കോതമംഗലം: വൃശ്ചികമാസത്തിലെ ആയില്യം നാളിനോടടുത്തുള്ള ദിവസങ്ങളില്‍ പെരിയാറിനക്കരെയുള്ള ചേലമയില് നിന്നും പുഴകടന്നെത്തിവന്ന് ഭക്തജനങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്കുന്ന നാഗരാജാവിന്റെ സാന്നിദ്ധ്യം കൊണ്ട് പ്രസിദ്ധമായ തട്ടേക്കാട് ക്ഷേത്രത്തില്‍ ആയില്ല്യം തൊഴല്‍ മഹോത്സവം നാളെ നടക്കും.
ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. രാവിലെ 8 മണിക്ക് ആയില്യം തൊഴല്‍ ആരംഭിക്കും. തുടര്‍ന്ന് കളമെഴുത്തും പാട്ടും ഉച്ചക്ക് ഒരു മണിക്ക് പ്രസാദ ഉട്ട് നടക്കും. ക്ഷേത്രം തന്ത്രി മൂത്തകുന്നം കെ.കെ.അനിരുദ്ധന് തന്ത്രികള്‍ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. വിശേഷാല്‍ വഴിപാടുകളായ നൂറും പാലും സര്‍പ്പബലി, പട്ടുചാര്‍ത്തല്‍, രക്ഷസ്സിന് പാല്പായസം, വെള്ളനിവേദ്യം, ഇളനീര്, പനിനീര്, മഞ്ഞള്‍പ്പൊടി അഭിഷേകം എന്നിവയും നടക്കും.
ആയില്ല്യം തൊഴലിനായി കഴിഞ്ഞ കുറെവര്‍ഷങ്ങളായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തട്ടേക്കാട് എത്താറുണ്ട്. ക്ഷേത്രദര്‍ശനത്തിന് വന്നെത്തുന്ന എല്ലാ ഭക്തജനങ്ങല്ക്കും പ്രസാദ ഊട്ട് വിതരണ ചുമതല അമൃതാനന്ദമയി സേവാസമിതിയാണ് ഏറ്റെടുത്തിട്ടുള്ളത്. കോതമംഗലത്തുനിന്ന് ക്ഷേത്രത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: