ആലക്കോട് (കണ്ണൂര്‍): അയ്യപ്പഭജന നടത്തിയതിന് ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം മാറ്റി. സിപിഎം ആലക്കോട് ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പ്പെടുന്ന നെല്ലിപ്പാറ ബ്രാഞ്ച് സെക്രട്ടറി കാക്കടവിലെ ടി.കെ.ബാബുരാജിനെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കിയത്. കഴിഞ്ഞ ദിവസം കാക്കടവില്‍ ഡിവൈഎഫ്ഐയുടെയും കാക്കടവ് സ്വാശ്രയ സംഘത്തിന്റെയും യുത്ത് വിങ്ങ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ അയ്യപ്പഭജന സംഘടിപ്പിച്ചിരുന്നു. ഈ മേഖലയിലെ ഹിന്ദുക്കളായ നൂറുകണക്കിന് ഭക്തര്‍ ഭജനയില്‍ പങ്കെടുത്തിരുന്നു. ഈ മേഖലയിലെ മുഴുവന്‍ ഹിന്ദുവീടുകളിലും ഡിവൈഎഫ്ഐയുടെ പേരില്‍ ഭജന നടത്തുന്ന നോട്ടീസ് വിതരണം ചെയ്തിരുന്നു. ഇത് മലയോര മേഖലയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് അച്ചടക്ക നടപടി.
ക്ഷേത്ര ഭരണകാര്യങ്ങളിലും മറ്റും പാര്‍ട്ടി സഖാക്കള്‍ സജീവമാകണമെന്ന നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്നാണ് ബാബുരാജ് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ രയരോം കാക്കടവില്‍ ഇത്തരത്തില്‍ ഒരു ഭജന സംഘടിപ്പിച്ചത്. ഇത് മേഖലയിലെ ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങള്‍ക്ക് സിപിഎമ്മിനോട് അതൃപ്തി തോന്നാന്‍ കാരണമാകുമെന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ബാബുരാജിനെ തല്‍ സ്ഥാനത്തു നിന്നും നീക്കിയ നടപടി ഈ മേഖലയിലെ ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട സിപിഎം അണികളുടെ എതിര്‍പ്പിന് കാരണമായിട്ടുണ്ട്.
ഇഫ്താര്‍ പരിപാടികളിലും പള്ളിപ്പെരുന്നാളുകള്‍ക്കും പാര്‍ട്ടി നേതാക്കളും അണികളും സജീവമാകുമ്പോള്‍ ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായ ശബരിമലയിലേക്ക് ദര്‍ശനത്തിന് പോകുന്ന വ്രതധാരികളായ സ്വാമി ഭക്തരെ പങ്കെടുപ്പിച്ച് നടത്തിയ ഭജനയുടെ നോട്ടീസില്‍ ഡിവൈഎഫ്ഐയുടെ പേര് അച്ചടിച്ചത് അത്ര വലിയ തെറ്റല്ലെന്നും അതുകൊണ്ടുതന്നെ ബാബുരാജിനെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയ നടപടി പുനഃപരിശോധിക്കണമെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇഫ്താര്‍ വിരുന്ന് സ്വര്‍ഗ്ഗീയവും അയ്യപ്പഭജന വര്ഗ്ഗീയവുമാകുന്ന പാര്‍ട്ടി നേതാക്കളുടെ നിലപാട് മലയോര മേഖലയില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് തന്നെ കാരണമായിട്ടുണ്ട്.
ഡിവൈഎഫ്ഐയുടെ പേരില്‍ ഭജന നടത്താന്‍ പാടില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും ധിക്കരിച്ച് ഭജന നടത്തിയതാണ് ബാബുരാജിനെ തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ കാരണമെന്നും ഇഫ്താര്‍ വിരുന്നിനെ മതപരമായ ചടങ്ങായി കാണാന്‍ കഴിയില്ലെന്നും എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന സിപിഎമ്മില്‍ ഹിന്ദുവിന്റെ പ്രാര്‍ത്ഥന നടത്തുന്നത് പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് ഇതു സംബന്ധിച്ച് ആലക്കോട് ലോക്കല്‍ സെക്രട്ടറിയുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: