കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിരന്തരമായ അവഗണനക്ക് ഇരയാണ് കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയെന്ന് വ്യവസായികളുടെ അസോസിയേഷന് (സെപ്സിയ) വ്യക്തമാക്കി.
പ്രശ്നങ്ങള്‍ ഒഴിവാക്കി സുഗമമായ പ്രവര്‍ത്തനത്തിന് അവസരമൊരുക്കാന്‍ രൂപീകരിച്ച കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (സെസ്) ഇപ്പോള്‍ പ്രശ്നങ്ങളുടെ ഊരാക്കുടുക്കിലാണെന്ന് സെപ്സിയ പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ കെ.കെ.പിള്ള ചൂണ്ടിക്കാട്ടി. മറ്റ് വ്യവസായങ്ങളെപ്പോലെ ഇന്ത്യയിലെ വിപണിയുമായി ബന്ധമില്ലാത്ത സെസിന് ലോകരാജ്യങ്ങളുമായാണ് മത്സരിക്കേണ്ടത്. രാജ്യത്തെ ഇതര വ്യവസായങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇവിടെ ബാധകമാക്കാന്‍ പറ്റില്ലെന്ന് തുടക്കം മുതലേ ബന്ധപ്പെട്ടവര്‍ക്കെല്ലാം അറിവുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം അവഗണിച്ചുകൊണ്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന ജല, വൈദ്യുതി നിയന്ത്രണങ്ങള്‍ മിക്ക വ്യവസായ യൂണിറ്റുകളുടേയും പ്രവര്‍ത്തനം മന്ദീഭവിപ്പിച്ചിരിക്കയാണെന്ന് അദ്ദേഹം ‘ജന്മഭൂമി’യോട് പറഞ്ഞു. കൊച്ചി പ്രത്യേക സാമ്പത്തികമേഖല നാഥനില്ലാക്കളരിയായെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി പവര്‍ ഡിസ്ട്രിബ്യൂട്ടിങ്ങ് ലൈസന്‍സ് ഉള്ളതിനാല്‍ നേരിട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കെഎസ്ഇബിക്ക് കഴിയാത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെയപേക്ഷിച്ച് 25 ശതമാനം വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ അവര്‍ ഉത്തരവിട്ടിരിക്കുകയാണ്. കയറ്റുമതിക്കുറവ് മൂലം കഴിഞ്ഞ വര്‍ഷം വൈദ്യുതി ഉപഭോഗം കുറവായ യൂണിറ്റുകളാണ് ഏറെയും. കഴിഞ്ഞ ഒരു വര്‍ഷത്തെ ശരാശരി ഉപഭോഗത്തിന്റെ 25 ശതമാനം കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഇത്തരത്തില്‍ അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം കൂട്ടാന്‍ ശ്രമിക്കുമ്പോള്‍ വൈദ്യുതിച്ചെലവും കൂടും. കൂടുതല്‍ വിദേശനാണ്യം നേടണമെന്ന് കേന്ദ്രം ആവശ്യപ്പെടുമ്പോള്‍ വൈദ്യുതി നിയന്ത്രിച്ച് ഉത്പ്പാദനം കുറയ്ക്കാനുള്ള നിര്‍ദ്ദേശം വിരോധാഭാസമാണ്.
പല കാരണങ്ങളാല്‍ പ്രവര്‍ത്തനച്ചെലവ് കൂടുമ്പോള്‍ ഉല്‍പ്പാദനം കൂട്ടി നഷ്ടം കുറയ്ക്കാനാണ് വ്യവസായികള്‍ ശ്രമിക്കുക. ഈ സാഹചര്യത്തില്‍ തങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാതെ വീടുകളിലെപ്പോലെ സെസിലും വൈദ്യുതി നിയന്ത്രിക്കുന്നത് അപലപനീയമാണ്. ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഗുജറാത്ത് മാതൃകയിലുള്ള പുരോഗതിക്ക് കാരണം അടിസ്ഥാന സൗകര്യ ലഭ്യതയാണ്. ഗുജറാത്തിലും കേരളത്തിലെ ഉദ്യോഗസ്ഥര്‍ ധാരാളമുണ്ട്. ഇച്ഛാശക്തിയില്ലാത്തതാണ് കേന്ദ്ര-സംസ്ഥാന ഭരണ നേതൃത്വങ്ങളുടെ പ്രശ്നമെന്നും പിള്ള പറഞ്ഞു. വെള്ളത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് പ്രശ്നം. സെസിനെ നയിക്കാന്‍ അധികാരപ്പെട്ട ഡെവലപ്മെന്റ് കമ്മീഷണറുടെ അഭാവമാണ് മേഖലക്കുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ നീണ്ടുപോകാനിടയാക്കുന്നത്. വ്യവസായികളുടെ കൂട്ടായ്മയും പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കുന്നതുകൊണ്ടുമാണ് മേഖലയുടെ സ്തംഭനം ഒഴിവാകുന്നത്. അതിവേഗം നടന്നിരുന്ന കാര്യങ്ങള്‍ ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുകയാണ്. പ്രത്യേക മേഖല തുടങ്ങിയതിനുശേഷം ഇത്രയും വലിയ അരാജകത്വം ഉണ്ടാകുന്നത് ആദ്യമാണെന്നും കെ.കെ.പിള്ള പറഞ്ഞു.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: