കാസര്‍കോട് : നബിദിനത്തില്‍ കാസര്‍കോട്ട് മതതീവ്രവാദികള്‍ നടത്തിയ പട്ടാള മാര്‍ച്ചിനെതിരെ എടുത്തകേസുകള്‍ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും പോലീസും രണ്ട് തട്ടില്‍. കേസില്‍ തുടരന്വേഷണം വേണമെന്ന പോലീസിലെ ഒരു വിഭാഗത്തിന്റെ ആവശ്യം നിരാകരിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ തലത്തിലെ ശക്തമായ ഇടപെടലിനെതുടര്‍ന്ന് മാസങ്ങളോളമായി കേസ് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ കേസ് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലീസ് ചീഫ് എസ് സുരേന്ദ്രന് പ്രതികരിച്ചു. കേസ് അവസാനിപ്പിക്കാന്‍ പോലീസിന് താത്പര്യമില്ലെന്നും എസ് പി ജന്മഭൂമിയോട് പറഞ്ഞു.
കേസ് അവസാനിപ്പിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ തന്നെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാകുന്ന കാസര്‍കോട്ട് ഇത്തരം കേസുകളില്‍ ശക്തമായ നടപടികള്‍ വേണമെന്ന അഭിപ്രായം പോലീസിനുള്ളില്‍ ഉയര്‍ന്നുവരുന്നുണ്ട്. ജില്ലയിലെ മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ പട്ടാള മാര്‍ച്ച് കേസില്‍ ആഴത്തിലുള്ള അന്വേഷണം നടത്തി സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ശക്തികളെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്നും ഒരു വിഭാഗം ആഗ്രഹിക്കുന്നു. പോലീസ് നടപടികള്‍ കാര്യക്ഷമമല്ലാത്തതാണ് കാസര്‍കോട് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യദ്രോഹക്കേസ് പിന്‍വലിക്കുന്നത് പോലീസിനെ നാണക്കേടിലാക്കും. അതിനാല്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിനു കീഴ്പ്പെടാതെ അന്വേഷണം മുന്നോട്ട് കൊണ്ട് പോകണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കേസ് അവസാനിപ്പിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകും എന്നതിനാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം പോലീസിനെ വെട്ടിലാക്കുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് കാഞ്ഞങ്ങാടാണ് നബിദിന ഘോഷയാത്രയില്‍ ആദ്യം പട്ടാള മാര്‍ച്ച് നടന്നത്. സംഭവം വിവാദമായതോടെ കാഞ്ഞങ്ങാട് ജമാഅത്ത് കമ്മറ്റി ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാസര്‍കോടിലെ പരപ്പയിലും ഇതേസംഘം പാക് പട്ടാളത്തിന്റെ വേഷത്തില്‍ മാര്‍ച്ച് നടത്തിയത് രഹസ്യാന്വേഷണ വിഭാഗത്തെപ്പോലും അമ്പരപ്പിച്ചു. ലീഗ് ഇടപെടലിനെത്തുടര്‍ന്ന് അനുമതിയില്ലാതെ പ്രകടനം നടത്തിയെന്ന നിസാര വകുപ്പിന് കേസെടുത്ത് കയ്യൊഴിയാനാണ് തുടക്കത്തില്‍ പോലീസ് ശ്രമിച്ചത്. തുടര്‍ന്ന് വിവിധ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലീസ് സംഭവത്തെ ഗൗരവത്തോടെ കണ്ടത്. വെള്ളരിക്കുണ്ട്, ഹോസ്ദുര്‍ഗ് സ്റ്റേഷനുകളില്‍ കണ്ടാലറിയാവുന്ന നൂറോളം യുവാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും മാര്‍ച്ചില്‍ പങ്കെടുത്ത ചിലരുടെ വീടുകളില്‍ റെയ്ഡ് നടത്തി പട്ടാള യൂണിഫോം പിടിച്ചെടുക്കുകയും ചെയ്തു.
തുടക്കം മുതല്ക്കു തന്നെ ലീഗ് സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടിവന്ന പോലീസിന് കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കുവാനും സാധിച്ചിട്ടില്ല. സംഭവം നടന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകാറായിട്ടും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇടയ്ക്ക് ഊര്‍ജ്ജിതമായ കേസ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെത്തുടര്‍ന്ന് നിര്‍വീര്യമാവുകയായിരുന്നു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് കഴിഞ്ഞ മെയ് 15ന് എസ് പി ഓഫീസ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇത് ചെന്നിത്തല കാസര്‍കോട്ട് നടത്തുന്ന സ്നേഹ സന്ദേശയാത്രയ്ക്ക് തിരിച്ചടിയാകുമെന്ന് ഭയന്ന കോണ്‍ഗ്രസ് നേതൃത്വം ലീഗിനെ പ്രീതിപ്പെടുത്താന്‍ പോലീസ് നടപടി നിര്‍ത്തിവയ്പ്പിക്കുകയും കേസ് പിന്‍വലിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റ് ഉണ്ടാവില്ലെന്ന് ഉറപ്പുലഭിച്ചതോടെ ലീഗ് പ്രക്ഷോഭം ഉപേക്ഷിക്കുകയും ചെയ്തു. ചെന്നിത്തലയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ നടപടി പോലീസിന്റെ ആത്മവീര്യം ചോര്‍ത്തിക്കളയുന്നതായിരുന്നു. തുടര്‍ന്ന് കേസന്വേഷണം നിലക്കുകയും ചെയ്തു. ‘വാക്ക് പാലിക്കാന്‍ ‘ ലീഗ് നേതൃത്വം ചെലുത്തുന്ന നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താന്‍ കൃത്യമായ ആസൂത്രണത്തോടെ നിരവധി ദിവസത്തെ പരിശീലനത്തിന് ശേഷമാണ് ലീഗ് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പട്ടാള ചിട്ടയില്‍ മാര്‍ച്ച് നടന്നത്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സായുധ പരിശീലന ക്യാമ്പുകള്‍ പൊതു സമൂഹത്തിനു മുന്നില്‍ തുറന്നു കാട്ടപ്പെടുമെന്ന ഭയമാണ് അന്വേഷണം തടയാന്‍ ലീഗ് രംഗത്തെത്തിയതിന് പിന്നില്‍.
>> കെ. സുജിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: