കൊച്ചി : അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന എഴുത്തുകാരുടെ സംഗമം ഏറെ ശ്രദ്ധേയമായി. സാഹിത്യകാര സംഗമത്തില്‍ നാല്പതോളം സാഹിത്യകാരന്മാര് പങ്കെടുത്തു. സാഹിത്യരംഗത്തെ പ്രശ്നങ്ങളും വായനയുടെയും എഴുത്തിന്റെയും പ്രകാശനത്തിന്റെയും മേഖലകളിലെ നൂതന പ്രവണതകളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത ഒത്തൊരുമയില്‍ സാംസ്കാരികതക്കു മേല്‍ രാഷ്ട്രീയവും ആഗോളവല്കരണവും യാന്ത്രിക സാങ്കേതിക പുരോഗതിയും ചെലുത്തുന്ന സ്വാധീനം ചര്‍ച്ചാവിഷയമായി. തുടര്‍ന്നും ഇത്തരം ഒത്തുചേരലിന് ആഹ്വാനം നല്കി സംഗമം സമാപിച്ചു.
സാഹിത്യകാരന്മാരെ ഒന്നും രണ്ടും നിരക്കാരെന്ന് തരംതിരിക്കുന്ന പതിവു ശൈലിയില്‍ നിന്നു വേറിട്ടതായിരുന്നു സംഗമം. കവി ചെമ്മനം ചാക്കോ തുടങ്ങിവച്ച ചര്‍ച്ചയില്‍ പ്രൊഫ. തോമസ് മാത്യു, പ്രൊഫ. എം. കെ. സാനു, എന്‍. കെ. ദേശം, എം. വി. ബന്നി, കെ. എല്‍. മോഹനവര്‍മ്മ, ജസ്റ്റിസ് കെ. സുകുമാരന്‍, ഗ്രേസി, ശ്രീകുമാരി രാമചന്ദ്രന്, സിപ്പി പള്ളിപ്പുറം, നാരായന്, അമ്പലപ്പുഴ ഗോപകുമാര്‍, എം. കെ. ഹരികുമാര്‍, പ്രൊഫ. സി. ആര്. ഓമനക്കുട്ടന്, ജമാല്‍ കൊച്ചങ്ങാടി, ആനന്ദന് ചെറായി, ടി. എസ്. ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.
സാംസ്കാരിക രംഗത്തെ രാഷ്ട്രീയത്തിന്റെ നുഴഞ്ഞുകയറ്റത്തിനു നേരെ എഴുത്തുകാര്‍ കണ്ണടയ്ക്കരുതെന്ന് ചെമ്മനം ചാക്കോ അഭിപ്രായപ്പെട്ടു. ചിലതൊക്കെ വേണ്ടെന്നു വെയ്ക്കാന്‍ സാംസ്കാരിക യോഗങ്ങളുടെ സംഘാടകര്‍ ധൈര്യം കാണിക്കണം. ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ച് അറിയാത്തവര്‍ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നടത്തുമ്പോള്‍ മാധ്യമങ്ങള്‍ അവര്‍ക്കാണു പ്രാധാന്യം കൊടുക്കുക, ചെമ്മനം പറഞ്ഞു.
സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന രചനകള്‍ ആ പ്രശ്നം അവസാനിച്ചാലും പ്രസക്തിയുള്ളതായി നിലനില്ക്കുന്നുവെങ്കില് മാത്രമേ അവയെ സാഹിത്യസൃഷ്ടികളായി പരിഗണിക്കാനാവൂ എന്ന് പ്രൊഫ. തോമസ് മാത്യു പറഞ്ഞു.
എന്തിനുവേണ്ടി എഴുതണമെന്നതാണ് പ്രാഥമികമായ ചോദ്യമെന്ന് പ്രൊഫ. എം. കെ. സാനു പറഞ്ഞു. അന്തര്‍ദര്‍ശനം ആവിഷ്ക്കരിക്കുക, തന്റേതായ മാധ്യമം കണ്ടെത്തുക, അതില്‍ സ്വന്തം അംഗം ഉണ്ടാവുക, രൂപശില്പം ഉണ്ടാകാതിരിക്കുക – ഈ നാലു ഘടകങ്ങളാണ് നല്ല രചനകള്‍ ഉണ്ടാക്കുന്നതെന്ന് പ്രൊഫ. സാനു പറഞ്ഞു.
ഇന്ന് സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വാക്കുകള്‍ക്ക് അധികൃതര്‍ ചെവി കൊടുക്കുന്നില്ലെന്ന് കെ. എല്‍. മോഹനവര്‍മ്മ ചൂണ്ടിക്കാട്ടി. മാറാടു സംഭവം പോലുള്ള വിഷയത്തില്‍ എം. ടിയെപ്പോലുള്ള ഒരു എഴുത്തുകാരന് തന്റെ അഭിപ്രായം കേള്‍പ്പിക്കാന്‍ കോടതിയില്‍ പോകേണ്ടിവന്നുവെന്ന് മോഹനവര്‍മ്മ പറഞ്ഞു.
സാഹിത്യം തമ്പുരാക്കന്മാരില് നിന്നും തമ്പുരാട്ടിമാരില്‍ നിന്നും മാറി അവര്‍ണ്ണ വിഭാഗത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന്, കൊച്ചരയത്തി എന്ന കവിത എഴുതിയ നാരായന് പറഞ്ഞു. ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ കൊച്ചരയത്തി ശ്രദ്ധിക്കപ്പെട്ടു, അംഗീകരിക്കപ്പെട്ടു. അംഗീകരിച്ചവരോട് ആദരവും അടിച്ചമര്‍ത്താന്‍ ശ്രമിച്ചവരോട് വൈരാഗ്യവുമുല്പെന്ന് നാരായന് പറഞ്ഞു.
ശാന്ത ആമ്പല്ലൂര്‍, ടി. കെ. രാമകൃഷ്ണന് റാന്നി, കെ. ജി. ഉണ്ണികൃഷ്ണന്, മാലതി ജി. മേനോന്, അഡ്വ. ബിമല്‍കുമാര്‍, പി. ഐ. ശങ്കരനാരായണന്, പി. ആര്. നന്ദനന്‍, ഹരീഷ് ആര്. നമ്പൂതിരിപ്പാട്, പറവൂര്‍ രാജഗോപാല്‍, സി. കെ. ബാലചന്ദ്രന്, ഗൗതമന് തുറവൂര്‍, ചന്തിരൂര്‍ ദിവാകരന്, ധനു ഇളംകുന്നപ്പുഴ, കെ. രാധാകൃഷ്ണന്, മഹര്‍ഷി ശ്രീകുമാര്‍, വടയാര്‍ ശശി, വേലായുധന് വടവുകോട്, പ്രഫുല്ലന്‍ തൃപ്പൂണിത്തുറ, പുരുഷോത്തമന് പാണ്ഡികശാല, സി. പി. തോമസ്, പി. കെ. വാസുദേവന്‍പിള്ള, എന്‍. പി. എന്‍. നമ്പൂതിരി, കെ. കെ. സി. നായര്‍, എം. എ. ഹമീദ്, ശശി ആമ്പല്ലൂര്‍, കെ. ഇ. തമ്പി, കുസുംഷലാല്‍ ചെറായി, ശ്രീദേവി കെ. ലാല്‍, രാജംടീച്ചര്, കെ. പി. ജോസഫ് തുടങ്ങിയവര്‍ സാംസ്കാരിക സംഗമത്തില്‍ പങ്കെടുത്തു.
വൈകിട്ട് നടന്ന കോംഗ്കണി കഥകള്‍ ചര്‍ച്ചയില്‍ ഡോ. സുനിതാഭായി, ആര്. എസ്. ഭാസ്കര്‍, ഗുരുദത്ത് ബണ്ട് വാള്‍ക്കര്‍, സൂര്യ അശോക് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: