വെസ്റ്റ്ബാങ്ക്: ഇസ്രായേലിന് ഐക്യരാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ ജെറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ നടത്തുന്ന പാര്‍പ്പിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ സമാധാനശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുമെന്നാണ് മൂണ്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാര്‍പ്പിട നിര്‍മ്മാണത്തിന് ഇസ്രായേല്‍ പുതുതായി അനുമതി നല്‍കിയതില്‍ അദ്ദേഹം ആശങ്കയും പ്രകടിപ്പിച്ചു. ഐക്യരാഷ്ട്രസഭയില്‍ പലസ്തീന് നിരീക്ഷക രാഷ്ട്രപദവി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് തര്‍ക്കപ്രദേശങ്ങളില്‍ 3000 പുതിയ പാര്‍പ്പിടങ്ങള്‍ക്ക് ഇസ്രായേല്‍ അനുമതി നല്‍കിയത്. എന്തുവന്നാലും നിര്‍മാണപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
സമാധാന നടപടികള്‍ ആരംഭിച്ചിട്ടും വെടിനിര്‍ത്തല്‍ കാരാര്‍ നിലവില്‍ വന്നിട്ടും ഇസ്രായേലിന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നടപടികള്‍ ആരംഭിച്ചതിനെ ബാന്‍ കി മൂണ്‍ അപലപിച്ചു. പ്രകോപനപരമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ഇസ്രായേലിനോട് നിരവധി തവണ ആവശ്യപ്പെട്ടതായി യുഎന്‍ വക്താവ് മാര്ട്ടിന് നെസിര്‍കി വ്യക്തമാക്കി. ഭാവിയില്‍ പലസ്തീന്റെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന വിശുദ്ധ നഗരമായ ജെറുസലേമിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ നടത്തിയിട്ടും പലസ്തീന് കരാര്‍ ലംഘിച്ചുവെന്നാണ് ഇസ്രായേലിന്റെ പ്രധാന ആരോപണം. പലസ്തീന് നിരീക്ഷ പദവി നല്കിയ യുഎന്‍ നടപടിയെ ഇസ്രായേല്‍ പാര്‍ലമെന്റ് കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രകോപന നടപടിയെന്ന നിലയില്‍ പാര്‍പ്പിട നിര്‍മ്മാണ കേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പാര്‍ലമെന്റ് തീരുമാനിച്ചത്.
ഇസ്രായേല്‍ നടപടിക്കെതിരെ യൂറോപ്യന്‍ യൂണിയനും രംഗത്തെത്തിയിരുന്നു. പാര്‍പ്പിട കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതു സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മേധാവി കാതറിന് ആഷ്ടോണ്‍ ആശങ്കയും രേഖപ്പെടുത്തി. ഭാവിയില്‍ വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
25 ലക്ഷത്തിലധികം പേരാണ് വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജെറുസലേമിലുമായി കഴിയുന്നത്. എന്നാല്‍ ഇവര്‍ കുടിയേറ്റക്കാരാണെന്നാണ് ഇസ്രായേലിന്റെ വാദം. 2010 ല്‍ നേരിയതോതില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ചര്‍ച്ചയിലൂടെ അത് നിര്‍ത്തിവെക്കുകയായിരുന്നു. ജനുവരിയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് ഇസ്രായേല്‍ അനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് പാലസ്തീനികളുടെ വാദം. തെരഞ്ഞെടുപ്പിന് ശേഷം സമാധാന ചര്‍ച്ചയ്ക്ക് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ രംഗത്തെത്തുമെന്നാണ് പലസ്തീന് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അതേസമയം, ബ്രിട്ടണ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ അവരുടെ സ്ഥാനപതിമാരെ ഇസ്രായേലില്‍ നിന്നും തിരികെ വിളിക്കാന്‍ തീരുമാനിച്ചു. ജെറുസലേമില്‍ പാര്‍പ്പിട നിര്‍മ്മാണങ്ങള്‍ ആരംഭിക്കുവാനുള്ള ഇസ്രായേലിന്റെ തീരുമാനത്തെത്തുടര്‍ന്നാണ് ഇവരുടെ തീരുമാനം. ഇസ്രയേല്‍ തീരുമാനത്തെ അപലപിക്കുവാനുള്ള സമയമല്ല ഇത്. മറിച്ച് ഇസ്രായേലിനെതിരെ കടുത്ത നടപടി സ്വീകരിക്കുവാനുള്ള സമയമാണിതെന്ന് മുതിര്‍ന്ന യൂറോപ്യന്‍ നയതന്ത്രഞ്ജന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: