പള്ളുരുത്തി: തോപ്പുംപടിയില്‍ ഹാര്‍ബര്‍ പാലത്തിലെ വാഹനഗതാഗതം അടിയന്തിരമായിനിര്ത്തിവെക്കണമെന്നും, പാലം അടച്ചുപൂട്ടണമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സര്‍ക്കാരിന് വീണ്ടും റിപ്പോര്‍ട്ട് നല്കി. വാഹനഗതാഗതം തുടര്‍ന്നാല്‍ അപകടം ഏതുനിമിഷവും ഉണ്ടായേക്കാമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
മുമ്പ് ഒരുതവണ സുരക്ഷയുടെ ഭാഗമായിമുന്നറിയിപ്പുനല്കിയിട്ടും അത് വകവെക്കാതെ പാലത്തിലൂടെ വാഹനഗതാഗതം അനുവദിച്ച സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വീണ്ടും അപകടമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പാലത്തില്‍ പരിശോധനനടത്തി. കൊച്ചിയിലെപൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ നിലവിലെ പാലത്തിന്റെ അപകടനില ചിഫ് എഞ്ചിനിയറോട് വിശദീകരിച്ചു. പാലം നിര്‍മ്മിച്ചിരിക്കുന്ന ഇരുമ്പ് ഗര്‍ഡറുകളെല്ലാം തുരുമ്പെടുത്തിരിക്കുകയാണ്. പലഭാഗങ്ങളിലെ വെല്‍ഡിങ്ങുകളും, ബോള്‍ട്ടുകളും വേര്പെട്ടനിലയിലുമാണ്. പാലത്തിന്റെ അപകടനില കണക്കാക്കാതെ വാഹനങ്ങള്‍ അതിവേഗത്തില്‍ സഞ്ചരിക്കുകയാണെന്നും എഞ്ചിനീയര്‍മാര്‍ ചീഫ് എഞ്ചിനീയറെ ബോദ്ധ്യപ്പെടുത്തി. അപകടമുണ്ടായാല്‍ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ലെന്നും ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. നിലവിലെ അവസ്ഥ ജില്ലാകളക്ടറേയും ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി കെല്ലിനെ ചുമതലപ്പെടുത്തുവാന്‍ ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്കാന് കെല്ലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ജിസിഡിഎ താല്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇതിന്റെ നടപടികളൊന്നും നടന്നില്ല. രാഷ്ട്രീയതലത്തിലെ ഗ്രൂപ്പുപ്രശ്നങ്ങളും, താല്പര്യങ്ങളും പാലത്തിന്റെ അറ്റകുറ്റപ്പണിയെ ബാധിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ്നല്‍കിയ പാലത്തിന്റെ അപകടനിലയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തോപ്പുംപടി ഹാര്‍ബര്‍ പാലം അടച്ചുപൂട്ടേണ്ടിവന്നാല്‍ പടിഞ്ഞാറന്‍ കൊച്ചി കടുത്ത ഗതാഗതക്കുരുക്കിലേക്കാവും ചെന്നെത്തുക. പാലം അടച്ചുപൂട്ടരുതെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയ ഉന്നതതല രാഷ്ട്രീയ കക്ഷികള്‍ പുതിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.
- കെ.കെ.റോഷന്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: