വടക്കാഞ്ചേരി : വിവാഹസര്‍ട്ടിഫിക്കറ്റും വാങ്ങി ഭര്‍ത്താവിനൊപ്പം വരികയായിരുന്ന നവവധു ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ചു. ഒറ്റപ്പാലം പണിക്കവീട്ടില്‍ ഷമീറിന്റെ ഭാര്യ അനീഷ (19) ആണ് ദാരുണമായി മരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ഓടെ അകമല വാഴക്കോട് പെട്രോള്‍ പമ്പിനു സമീപമാണ് അപകടം.
വടക്കാഞ്ചേരി ഭാഗത്തുനിന്നും ഒറ്റപ്പാലത്തേക്കു പോയിരുന്ന നവദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തൊട്ടു മുന്നില്‍ പോയിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ കാറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ അനീഷയുടെ തല റോഡില്‍ ഇടിച്ചാണ് ദാരുണ മരണം.
അപകടം ഉണ്ടായ ഉടന്‍തന്നെ വടക്കാഞ്ചേരി ആക്ട്സിന്റെ സഹായത്തോടെ ഓട്ടുപാറ ഗവ. ആശുപത്രിയിലും തുടര്‍ന്ന് മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സെപ്തംബര്‍ 23നാണ് ഒറ്റപ്പാലം സ്വദേശിയായ ഷമീറും തൃശൂര്‍ മുടിക്കോട് സ്വദേശിയായ കറുപ്പന് വീട്ടില്‍ അബ്ബാസിന്റെ മകള്‍ അനീഷയും തമ്മില്‍ വിവാഹിതരായത്.
വിവാഹസര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് ഇരുവരും കഴിഞ്ഞ ദിവസം മുടിക്കോട് എത്തിയത്. സര്‍ട്ടിഫിക്കറ്റും വാങ്ങി തിരിച്ച് ഒറ്റപ്പാലത്തിനു പോകുമ്പോഴാണ് അപകടം നടന്നത്. വടക്കാഞ്ചേരി സിഐ കെ.എം.സുലൈമാന്‍, എസ്ഐ കെ.ജി.രവീന്ദ്രന് എന്നിവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: