കൊല്ലം: ദേശീയ ഏകതയുടെ സന്ദേശവുമായി അതിര്‍ത്തികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് മടങ്ങിയെത്തിയ സംഘത്തിന് കൊല്ലം നഗരത്തില്‍ ഊഷ്മള സ്വീകരണം. ഫിന്‍സ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ പശ്ചിമ ബംഗാളില്‍ ഭാരത- ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിയവര്‍ കൊല്ലത്തെ പൗരാവലിക്കു മുന്നില്‍ അനുഭവങ്ങളുടെ കെട്ടഴിച്ചു.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് കൊല്ലം നഗരത്തില്‍ കൂലിവേലയ്ക്കെത്തിയിരിക്കുന്ന പലരെയും ഖുദിബിട്ടാ പോലെയുള്ള ഗ്രാമങ്ങളില്‍ കണ്ടത് തങ്ങളെ അതിശയപ്പെടുത്തിയെന്ന് സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ചാത്തന്നൂര്‍, മീയണ്ണൂര്‍, ആദിച്ചനല്ലൂര്‍, കൊട്ടിയം പോലെയുള്ള സ്ഥലനാമങ്ങള്‍ പറഞ്ഞാണ് അവര്‍ തങ്ങളോട് സംവദിച്ചത്. വികസനവും പരിഷ്ക്കാരവുമില്ലാത്ത ഈ ഗ്രാമീണമേഖലയ്ക്ക് കൂടുതല്‍ കരുതല്‍ നല്കുമ്പോഴേ അതിര്‍ത്തി ഭദ്രത ഉറപ്പാക്കാനാവൂ എന്നും സംഘാംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ചിന്നക്കട പ്രസ്ക്ലബ്ബ് മൈതാനിയില്‍ നടന്ന സ്വീകരണയോഗത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി. ബാബുക്കുട്ടന് മുഖ്യപ്രഭാഷണം നടത്തി. രാഷ്ട്ര സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയക്കാരുടെ നിലപാടുകള്‍ രാഷ്ട്രത്തെ പരാജയത്തിലേക്ക് എത്തിച്ചു. അതില്‍ നിന്ന് പാഠം പഠിക്കാന്‍ രാഷ്ട്രീയ നേതൃത്വം തയാറായിട്ടില്ല എന്നതാണ് അസാം കലാപത്തില്‍ എത്തിച്ചിരിക്കുന്നത്. അതിര്‍ത്തികളിലെ സുരക്ഷാ സംവിധാനം മനസ്സിലാക്കി അതിന്റെ പാളിച്ചകള്‍ സര്‍ക്കാരിനെയും മറ്റും ധരിപ്പിക്കുകയാണ് യാത്രാ സംഘത്തിന്റെ ലക്ഷ്യം. അതിര്‍ത്തി പ്രദേശങ്ങള്‍ കീഴടക്കുക വഴി രാഷ്ട്രത്തെ തകര്‍ക്കുവാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ പോലും ഇതുസംഭവിക്കുകയാണെന്ന് സമീപകാല സംഭവങ്ങള്‍ നമ്മേ ബോധ്യപ്പെടുത്തുന്നതായി ബാബുക്കുട്ടന് ചൂണ്ടിക്കാട്ടി.
അനുഭവങ്ങള്‍ യാത്രാസംഘത്തിന്റെ പ്രമുഖ് സി. പ്രദീപ് വിശദീകരിച്ചു. എല്ലാവിധ ആധുനിക സംവിധാനങ്ങളും ഉണ്ടായിട്ടും വെറും നോക്കുകുത്തികളായി നില്ക്കാന് മാത്രമാണ് തങ്ങളുടെ വിധിയെന്ന് പശ്ചിമബംഗാളിലെ അതിര്‍ത്തി ഗ്രാമമായ ജയ്പാല്‍ഗുഡിയിലെ സൈനികര്‍ പറഞ്ഞതായി പ്രദീപ് പറഞ്ഞു.
അതിര്‍ത്തിയില്‍ യാതൊന്നും ചെയ്യാന്‍ അനുവദിക്കാത്ത ദേശീയ സര്‍ക്കാരും ഈപ്രദേശത്ത് തിരിഞ്ഞുനോക്കാത്ത പശ്ചിമബംഗാള്‍ സര്‍ക്കാരും രാഷ്ട്രസുരക്ഷയെ അപകടപ്പെടുത്തുകയാണ്. ദേശീയപതാകയുമേന്തി ദേശഭക്തിഗാനങ്ങള്‍ പാടി മനുഷ്യചങ്ങല തീര്‍ത്ത് തങ്ങളോടൊപ്പം പങ്കുചേര്‍ന്ന ആ നാട്ടിലെ നിരക്ഷര ഗ്രാമീണര്‍ ഉജ്ജ്വല ദേശീയബോധത്തിന് ഉടമകളാണെന്ന് ബോധ്യപ്പെട്ടതായി പ്രദീപ് പറഞ്ഞു. എ. രാജീവ് (മീനാട് ഉണ്ണി), സി. പ്രദീപ്, പ്രവീണ്‍, ജിനുരാജ്, ദിനുരാജ്, പ്രശാന്ത്, അരുണ്കൃഷ്ണന്, മുകേഷ്, ബിനു.എസ് എന്നിവരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. വിവിധ സംഘടനാ നേതാക്കളായ എസ്. വരദരാജു, വി. മുരളീധരന്, മോഹനന് ഉണ്ണിത്താന്, എം. സുനില്‍, എസ്. ഗോപകുമാര്‍, സി. തമ്പി, എസ്. രഞ്ചന്‍, എന്‍. മണികണ്ഠന് എന്നിവര്‍ സംഘാംഗങ്ങളെ തിലകം ചാര്‍ത്തി സ്വീകരിച്ചു. മേജര്‍ എം.പി.എന്‍. പിള്ള അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്‍എസ്എസ് നഗര്‍കാര്യവാഹ് കെ.വി. സെന്തില്‍കുമാര്‍ സ്വാഗതവും രാജു മുണ്ടയ്ക്കല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: