കേരളം പിറന്നുവീഴുമ്പോള്‍ നെല്ല് കൃഷി ചെയ്യുന്ന 15 ലക്ഷം ഹെക്ടര്‍ വയലുകളുണ്ടായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ക്രമേണ അതു കുറഞ്ഞ് കുറഞ്ഞ് ഇന്ന് 5 ലക്ഷം ഹെക്ടറിലെത്തി. ഇതില്‍ തന്നെ ഏതാണ്ട് പകുതിയോളം തരിശോ, മറ്റു വിളകള്‍ കൃഷി ചെയ്യുന്നവയോ ആണ്. ഇതിന് കാരണം പറയുന്നത് നെല്‍കൃഷി നഷ്ടമാണെന്നാണ്. എന്തുകൊണ്ട് നെല്‍കൃഷി നഷ്ടമാകുന്നു? ഉല്‍പ്പാദനച്ചെലവിനേക്കാള്‍ വളരെ കുറവാണ് ഉല്‍പ്പന്നത്തിന് കിട്ടുന്ന വില. ഏതാണ്ട് മൂന്നിലൊന്നോളം മാത്രമാണ് ഉല്‍പ്പന്നത്തിന് വിലയായി കിട്ടുന്നത്! ഇവിടെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു! 1) ഉല്‍പ്പാദനച്ചെലവ് വളരെ കൂടുതലാണെന്നതുകൊണ്ട് നിര്‍ത്തിവയ്ക്കാന്‍ കഴിയുന്നതാണോ നെല്‍കൃഷി? 2) മറ്റു വിളകള്‍ കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന ആദായംകൊണ്ട് നെല്‍കൃഷി മൂലമുണ്ടാവുന്ന നഷ്ടത്തെ പൂര്‍ണമായും മറികടക്കാന്‍ കഴിയുമോ? അതായത് ഭക്ഷണാവശ്യങ്ങള്‍ കഴിഞ്ഞു മിച്ചം പിടിക്കാന്‍ കഴിയുമോ? 3) നാണ്യവിളകള്‍ക്ക് എല്ലാക്കാലവും വിപണിയുണ്ടാവുമോ? 4) ഇത്ര ലഘുവായി കാണാന്‍ കഴിയുന്ന ഒന്നാണോ ഭക്ഷ്യ സുരക്ഷ? 5) മറ്റു സംസ്ഥാനങ്ങള്‍ നമ്മുടെ ഭക്ഷണാവശ്യങ്ങള്‍ എല്ലാക്കാലവും നിറവേറ്റിത്തരുമോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കേരളത്തിന്റെ ഭാവിയിലേയ്ക്കുള്ള ചൂണ്ടുപലകയായിരിക്കുമെന്ന് കരുതുന്നു.
ഒരു ജനതയും അവര്‍ക്കാവശ്യമുള്ള മുഴുവന്‍ സാധനങ്ങളും സ്വയം ഉല്‍പ്പാദിപ്പിക്കേണ്ടതില്ല! എന്നൊരു ധാരണ ഇന്ന് പ്രചരിച്ചു വരുന്നുണ്ട്. ഇത് ആധുനിക കമ്പോളവല്‍കൃത സമൂഹത്തിന്റെ കാഴ്ച്ചപ്പാടാണെന്നതിനേക്കാള് കമ്പോളവല്‍ക്കരണ ദല്ലാളുകളുടേതാണ് എന്നു പറയുന്നതായിരിക്കും ശരി. പൗരാണിക കാലത്തെ ബാര്‍ട്ടര്‍ സംവിധാനത്തില്‍ കൂലി, ലാഭം, ചൂഷണം, മുതലെടുപ്പ്, അവസരവാദം എന്നീ മേമ്പൊടികള്‍ ഇല്ലായിരുന്നു. തന്റെ ഉല്‍പ്പന്നം കൊടുത്ത് തനിക്കാവശ്യമുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, എന്നതിന്റെ ഇടയില്‍ മേല്‍ പരാമര്‍ശിച്ച മേമ്പൊടികള്‍ കൂടി ചേര്‍ന്നപ്പോള്‍ ആധുനിക കമ്പോള വ്യവസ്ഥയായി.
തന്റെ ഉല്‍പ്പന്നം കൊടുത്തു തനിക്കാവശ്യമുള്ള മറ്റ് ഉല്‍പ്പന്നങ്ങള്‍ വാങ്ങുക, എന്നതിന്റെ ഇടയില്‍ മേല്‍ പരാമര്‍ശിച്ച മേമ്പൊടികള്‍ കൂടി ചേര്‍ന്നപ്പോള്‍ ആധുനിക കമ്പോളവ്യവസ്ഥയായി. ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി വില ഉറപ്പാക്കുക, അതിനുവേണ്ടി ആവശ്യമെങ്കില്‍ അവ കാലങ്ങളിലേക്ക് സൂക്ഷിച്ചുവയ്ക്കുക, ലാഭത്തിന്റെ തോത് ഉയര്‍ത്താന്‍ വേണ്ടി ആവശ്യമെങ്കില്‍ മൂല്യശോഷണം നടത്തുക, (വിലയും മൂല്യവും വ്യത്യസ്തമാണ്) ചുരുക്കത്തില്‍ “മറുവശത്തുനില്ക്കുന്നവന്റെ നിസ്സഹായത തനിക്ക് ലാഭമുണ്ടാക്കാനുള്ള സുവര്ണ്ണാവസരമാണെന്ന കാഴ്ച്ചപ്പാട്” തുടങ്ങിയ ആധുനിക ശാസ്ത്രാനുസാരിയും എന്നാല്‍ പ്രാകൃതവുമായ നടപടികള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, പൂര്‍ണമായ പരാശ്രയം ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണെന്ന് തിരിച്ചറിയണം. കൂടാതെ ഉല്‍പ്പാദന വര്‍ധനവിനുവേണ്ടി ഉപയോഗിക്കുന്ന രാസ ഉത്തേജകങ്ങള്‍ ഉയര്‍ത്തുന്ന അനാരോഗ്യ ഭീഷണിയും കൂടി കണക്കിലെടുത്താല്‍ ഉല്‍പ്പാദനച്ചെലവ് കൂടുതലാണെങ്കില്‍ പോലും സ്വന്തമായി കുറച്ചെങ്കിലും ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിക്കുന്നത് നന്നായിരിക്കും. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം അനുഭവിക്കുമ്പോഴുണ്ടാവുന്ന ആത്മസംതൃപ്തിയും അനുഭവിക്കാം.
നെല്ലിന് പകരം മറ്റു വിളകള്‍ കൃഷി ചെയ്യുമ്പോള്‍ കൂടുതല്‍ പണമുണ്ടാക്കാനും അതുവഴി ജീവിതം സുഖകരമാക്കാനും കഴിയുമോ? നെല്‍കൃഷി ചെയ്യുന്നയാള്‍ക്ക് ഉപ ഉല്‍പ്പന്നങ്ങളായ തവിട്, വൈക്കോല്‍ ഇവ കന്നുകാലികളെ വളര്‍ത്തുന്നതിനുപയോഗിക്കാം. അതുവഴി പാല്, തൈര്, നെയ്യ് എന്നീ പോഷകഗുണമുള്ള ഭക്ഷ്യ വിഭവങ്ങള്‍ കൂടാതെ കൃഷിക്കാവശ്യമായ ചാണകവും കിട്ടും. വേണ്ടിവന്നാല്‍ ചാണകമുപയോഗിച്ച് പാചകവാതകമുണ്ടാക്കാനും കഴിയും.
വാതകമുണ്ടാക്കിയശേഷം കിട്ടുന്ന അവശിഷ്ടം ചാണകത്തേക്കാള്‍ പോഷകഗുണമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കന്നുകളെ ഉപയോഗിച്ചാണ് പണ്ട് നിലം ഒരുക്കിയിരുന്നതെന്നത് ആരും മറന്നിട്ടുണ്ടാവില്ല. ഈ ഒരു ചാക്രിക പൂര്‍ണത മറ്റേത് കൃഷിക്കുണ്ട്? മറ്റു കൃഷി ചെയ്താല്‍, ഉദാഹരണത്തിന് ഇഞ്ചി, മഞ്ഞള്‍, കുരുമുളക്, ഏലം, ജാതി, തെങ്ങ്, റബ്ബര്‍ തുടങ്ങിയ വിളകള്‍ ധനസമ്പാദനത്തിന് പറ്റിയവയായി കണക്കാക്കപ്പെടുന്നു. ഇതില്‍ തെങ്ങ് ഒരേ സമയം ഭക്ഷ്യവിളയും നാണ്യവിളയുമാണ്. മുന്‍പ് വ്യാപകമായി കേരളത്തില്‍ മാത്രം കൃഷി ചെയ്തിരുന്നു എന്നു മാത്രമല്ല, കേരളത്തിന് തേങ്ങയുടേയും അനുബന്ധ ഉല്‍പ്പന്നങ്ങളുടേയും കുത്തക ഏതാണ്ട് നഷ്ടപ്പെട്ടു കഴിഞ്ഞു. ഇഞ്ചിക്കൃഷി സ്ഥായിയായി വിശ്വാസമര്‍പ്പിക്കാന്‍ പറ്റിയ കൃഷിയായി കണക്കാക്കാന്‍ കഴിയില്ല.
ലോട്ടറിപോലെ കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി ഇതാണ് സ്ഥിതി. മഞ്ഞള്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടേയും ഔഷധങ്ങളുടേയും നിര്‍മാണത്തില്‍ ഉപയോഗപ്പടുന്നതുകൊണ്ട് അതിന് സ്ഥിര വിപണി പ്രതീക്ഷിക്കാം. എന്നാലും കൃഷി വ്യാപകമായാല്‍ വില കുറയുമെന്ന ഭീതി നിലനില്ക്കുന്നു. കുരുമുളക്, ഏലം, റബര്‍ എന്നിവ തോട്ടവിളയായി കൃഷി ചെയ്യപ്പെടുന്നവയാണ്. വന്‍ തോതില്‍ കൃഷിയിറക്കാതെ ലാഭം പ്രതീക്ഷിക്കാന്‍ കഴിയില്ല. കുരുമുളക് കൃഷി കേരളത്തില്‍ ഏതാണ്ട് നശിച്ചു കഴിഞ്ഞു. ഏലം മറ്റു രാജ്യങ്ങളിലെ ഉല്‍പ്പാദനത്തിനനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചില്‍ കാണിക്കും. റബര്‍ പൂര്‍ണമായും വ്യവസായാധിഷ്ഠിത നാണ്യവിളയാണ് വ്യവസായ മാലിന്യം ഉണ്ടാക്കുന്നതുകൊണ്ട് പ്ലാസ്റ്റിക് പോലെ പുനരുപയോഗവ്യവസായ മേഖല അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, റബ്ബര്‍, മഞ്ഞള്‍ എന്നിവയുടെ വില വന്‍കിട വ്യവസായ ലോബികളാണ് നിയന്ത്രിക്കുന്നത്. ചുരുക്കത്തില്‍ സ്ഥിരമായി വരുമാനം ഉറപ്പുനല്‍കിക്കൊണ്ട് ജീവിതം ഭാസുരമാക്കാന്‍ ചെറുകിട, ഇടത്തരക്കാരെ സംബന്ധിച്ചിടത്തോളം നാണ്യവിളകള്‍ സഹായിക്കുകയില്ല.
ജനിക്കുകയും വളരുകയും ചെയ്യുന്ന ഏതൊന്നിനും ഭക്ഷണം അത്യാവശ്യമാണ്. ഭക്ഷണമില്ലെങ്കില്‍ വളര്‍ച്ചമുരടിച്ച് അചിരേണ അത് നശിച്ചുപോകും. യുദ്ധങ്ങളിലും മറ്റും ഉപരോധങ്ങളിലൂടെ ശത്രുരാജ്യങ്ങളെ മുട്ടുകുത്തിച്ച എത്രയോ ചരിത്രം നാം വായിച്ചിട്ടുണ്ട്! ബംഗാള്‍ ക്ഷാമവും ചൈനായുദ്ധകാലത്തെ ഭക്ഷ്യദൗര്‍ലഭ്യവും മറ്റും അത്രവേഗം നമുക്ക് മറക്കാന്‍ കഴിയുമോ? മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍നിന്ന് പച്ചക്കറികള്‍ വരാതെയായപ്പോള്‍ ഉണ്ടായ ബുദ്ധിമുട്ട് നാം മറന്നകൂടാ! കേരളീയരെ പോലെ തന്നെ മറ്റു സംസ്ഥാനക്കാരും ചിന്തിച്ചു തുടങ്ങിയാല്‍, അവരും ആവശ്യത്തിനുമാത്രം ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ചശേഷം ബാക്കി നാണ്യവിളകള്‍ കൃഷി ചെയ്യാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.
ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്ന ഫെഡറല്‍ സംവിധാനം മറ്റ് സംസ്ഥാനങ്ങളെ ഏതെങ്കിലും കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാരിനെ വിലക്കുന്നുണ്ട്. മാത്രമല്ല കേരളമൊഴികെ മേറ്റ്ല്ലാ സംസ്ഥാനങ്ങളും പ്രാദേശിക വാദം വളര്‍ത്തി അവരുടെ ആവശ്യങ്ങള്‍ നേടിക്കൊണ്ടിരിക്കുകയുമാണ്. ഇതില്‍ കൂടുതലൊന്നും ഇക്കാര്യത്തില്‍ പറയേണ്ടതില്ല.
ഈ സാഹചര്യത്തില്‍ കര്‍ഷകരെ എങ്ങനെ നെല്‍കൃഷിക്ക് പ്രേരിപ്പിക്കാം എന്നാണ് നാം ചിന്തിക്കേണ്ടത്.
വ്യാവസായിക ഉല്‍പ്പന്നത്തിന്റെ വില വ്യവസായി നിശ്ചയിക്കുന്നതുപോലെ, കാര്‍ഷികോല്‍പ്പന്നത്തിന്റെ വില നിശ്ചയിക്കാന്‍ കര്‍ഷകനെ അനുവദിക്കുക. നെല്ലിന്റെ വില ഉല്‍പ്പാദനച്ചെലവുമായി ബന്ധപ്പെടുത്തുക. കൃഷിയെ ഒരു തൊഴില്‍ രംഗമായി അംഗീകരിച്ചുകൊണ്ട് വളം, കൂലി, ചുമട്ടുകൂലി, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവയും, അവന്റെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകുന്ന മാര്‍ജിനും കൂടിച്ചേര്‍ത്ത് വില നിശ്ചയിക്കണം. അങ്ങനെ നിശ്ചയിക്കുന്ന വില സാധാരണക്കാരന് താങ്ങാന്‍ കഴിയാത്തതാണെങ്കില്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്കും ഇടത്തരക്കാര്‍ക്കും ലഭ്യമാക്കുന്നതിനുവേണ്ടി അതേ വിലയ്ക്ക് ലെവിയായി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. സ്വന്തം ആവശ്യത്തിനുള്ള നെല്ല് സ്വയം ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി മറ്റ് മേഖലകളില്‍ സംവരണം, സഹായധനം എന്നിവ ഏര്‍പ്പെടുത്തണം. വിപണനത്തിനുവേണ്ടി നെല്‍കൃഷി ചെയ്യുന്നവര്‍ക്ക് പരമാവധി വില കിട്ടുന്നതിനുതകുന്ന വിപണനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. നെല്‍കൃഷിയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യാന്‍ തയ്യാറാകുന്ന കര്‍ഷകതൊഴിലാളികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യുകയും അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയും അവരുടെ മക്കള്‍ക്ക് പഠനത്തിനും ജോലിക്കും സംവരണം ഏര്‍പ്പെടുത്തുകയും വേണം. നികത്തിയിട്ടുള്ളതോ നാണ്യവിള കൃഷി ചെയ്യുന്നതോ ആയ നിലങ്ങള്‍ നെല്‍കൃഷി ചെയ്യുന്നതിനുവേണ്ടി പൂര്വസ്ഥിതിയിലാക്കുന്നവര്ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കണം. തരിശിട്ടിരിക്കുന്ന നിലങ്ങള്‍ നെല്‍കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് പാട്ടത്തിനോ പാതികാരത്തിനോ കൊടുക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തണം. നിലങ്ങള്‍ തരിശിടുന്നത് ശിക്ഷാര്‍ഹമാക്കണം. എന്നാല്‍ കൃഷി ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് ശിക്ഷയൊഴിവാക്കി വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണം.
നെല്‍കൃഷിക്കുവേണ്ടി വെള്ളവും വൈദ്യുതിയും എത്തിക്കുന്നതിന് മുന്‍ഗണന കൊടുക്കണം. നെല്‍കൃഷിയുമായി ബന്ധപ്പെടുന്ന എല്ലാ മേഖലയില്‍നിന്നും ഇടത്തട്ടുകാരെ ഒഴിവാക്കുകയും ആനുകൂല്യങ്ങളുടെ ദുരുപയോഗം കര്‍ശനമായി തടയുകയും വേണം. ഇങ്ങനെയുള്ള പദ്ധതികളിലൂടെ ഒരേ സമയം ഭൂവുടമകളെയും കര്‍ഷകത്തൊഴിലാളികളെയും ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ ഇവിടെ നെല്‍കൃഷി വര്‍ധിക്കുകയും സ്വയം പര്യാപ്തമായില്ലെങ്കില്‍ കൂടി മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാനെങ്കിലും നമുക്ക് കഴിയുകയും ചെയ്യും.
>> ടി.സുദര്‍ശന കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: