ത് ജനസംഖ്യയില്‍ രണ്ട് കോടിയിലേറെപ്പേര്‍ നാല്‍പ്പത് വയസ്സിന് താഴെയുള്ളവരാണ്. ഒരു കോടിയിലേറെപ്പേരുടെ പ്രായം പതിനൊന്നിനും പത്തൊമ്പതിനും ഇടയ്ക്കാണ്. ഈ രണ്ട് കൂട്ടരും ആഗ്രഹിക്കുന്നത് രാഷ്ട്രീയ സ്ഥിരതയും നിശ്ചയദാര്‍ഢ്യമുള്ള നേതാവിനെയുമാണ്. ഇവരുടെ മനസ്സു നിറയെ നരേന്ദ്ര മോഡിയാണ്. പറയുന്നത് പ്രവര്‍ത്തിക്കുന്നയാളാണ് നരേന്ദ്രമോഡിയെന്ന് ഗുജറാത്തിലെ വോട്ടര്‍മാരെ ആരും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. പതിറ്റാണ്ടുകാലത്തെ ബിജെപി ഭരണത്തിന് കീഴില്‍ അവര്‍ക്ക് നേരിട്ടറിയാന്‍ കഴിഞ്ഞിട്ടുള്ളതാണിത്. വികസനത്തിന് പുത്തന്‍ കുതിപ്പുകള്‍ നല്കാനാവുന്ന കഴിവുറ്റ ഹിന്ദു നേതാവ് എന്ന പ്രതിഛായ മോഡിക്ക് സ്വന്തം.
ബിജെപി വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് കേശുഭായ് പട്ടേല്‍ മത്സരരംഗത്തുള്ളത് മോഡിക്ക് വിനയാവുമെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ഓള് ഇന്ത്യ രാഷ്ട്രീയ ജനതാപാര്‍ട്ടി രൂപീകരിച്ച് മോഡിയെ വെല്ലുവിളിച്ച ശങ്കര്‍സിംഗ് വഗേലയുടെ ഗതിയായിരിക്കും കേശുഭായിക്കും വരിക. 1998 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വഗേലയുടെ പാര്‍ട്ടി 11.68 ശതമാനം വോട്ട് നേടുകയുണ്ടായെങ്കിലും നാലേ നാല് സീറ്റാണ് ലഭിച്ചത്. 44.87 ശതമാനം വോട്ടോടെ ബിജെപി 117 സീറ്റ് നേടിയപ്പോള്‍ 34.85 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസിന് 53 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വഗേല ഉയര്‍ത്തിയ വെല്ലുവിളിയൊന്നും കേശുഭായ് പട്ടേല്‍ ഉയര്‍ത്തുന്നില്ല. ‘കാസ്റ്റ് ഫാക്ട’റിനെ അതിജീവിക്കുന്നതാണ് ‘മോഡി ഫാക്ടര്‍’ എന്ന് ചുരുക്കം. കേശുഭായ് പ്രതീക്ഷയര്‍പ്പിക്കുന്ന പട്ടേല്‍ സമുദായത്തിനുപോലും വിശ്വാസ്യതയുള്ള നേതാവാണ് മോഡി. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ 117 സ്ഥാനാര്‍ത്ഥികളില്‍ 32 ശതമാനം പട്ടേല്‍ സമുദായക്കാരാണ്. പട്ടേല്‍ സമുദായത്തിന്റെ മാത്രമല്ല, മറ്റ് സമുദായങ്ങളുടെയും, എന്തിന് ‘പട്ടേല്വിരുദ്ധ’ സമുദായങ്ങളുടെ പോലും പിന്തുണയാര്‍ജിക്കാന്‍ കഴിഞ്ഞിട്ടുള്ള നേതാവാണ് മോഡി. മുഖ്യ എതിരാളിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മോഡിക്കെതിരെ നിര്‍ണായകമായ ഒരൊറ്റ വിജയം പോലും നേടാനായിട്ടില്ല. എതിരാളികള്‍ക്ക് മുതലാക്കാവുന്ന രാഷ്ട്രീയ വീഴ്ചകളൊന്നും മോഡിയില്‍നിന്ന് ഉണ്ടായിട്ടുമില്ല. പത്തുവര്‍ഷം അധികാരത്തില്‍ ഇരുന്നിട്ടും ഒരൊറ്റ അഴിമതിക്കേസ് പോലും മോഡിക്കെതിരെയില്ല. 2002 ലെ കലാപത്തിന്റെ പേരില്‍ മോഡിയെ ക്രൂശിക്കാനുള്ള കോണ്‍ഗ്രസിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടുകഴിഞ്ഞു. ഗുല്‍ബര്‍ഗ കേസില്‍ മോഡിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിനെതിരെ പരാതിപ്പെടാനുള്ള അര്‍ഹത പോലും ഗുല്ബര് കേസിലെ ഹര്‍ജിക്കാരിയായ സാക്കിയ ജാഫ്രിക്കില്ലെന്ന് വിചാരണക്കോടതിതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കലാപത്തിന്റെ പേരില്‍ ഗുജറാത്തിന് ഏര്‍പ്പെടുത്തിയിരുന്ന നയതന്ത്രവിലക്ക് ബ്രിട്ടന് പിന്‍വലിച്ചിരിക്കുന്നു. ഒബാമയുടെ അമേരിക്കയും ഇതേ പാതയിലാണ്.
ബിജെപിയുടെയും നരേന്ദ്ര മോഡിയുടെയും നേര്‍വിപരീത ദിശയിലാണ് കോണ്‍ഗ്രസും സോണിയാഗാന്ധിയും. ഗുജറാത്തിലെ ഒരു ജനവിഭാഗത്തിന്റെ പോലും പിന്തുണ ഇന്ന് കോണ്‍ഗ്രസിനില്ല. മഹാത്മാഗാന്ധിയുടെ നാട് മദാമ്മാഗാന്ധിയുടെ പാര്‍ട്ടിയെ എഴുതിതള്ളിയിരിക്കുന്നു എന്ന് പറയാം. സോണിയാഗാന്ധി ഗുജറാത്തില്‍ പ്രചാരണത്തിനെത്തിയെങ്കിലും മോഡിയെ പേരെടുത്ത് വിമര്‍ശിക്കാന്‍ ഭയപ്പെട്ടു. തനിക്കെതിരായ വിമര്‍ശനം മോഡി ആയുധമാക്കാതിരിക്കാനാണ് ഇതെന്ന് ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടെങ്കിലും മോഡിയെ വിമര്‍ശിച്ച് വോട്ട് നേടാനാവില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞതാണ് യഥാര്‍ത്ഥ കാരണം. സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയും ഗുജറാത്തുകാരനുമായ അഹമ്മദ് പട്ടേലിനെ മോഡി പേരെടുത്ത് വിമര്‍ശിച്ചിട്ടും കോണ്‍ഗ്രസിന് പ്രതികരണമുണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സമിതിയുടെ അധ്യക്ഷനായ രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ഗുജറാത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല. യുപിയില്‍ കഴിയാത്തത് രാഹുലിന് ഗുജറാത്തില്‍ കാഴ്ചവെക്കാനാവുമെന്ന് വിശ്വസിക്കുന്ന ആരുംതന്നെ കോണ്‍ഗ്രസിലില്ല. അഭിപ്രായ സര്‍വേകളെല്ലാം സൂചിപ്പിക്കുന്നതുപോലെ ഗുജറാത്തില്‍ മൂന്നാമതും മോഡിതന്നെയെന്ന് രണ്ടാമതൊന്ന് ആലോചിക്കാതെ പറയാം.
- മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: