കൊച്ചി: നഷ്ടക്കണക്കുകള്‍ നിരത്തി സര്‍ചാര്‍ജ് ഈടാക്കാന്‍ റഗുലേറ്ററി കമ്മീഷനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കെഎസ്ഇബിയുടെ ബില്‍ കുടിശിക 1300 കോടിയോളം. 2011 മാര്‍ച്ച് 31 ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തികവര്‍ഷം ബോര്‍ഡിന് പിരിഞ്ഞുകിട്ടാനുണ്ടായിരുന്ന കിട്ടാക്കടം 1191.01 കോടി രൂപയായിരുന്നു. കഴിഞ്ഞ എട്ട് മാസത്തെ തുക കൂടിയാകുമ്പോള്‍ ഇത് 1300 കോടിയോളമായി വര്‍ധിച്ചിരിക്കുകയാണ്.
വൈദ്യുതി നല്കിയ വകയില്‍ ബില്‍ കുടിശിക വരുത്തിയിരിക്കുന്നതില്‍ വലിയൊരു പങ്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളുമാണ്. ജനങ്ങളെ പിഴിഞ്ഞ് കാശ് വാങ്ങുന്ന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളും കെഎസ്ഇബിക്ക് വൈദ്യുതി ഉപയോഗിച്ച വകയില്‍ നല്‍കാനുള്ളത് കോടികളാണ്.
വൈദ്യുതി ബില്‍ കുടിശിക വരുത്തിയിരിക്കുന്ന ഹൈടെന്‍ഷന്‍, എക്സ്ട്രാഹൈടെന്ഷന് ഉപഭോക്താക്കളുടെ എണ്ണം 500 ല്പരമാണ്. ഒരു കോടിയും അതിന് മുകളിലും ഉള്ള തുകകളാണ് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ കെഎസ്ഇബിക്ക് കൊടുത്തുതീര്‍ക്കാനുള്ളത്. ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെ ബില്‍ തുകകള്‍ കുടിശിക വരുത്തിയിരിക്കുന്നവര്‍ 700 ല്‍ പരം ഉപഭോക്താക്കളാണ്. 100 കോടിക്കു മേല്‍ വൈദ്യുതി ചാര്‍ജ് നല്കാത്തവരുടെ പട്ടികയില്‍ സംസ്ഥാന വാട്ടര്‍ അതോറിറ്റിയാണുള്ളത്. സഹകരണം, വ്യവസായം, ആഭ്യന്തരം (പോലീസ്) വകുപ്പുകളും വൈദ്യുതി ഉപയോയിച്ചവയില് കോടികളാണ് കെഎസ്ഇബിക്ക് ബാധ്യത വരുത്തിവച്ചിരിക്കുന്നത്.
മൂന്ന് മാസം തുടര്‍ച്ചയായി ബില്‍ തുക അടക്കാതിരുന്ന ഉപഭോക്താക്കളുടെ പവര്‍ മീറ്റര്‍ നീക്കംചെയ്ത് വൈദ്യൂതിബന്ധം പൂര്‍ണമായും വിഛേദിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ ചെറിയ തുകകള്‍ അടക്കാത്തതിന്റെ പേരില്‍ ഫീസ് ഊരി വൈദ്യുതി വിതരണംതടയുന്ന കെഎസ്ഇബി അധികൃതര്‍ വന്കുടിശികക്കാരെ തൊടാന്‍ മെനക്കെടാറില്ല.
കുടിശിക പിരിവ് കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പൊതുതാല്പര്യഹര്ജി ഇപ്പോള്‍ കേരള ഹൈക്കോടതിയുടെ മുമ്പിലുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ സര്‍ചാര്‍ജ് ചുമത്തുവാന്‍ അനുമതി കാത്തുനില്ക്കുന്ന കെഎസ്ഇബിയുടെ 2011-12 ലെ പദ്ധതിരേഖയില്‍ കുടിശിക പിരിവിനെക്കുറിച്ച് സൂചന പോലുമില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
>> സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: