വൈദ്യുതിരംഗത്തെ കെടുകാര്യസ്ഥതയും പിടിപ്പുകേടും ഉപഭോക്താക്കളെ വട്ടംകറക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ലോഡ്ഷെഡ്ഡിംഗ് സമയം വര്‍ദ്ധിപ്പിച്ചതോടൊപ്പം നിരക്കും കൂട്ടാന്‍ പോകുന്നു എന്ന വാര്‍ത്ത ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇരുട്ടും ഇരുട്ടടിയും പോലുള്ള അനുഭവമാണ് സൃഷ്ടിക്കുന്നത്. ലോഡ്ഷെഡിംഗ് അനിശ്ചിതകാലത്തേക്ക് തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിരിക്കുകയാണ്. മെയ് 30 വരെ ലോഡ്ഷെഡിംഗ് നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ എസ് ഇ ബി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കമ്മീഷന്‍ തീരുമാനം. വൈകുന്നേരത്തെ ലോഡ്ഷെഡിംഗ് സമയം 6.30ന് തുടങ്ങുന്നത് ആറ് മണിയാക്കണമെന്ന ആവശ്യവും അംഗീകരിച്ചു. ആറു മണിമുതല്‍ വൈദ്യുതി ഉപയോഗത്തില്‍ വര്‍ധന വന്നതിനാലാണ് വൈകുന്നേരത്തെ ലോഡ്ഷെഡിംഗ് സമയത്തില്‍ മാറ്റം വരുത്തണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെയുള്ള ലോഡ്ഷെഡിംഗ് സമയത്തില്‍ മാറ്റമില്ല. പുതുക്കിയ ലോഡ്ഷെഡിംഗ് സമയം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. പ്രതിമാസം 200 യൂണിറ്റിനു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്ന് അധിക വൈദ്യുതിക്ക് പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് ഈടാക്കണമെന്ന ആവശ്യവും വ്യവസായങ്ങള്‍ക്ക് 25 ശതമാനം പവര്‍ക്കട്ട് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിലും കമ്മീഷന്‍ തീരുമാനം അടുത്തുണ്ടാകും. എന്നാല്‍ പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിലൂടെ വൈദ്യുതി ബോര്‍ഡിനുണ്ടാകുന്ന നഷ്ടം നികത്താന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഓരോ യൂണിറ്റിനും രണ്ടു രൂപ വീതം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുകയാണ്. റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ച നിവേദനത്തിലാണ് ബോര്‍ഡ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ ഈ ഡിസംബര്‍ മുതല്‍ 2013 ഏപ്രില്‍ വരെയുള്ള കാലയളവിലെ വൈദ്യുതി ഉപയോഗത്തിന് അടുത്തവര്‍ഷം ജൂലൈ മുതല്‍ എല്ലാ വിഭാഗം ഉപയോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് പിരിക്കേണ്ടിവരുമെന്നാണ് ബോര്‍ഡ് പറയുന്നത്.
നവംബര്‍ മാസത്തില്‍ വൈദ്യുതി ലഭ്യത പുനരവലോകനം ചെയ്തശേഷം ലോഡ്ഷെഡിംഗ് തുടരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു. വ്യാഴാഴ്‌ച്ചയാണ് വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച റിപ്പോര്‍ട്ട് ബോര്‍ഡ് കമ്മീഷന് സമര്‍പ്പിച്ചത്. ഊര്‍ജ പ്രതിസന്ധി രൂക്ഷമാണെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ബോര്‍ഡ് കമ്മീഷനെ അറിയിച്ചിരിക്കുകയായിരുന്നു. അടുത്ത മാര്‍ച്ച് വരെയള്ള ഒരു വര്‍ഷം പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് 2626.20 കോടി രൂപ ചെലവാകുമെന്നാണ് വൈദ്യുതി ബോര്‍ഡ് നല്‍കിയ പെറ്റീഷനില്‍ പറയുന്നത്. സാമ്പത്തിക വര്‍ഷത്തില്‍ ശേഷിക്കുന്ന നാല് മാസത്തേക്ക് 1193.22 കോടിരൂപയാണ് വൈദ്യുതി വാങ്ങുന്നതിനുവേണ്ടി ചെലവാക്കേണ്ടിവരിക. ബോര്‍ഡിന് 10 കോടി രൂപയാണ് ഇതിലൂടെ പ്രതിദിന നഷ്ടം. ബോര്‍ഡിനുണ്ടാകുന്ന വലിയ നഷ്ടം ഒഴിവാക്കാന്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം മുതല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്താതെ മുന്നോട്ടുപോകാനാകില്ലെന്നും ബോര്‍ഡിന്റെ പെറ്റീഷനില്‍ ചൂണ്ടിക്കാട്ടുന്നു. ഫലത്തില്‍ പൊതുജനങ്ങളെ പരമാവധി പിഴിഞ്ഞ് നഷ്ടം നികത്തുക എന്ന തന്ത്രം തന്നെയാണ് പയറ്റാന്‍ പോകുന്നത് എന്ന് വ്യക്തം. നിശ്ചയിച്ച തീയതിക്ക് പണമടച്ചില്ലെങ്കില്‍ ഫീസൂരുന്ന നല്ല നടപടിക്രമം പാലിക്കുന്ന വൈദ്യുതിബോര്‍ഡ് വന്‍കിടക്കാരുടെ കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്. വൈദ്യുതിമോഷണവും കുടിശ്ശികയും ഇല്ലാതാക്കിയാല്‍ തന്നെ വൈദ്യുതിബോര്‍ഡിന്റെ ശനിദശ തീരും. അതിന് ഇനി ഏത് അവതാരമാണ് വേണ്ടിവരിക എന്നാണ് പൊതുജനത്തിനുള്ള സംശയം.
അറ്റുപോയത് ശക്തമായ കണ്ണി
ഇരുപത്മാസക്കാലം ഇന്ത്യയുടെ 12-ാമത്ത് പ്രധാനമന്ത്രിയായിരുന്ന ഇന്ദര്‍കുമാര്‍ ഗുജറാളിന്റെ അന്ത്യം അകാലത്തോ ആകസ്മികമോ എന്ന് പറയാനാവില്ല. എന്നിരുന്നാലും ആരുമരിച്ചാലും ആ വിടവ് നികത്തപ്പെടാതെതന്നെയുണ്ടാകും. രാഷ്‌ട്രീയനേതാവ്, നയതന്ത്രജ്ഞന്‍, ഭരണാധികാരി എന്നനിലയിലെല്ലാം പ്രാഗത്ഭ്യംതെളിയിച്ച വ്യക്തിയായിരുന്നു ഗുജറാള്‍. അടിമുടി മാന്യനും സൗമ്യനുമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹതയുള്ള വ്യക്തിത്വം. കോണ്‍ഗ്രസ് സര്‍ക്കാരില്‍ 1967 മുതല്‍ 76 വരെ വിവിധ വകുപ്പുകളുടെ സഹമന്ത്രി, മന്ത്രി സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ഗുജറാള്‍ എണ്‍പതുകളുടെ മധ്യത്തിലാണ് കോണ്‍ഗ്രസ് വിട്ട് ജനതാദളില്‍ ചേര്‍ന്നത്. പഞ്ചാബില്‍ നിന്ന് 1989ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വി.പി.സിങ് മന്ത്രിസഭയിലെ വിദേശകാര്യ മന്ത്രിയായി. ഇറാഖ് കുവൈത്തിനെ ആക്രമിച്ചതും തുടര്‍ന്നുണ്ടായ ഗള്‍ഫ് യുദ്ധവുമാണ് വിദേശകാര്യമന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ച കാലത്തെ ഗുജ്‌റാളിന്റെ വെല്ലുവിളികള്‍. ഇന്ത്യയുടെ പ്രതിനിധിയായി സദ്ദാം ഹുസൈനെ സന്ദര്‍ശിച്ചപ്പോള്‍ കെട്ടിപ്പിടിച്ചത് അന്നു വിവാദമായിരുന്നു.
ദേവഗൗഡയുടെ നേതൃത്വത്തില്‍ 1996ല്‍ ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയപ്പോഴും ഗുജ്‌റാള്‍ തന്നെയായിരുന്നു വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തത്. അയല്‍ രാജ്യങ്ങളുമായി സൗഹാര്‍ദ്ദ ബന്ധം സൂക്ഷിക്കുന്നതിനായി ‘ഗുജ്‌റാള്‍ ഡോക്ട്രൈന്‍’ എന്ന സിദ്ധാന്തം തന്നെ ആവിഷ്കരിച്ചു. ഐക്യമുന്നണി സര്‍ക്കാരിനെ പുറമേ നിന്നു പിന്തുണച്ച കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1997 ഏപ്രില്‍ 21ന് ഐ .കെ.ഗുജ്‌റാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഒട്ടും അനുകൂലമല്ലാത്ത രാഷ്‌ട്രീയസാഹചര്യങ്ങളാണ് പ്രധാനമന്ത്രി എന്ന നിലയ്‌ക്ക് അദ്ദേഹം നേരിട്ടത്. കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങളും സംശയങ്ങളും അദ്ദേഹത്തിന് ഇരിക്കപ്പൊറുതി നല്‍കിയില്ല. എങ്കിലും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതുപോലെയല്ല ഗുജറാളിന് ശേഷം അധികാര കൈമാറ്റമുണ്ടായത്. എ.ബി.വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയാണ് അധികാരത്തിലെത്തിയത്. വാജ്പേയിയോട് പ്രത്യേക മമതയും സ്നേഹവും അദ്ദേഹത്തിനുണ്ടായിരുന്നു. പഴയതലമുറയിലെ ശക്തമായ കണ്ണിയാണ് ഗുജറാളിന്റെ വേര്‍പാടോടെ അറ്റുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: