കല്‍പ്പറ്റ: വയനാട് എംപി, ജില്ലാ ഭരണാധികാരികള്‍ തുടങ്ങിയവര്‍ക്കെതിരെ കടുവയെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ടതിലും, വനത്തില്‍ തോക്കുമായി പ്രവേശിച്ചതിന്റെപേരിലും നിയമനടപടിക്ക് സാധ്യത. വനാതിര്‍ത്തിക്കുള്ളില്‍ കയറി കടുവകളെ വെടിവെക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പരസ്യമായി പ്രസംഗിച്ച എംപിയുടെ പേരില്‍ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. ഉത്തരവുണ്ടെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് കടുവകളെ വെടിവെക്കാനെന്ന പേരില്‍ മൂന്ന് ബാച്ചായി തിരിഞ്ഞ് കാട്ടിലേക്ക് പ്രവേശിച്ച സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സിന്റെ പ്രവര്‍ത്തിയും നിയമവിരുദ്ധമെന്ന് വിദഗ്ദ്ധര്‍.
വനമേഖലയില്‍ കടന്നുചെന്ന് ഒരു മൃഗത്തെപോലും വെടിവെക്കാന്‍ വനംവകുപ്പ് നിയമം അനുവദിക്കുന്നില്ല. ഈ അവസ്ഥയില്‍ പൊതുജനങ്ങളെ സാക്ഷിനിര്‍ത്തിയാണ് കടുവയെ വെടിവെക്കാന്‍ ഉത്തരവുണ്ടെന്ന് വയനാട് എം പി എം.ഐ.ഷാനവാസ് ബത്തേരിക്കടുത്ത് നായ്ക്കട്ടിയില്‍ പ്രസംഗിച്ചത്. തുടര്‍ന്ന് ജില്ലാ കലക്ടറും എസ്പിയും അടങ്ങുന്ന സംഘവും മറ്റ് രണ്ട് സംഘങ്ങളും തോക്കുമായി കാട്ടില്‍ കടുവയെ വെടിവെക്കാന്‍ പ്രവേശിച്ചിരുന്നു. ഇത് നിയമവിരുദ്ധമായ നടപടിയായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നു.
ജനവാസ കേന്ദ്രങ്ങളിലിറങ്ങി മൂന്ന് ആളുകളെയെങ്കിലും കൊന്നാല്‍ മാത്രമാണ് ഒരു വന്യമൃഗത്തെ വെടിവെക്കാന്‍ ഉത്തരവ് നല്‍കാവൂ. അതും വനാതിര്‍ത്തിക്ക് പുറത്തായിരിക്കണം. ഇങ്ങനെയെല്ലാമിരിക്കെ വനാതിര്‍ത്തിക്കുള്ളിലേക്ക് കയറിച്ചെന്ന് മൃഗങ്ങളെ വെടിവെക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നിയമനടപടികളുമായി ജില്ലയിലെ ചില സംഘടനകളും വനംവകുപ്പും രംഗത്തെത്തിയതായാണ് സൂചന. ജില്ലാ ഭരണാധികാരികള്‍ ഒരിക്കല്‍പോലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാന്‍ പാടില്ലെന്നിരിക്കെ, ഇവര്‍ക്കെതിരെ ഗ്രീന്‍ചാനല്‍ വഴി നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സംഘടനകള്‍ രംഗത്തുവന്നിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ വയനാട്ടില്‍ ഒരു ടൈഗര്‍ പാര്‍ക്ക് തുടങ്ങാനുള്ള നിര്‍ദ്ദേശം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിക്ക് സമര്‍പ്പിക്കുകയുണ്ടായി, ഈ അപ്പ്രൂവല്‍ എന്‍ടിസിഎ, എംഒഇഎഫ് എന്നിവര്‍ അംഗീകരിച്ചിട്ടുണ്ട്. വയനാട്ടിലെ ഭൂമിശാസ്ത്രപരമായ രീതിയും ജനസംഖ്യയും വയനാടിനെ ടൈഗര്‍ റിസര്‍വ്വ് ആക്കാന്‍ തെരഞ്ഞെടുക്കാന്‍ കാരണമാകും. വയനാട് വനമേഖലയുടെ ഭൂമിശാസ്ത്രപരമായ പഠനവും അതിന് തക്കവണ്ണമുള്ള സ്ഥലവും ലഭിക്കുന്ന മുറയ്ക്ക് ടൈഗര്‍ റിസര്‍വ്വ് ആയി പ്രഖ്യാപിക്കും. അല്ലാത്ത പക്ഷം വനമേഖലയായിതന്നെ തുടരും. ഇപ്പോള്‍ വയനാടിന്റെ അതിര്‍ത്തികള്‍ നാഗര്‍ഹോള, ബന്ദിപ്പൂര്‍, മുതുമല എന്നിവയുമായി ചേര്‍ന്നാണ് നില്‍ക്കുന്നത്. മറ്റ് മൂന്ന് മേഖലയും കടുവ സങ്കേതമായി പ്രഖ്യാപിച്ചുകഴിഞ്ഞു.
കേരളത്തില്‍ മൂന്നാമത്തെ ടൈഗര്‍ റിസര്‍വ്വ് ആയിരിക്കും വയനാട് എന്നാണ് നിലവിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ നിന്നും വ്യക്തമാകുന്നത്. ഈ വനമേഖലയിലാണ് കടുവയെ വെടിവെക്കാനായി എംപിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജില്ലാ കലക്ടറും, ജില്ലാ പോലീസ് സൂപ്രണ്ടും അടങ്ങുന്ന മൂന്ന് സംഘം പ്രവേശിച്ചത്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെങ്കിലും വനനിയമപ്രകാരം കടുവയെ വെടിവെക്കാന്‍ പരസ്യമായി പ്രേരണ നല്കിയ കുറ്റത്തിന് എംപിയുടെ പേരിലും തോക്കുമായി കാട്ടില്‍ പ്രവേശിച്ചതിന് ജില്ലാ ഭരണാധികാരികളുടെ പേരിലും കേസ്സെടുക്കാം.
>> ഫ്രാന്‍സിസ് പൗലോസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: