അതൃത്തിയിലെ ഗ്രാമീണരും സൈനികരും നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും നേരിട്ടറിയാനൊരു പ്രയത്നം. അവര്‍ക്ക് ഐക്യദാര്‍ഢൃം പ്രകടിപ്പിക്കാനും ആത്മവീര്യം പകരാനും ഒരു യജ്ഞം. രാഷ്ട്രീയസ്വയം സേവക സംഘത്തിന്റെ രാഷ്ട്രഭക്തിയുടെ കിരീടത്തില്‍ ഒരു തൂവല്‍കൂടി. “സര്‍ഹദ് കോ പ്രണാം” (അതൃത്തിക്ക് വന്ദനം)
പതിനായിരത്തോളം സ്വയംസേവകരാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും അതൃത്തിയിലെത്തിയത്. അതൃര്‍ത്തിയെ വന്ദിക്കാന്‍. നമ്മുടെ നാടിനും നാളെയ്ക്കുംവേണ്ടി മഞ്ഞും മഴയും വെയിലുമേറ്റ് ഉറക്കവും ഊണുമില്ലാതെ കാവലിരിക്കുന്ന സൈനികരെ അഭിനന്ദിക്കാന്‍. അവര്‍ക്ക് രക്ഷാസൂത്രം ബന്ധിക്കാന്‍. അതൃത്തിയിലെ മണ്ണും വനവും മരവും നീരും തൊട്ട് പൂജിക്കാന്‍. അവയൊക്കെ ജീവന് നല്‍കിയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞചെയ്യാന്‍. അതൃത്തിയില്‍ അതിജീവിക്കുന്ന ജനലക്ഷങ്ങളുടെ മനോവീര്യം വളര്‍ത്താന്‍ ഒരു സാഹസികയാത്ര.
അതൃത്തിയില്‍ മാത്രമല്ല രാജ്യത്തിനകത്തും സുരക്ഷിതമില്ലായ്മ ശക്തിപ്രാപിക്കുന്നു. എന്തുചെയ്യണമെന്നറിയാതെ ഭരണകൂടം പതറിയാലും നിശ്ചയദാര്‍ഡ്യവും നെഞ്ചുറപ്പുമുള്ള ജനങ്ങളാല്‍ സമ്പന്നമാണ് ഭാരതം. ഇത് അതിരുകാക്കുന്നവരെ ബോധ്യപ്പെടുത്താനുള്ള പ്രഥമ പ്രയത്നത്തിനു പ്രതീക്ഷയിലും കവിഞ്ഞ വിജയം. അതില്‍ ഈ യജ്ഞത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ചാരിതാര്‍ത്ഥ്യം. കുന്നും മലകളും വനങ്ങളും മണല്പരപ്പും സമതലവുമെല്ലാമുള്ള അതൃത്തിയിലെത്തിയ യുവാക്കള്‍ സന്ദേശങ്ങള്‍ കൈമാറുക മാത്രമല്ല നാട്ടുകാരുമായി ചേര്‍ന്ന് മനുഷ്യചങ്ങല സൃഷ്ടിച്ചു. രക്ഷാബന്ധന് നടത്തി. ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പമെന്ന് ഉറക്കെ പ്രഖ്യാപിച്ചു.
നവംബര്‍ 19 മുതല്‍ 23 വരെയാണ് നമ്മുടെ അതൃത്തിയിലെ 469 കാവല്‍ കവാടങ്ങളായ ഗ്രാമങ്ങളിലേക്ക് പതിനായിരത്തിലധികം യുവാക്കളെത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഇത് ആദ്യ സംഭവമാണ്. ഫോറം ഫോര്‍ ഇന്റഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി (ഫിന്‍സ്) എന്ന 2003ല്‍ ആരംഭിച്ച പ്രസ്ഥാനത്തിന്റെ ബാനറിലായിരുന്നു ഈ ദൗത്യം. സേനയിലെ വിരമിച്ച ഉദ്യോഗസ്ഥര്‍, ഐപിഎസ്, ഐഎഎസ് സര്‍വീസിലുണ്ടായിരുന്നവര്‍, വിരമിച്ച ന്യായാധിപന്മാര്, അഭിഭാഷകര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെയൊക്കെ കൂട്ടായ്മയാണ് ഫിന്‍സ്. ദേശീയ സുരക്ഷയെക്കുറിച്ച് ബോധവത്കരണമാണ് മുഖ്യലക്ഷ്യം. ഇന്ത്യയുടെ 187000 ചതുരശ്രകിലോമീറ്റര്‍ ഭൂമിയാണ് അതൃത്തിയില്‍ അന്യാധീനപ്പെട്ടുപോയത്. പാക്കിസ്ഥാനും ചൈനയും ഉള്‍പ്പെടെയുള്ള അതൃത്തിരാജ്യങ്ങള്‍ കയ്യേറി കൈവശംവച്ച ഭൂമി തിരിച്ചുപിടിക്കുക മാത്രമല്ല ഇനി ഒരിഞ്ചുഭൂമിപോലും നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകയും വേണം. അതിന് എന്തുംചെയ്യാന്‍ സദാ സജ്ജരാണ് നമ്മുടെ സൈനികര്‍. അവര്‍ക്ക് പിന്‍ബലമാണ് ഇന്നാവശ്യം. സൈന്യം പോലെതന്നെ പ്രാധാന്യം അതൃത്തികളില്‍ അധിവസിക്കുന്ന ജനങ്ങള്‍ക്കുമുണ്ട്. ഇവരുടെയെല്ലാം കണ്ണു പിഴച്ചാല്‍ നഷ്ടപ്പെടുന്നത് മാതൃഭൂമിയുടെ അതിരുകളാണ്. കണ്ണായ സ്ഥലങ്ങളാണ്.
നമ്മുടെ കര അതൃത്തിയുടെ നീളം 15200 കിലോമീറ്ററാണ്. ദ്വീപുകളടക്കം കടല്‍തീരമാകട്ടെ 7516.6 കിലോമീറ്ററും. ഏഴ് രാജ്യങ്ങളുമായാണ് ഇന്ത്യ അതൃത്തി പങ്കിടുന്നത്. പാക്കിസ്ഥാന് (3323 കിലോമീറ്റര്‍) ചൈന(3488) ബംഗ്ലാദേശ്(4096). അഫ്ഗാനിസ്ഥാന്, നേപ്പാള്‍, ഭൂട്ടാന്, മ്യാന്മര് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. കൂടുതല്‍ രാജ്യങ്ങളുമായി അതൃത്തി പങ്കിടുന്ന സംസ്ഥാനം ജമ്മുകാശ്മീരാണ്.
രാജ്യത്തിന്റെ മൊത്തം വിസ്തൃതി 3287623 ചതുരശ്രകിലോമീറ്റര്‍. വടക്കേ അറ്റംമുതല്‍ തെക്കേ അറ്റംവരെ 3214 കിലോമീറ്ററും കിഴക്കു മുതല്‍ പടിഞ്ഞാറുവരെ 2933 കിലോമീറ്ററും. വലുപ്പത്തില്‍ ലോകരാജ്യങ്ങളില്‍ ഏഴാംസ്ഥാനവും ജനസംഖ്യയില്‍ രണ്ടാം സ്ഥാനവുമുള്ള നമ്മുടെ രാജ്യത്തിന്റെ അതൃത്തികളില്‍ നിത്യം പ്രശ്നങ്ങളാണ്. പാക്കിസ്ഥാന് നാലുതവണയും ചൈന ഒരു തവണയും പ്രത്യക്ഷമായി യുദ്ധത്തിനൊരുങ്ങിയെങ്കില്‍ പരോക്ഷയുദ്ധം ദൈനംദിനമാണ്. കയ്യേറ്റശ്രമങ്ങളും വെടിവയ്പും നിരന്തരമുണ്ട്. ഏറ്റവും കൂടുതല്‍ ദൂരം അതൃത്തി പങ്കിടുന്ന ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റം നിര്‍ബാധം നടക്കുന്നു. അത് തടുക്കാനും തകര്‍ക്കാനും ശക്തവും ഫലപ്രദവുമായ നടപടിയില്ല. അതൃത്തി കാക്കുന്നവരുടെ പ്രയാസം അറിയാനും പരിഹരിക്കാനും സത്വര ശ്രമവും കുറവ്.
കാര്‍ഗില്‍ യുദ്ധത്തില്‍ 530 ഇന്ത്യന്‍ സൈനികരേ കൊല്ലപ്പെട്ടുള്ളൂ എന്നാണ് കഴിഞ്ഞദിവസം പ്രതിരോധമന്ത്രി എ.കെ.ആന്റണി ലോകസഭയില്‍ പറഞ്ഞത്.
എന്നാല്‍ അതിനുശേഷം 4000 സൈനികര്‍ അതൃത്തിയിലെ വെടിവയ്പിലും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലും വധിക്കപ്പെട്ടതായും പ്രതിരോധമന്ത്രി അറിയിച്ചിരിക്കുന്നു. നാടിനെയും നാട്ടുകാരെയും സംരക്ഷിക്കാനുള്ള പ്രയത്നത്തിടയില്‍ ഇങ്ങിനെ പിടഞ്ഞുവീണ സൈനികരുടെ ചോരയാല്‍ കുതിര്‍ന്ന മണ്ണുമായാണ് അതൃത്തിയെ വന്ദിക്കാന്‍ എത്തിയ ധീരദേശാഭിമാനികളായ സ്വയം സേവകര്‍ സ്വന്തം ഗ്രാമത്തില്‍ മടങ്ങിയെത്തിയത്. അവര്‍ക്ക് അതൃത്തിയില്‍ ലഭിച്ച സ്വീകരണം, സൈനികരിലേക്ക് പകര്‍ന്ന സന്ദേശം അത് വിവരിക്കുമ്പോള്‍ പലരും വിതുമ്പി, സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യമോര്‍ത്ത് സന്തോഷാശ്രു വീണു.
സൈന്യത്തെക്കുറിച്ച് പുറംലോകം പരത്തുന്ന പ്രചാരണങ്ങള്‍ എത്രമാത്രം ആപല്‍ക്കരമാണന്നതിന്റെ ഉദാഹരണം കൂടിയാണ് പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ നല്കിയ മറ്റ് വിവരങ്ങള്‍. സൈന്യത്തില്‍ മനുഷ്യാവകാശലംഘനം നടക്കുന്നതായി 169 പരാതി ലഭിച്ചത്രെ. അതില്‍ 162 എണ്ണം പച്ചക്കള്ളമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും എ.കെ.ആന്റണി പറയുകയുണ്ടായി. സൈനികരുടെ മനോബലം കെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണ് കള്ള പ്രചാരണങ്ങളെന്ന് വ്യക്തമാണ്. അതുകൊണ്ടൊന്നും തോല്‍ക്കുന്നവരല്ല ഇന്ത്യന്‍ സൈന്യമെന്ന് തീര്‍ച്ച.
പാലസ്തീനുവേണ്ടി വേവലാതിപ്പെടുകയും പണപ്പിരിവിനൊരുങ്ങുകയും ചെയ്യുന്നവര്‍ നമ്മുടെ ധീരജവാന്മാരുടെ രക്തസാക്ഷിത്ത്വത്തെ വിസ്മരിക്കുന്ന വിരോധാഭാസമാണ് നിത്യം കണ്ടുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ‘നാടിനുവേണ്ടി സര്‍വം ത്യജിക്കാനും മരണം വരിക്കാനും’ പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തകരുടെ അതൃത്തിയിലേക്കുള്ള യാത്ര. അതൃത്തി കാക്കുന്നവര്‍ക്ക് തോക്കുണ്ടെങ്കിലും വെടിവയ്ക്കാന്‍ അനുവാദമില്ലെന്ന പരിഭവമാണ് സര്‍ഹദ്കോ പ്രണാമിന്റെ ഭാഗമായി കേരളത്തില്‍നിന്നും ബംഗ്ലാദേശ് അതൃത്തിയിലെത്തിയവര്‍ക്ക് കേള്‍ക്കാനായത്. അതൃത്തിയില്‍ നമ്മുടെ നാട്ടുകാര്‍ കൃഷിചെയ്താലും കൊയ്യുന്നത് ബംഗ്ലാദേശുകാര്‍. ‘വിരുന്നു വന്നവര്‍, ഭരണം പറ്റി മുടിഞ്ഞു പണ്ടീ നാടാകെ’ എന്നു പാടിയതുപോലെയുള്ള അവസ്ഥ. നുഴഞ്ഞുകയറ്റക്കാര്‍ ബംഗാളിലും ആസാമിലും ആധിപത്യമുറപ്പിച്ചു. അവര്‍ക്ക് റേഷന്‍കാര്‍ഡും വോട്ടര്‍പട്ടികയില്‍ പ്രവേശനവുമൊരുക്കാന്‍ ഒരുങ്ങിപുറപ്പെട്ടവരുണ്ട്. തദ്ദേശിയര്‍ വീടും കൂടിലും കുടിയും വിട്ടോടേണ്ട സ്ഥിതി.
ഇന്ത്യാ-ചൈന ഭായി ഭായി മുദ്രാവാക്യം മുഴക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് ഇന്ത്യന്‍ മണ്ണില്‍ കടന്നു യുദ്ധം ചെയ്യുകയായിരുന്നല്ലൊ ചൈന. 1962 ഒക്ടോബര്‍ 20നാണ് ചൈന ലഡാക്ക് വഴി കടന്നുകയറി യുദ്ധം തുടങ്ങിയത്. ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെ താരാട്ട് പാടിക്കൊണ്ടിരിക്കവെ ഇതിന്റെ പിന്നില്‍ ചതി പതിയിരിക്കുന്നുണ്ടെന്ന് രാഷ്ട്രീയസ്വയം സേവകസംഘം മുന്നറിയിപ്പ് നല്‍കിയതാണ്.
അന്നത്തെ സര് സംഘ് ചാലക് ഗുരുജി പ്രകടിപ്പിച്ച ഉത്കണ്ഠ ശരിയെന്ന് തെളിയിച്ച യുദ്ധം തുടങ്ങിയപ്പോള്‍ പതറിപ്പോയ സര്‍ക്കാരിന് കരുത്തേകിയത് സംഘമാണ്. ഔദ്യോഗിക സംവിധാനങ്ങളെ സഹായിക്കാന്‍ സൈന്യത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ ആയിരക്കണക്കിന് സ്വയം സേവകര്‍ അതൃത്തിയിലേക്ക് നീങ്ങി. ഒരുമാസം നീണ്ടുനിന്ന യുദ്ധത്തിനിടയില്‍ സംഘപ്രവര്‍കത്തകരുടെ പ്രയത്നങ്ങള്‍ സര്‍വത്ര പുകഴ്ത്തപ്പെട്ടു. പ്രധാനമന്ത്രി നെഹ്റുവിനും നന്നേ ബോധിച്ചു. അതിനുള്ള അംഗീകാരമായി 1963ലെ റിപ്പബ്ലിക്ദിന പരേഡിനായി യൂണിഫോം അണിഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ റൂട്ടുമാര്‍ച്ചും വേണമെന്ന് നെഹ്റു ആഗ്രഹിച്ചു. രണ്ടുദിവസം മുന്‍പുമാത്രം ക്ഷണം ലഭിച്ച ആ പരിപാടിയില്‍ 3500ഓളംപേര്‍ സൈന്യത്തോടൊപ്പം ഇ്രസ്ഥ്രാനത്തിലെ രാജവീഥിയില്‍ ചുവടുവച്ചു. അക്കൊല്ലത്തെ പരേഡിലെ സവിശേഷത ആര്‍എസ്എസിന്റെ പഥസഞ്ചനമെന്ന് പരക്കെ പ്രശംസിക്കപ്പെട്ടു. ചൈനീസ് ആക്രമണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷമാണ് 2012.
“ചൈന കയ്യടക്കിയ മണ്ണ് പുല്ലുപോലും മുളക്കാത്തതെന്നായിരുന്നു അന്നത്തെ പ്രധാന മന്ത്രി നെഹ്റുവിന്റെ ന്യായം. പുല്ലുപോലും മുളയ്ക്കാത്ത ഇന്ത്യന്‍ മണ്ണ് ചൈനക്ക് വേണം. നമ്മുടെ മണ്ണ് നഷ്ടപ്പെട്ടതില്‍ നാട് കാക്കാന്‍ ഏല്‍പ്പിച്ചവര്‍ക്ക് സങ്കടമില്ല. നഷ്ടപ്പെട്ടത് ഇന്ത്യന്‍ മണ്ണാണോ എന്ന് മറ്റ് ചിലര്‍ക്ക് സംശയം. അവര്‍ക്കാണ് ചൈനചാരന്മാരെന്ന് വിളിപ്പേര് കിട്ടിയത്. “ഇന്ത്യ ഇന്ത്യയുടെതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന മണ്ണ് “എന്നായിരുന്നു അവരുടെ വാദം. നാട് നിലനില്ക്കണമെന്നതില് നിര്‍ബന്ധമില്ലാത്ത ഇക്കൂട്ടര്‍ക്ക് അധികാരം വീതംവച്ചെടുത്താല്‍ മതി. അതിലുമപ്പുറം അമ്മയെ കാത്തു രക്ഷിക്കുംപോലെ മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായിരുന്നു ‘സര്‍ഹദ്കോ പ്രണാം’ പദ്ധതി. ഇത്തരമൊരു യജ്ഞം നടത്തുന്നത് കൊട്ടിപ്പാടിയില്ല. നടന്ന ശേഷവും പാടി നടന്നില്ല. രാഷ്ട്രീയ ലക്ഷ്യമായിരുന്നെങ്കില് കോഴിയെപോലെ കോലാഹലം കാട്ടുമായിരുന്നു. കോഴി ഒരു കൊച്ചു മുട്ടയിട്ടാല്‍ നാലാളെ അറിയിച്ചാലല്ലെ സംതൃപ്തിയുള്ളൂ.
>> കെ.കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: