ഭാരതത്തിന്റെ മഹാനദിയേതെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളൂ. സിന്ധു. ഈ നാടിനും ജനതയ്ക്കും ഹിന്ദുസ്ഥാനമെന്നും ഹിന്ദുക്കളെന്നും പേര് സിദ്ധിച്ചതുതന്നെ സിന്ധുവെന്ന പേരില്‍ നിന്നാണല്ലൊ. ആയിരമായിരം വര്‍ഷങ്ങളായി സിന്ധു നദിയാണ് ഭാരതത്തിന്റെ അതിരായി സങ്കല്പ്പിക്കപ്പെട്ടിരുന്നത്. പക്ഷേ ഇന്ന് സിന്ധു പാക്കിസ്ഥാനി നദിയായിട്ടാണ് ലോകത്ത് അറിയപ്പെടുന്നത്. സിന്ധുയെന്ന പേര് പോലും പറയപ്പെടുന്നില്ല. ഇംഗ്ലീഷുകാര്‍ ഇട്ട ഇന്ഡഡ് എന്ന പേരാണ് അതിനുള്ളത്. സപ്തനദികളെ ആവാഹിക്കുന്ന ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി, നര്‍മദേ സിന്ധു കാവേരി ജലേസ്മിന് സന്നിധിം കുരും എന്ന ശ്ലോകത്തില്‍ സിന്ധു ഉള്‍പ്പെടുന്നു. ആദ്യമായി വേദമന്ത്ര ധ്വനികള്‍ ഉയര്‍ന്നത് സിന്ധു തടത്തിലായിരുന്നുവത്രെ. മേല്‍പ്പറഞ്ഞ നദികളില്‍ ഇന്ന് സരസ്വതി ഭൂമുഖത്തില്ല. ഏതോ കാലത്തെ മഹാ പ്രവാഹമായിരുന്ന അത് ഇന്ന് അന്തര്‍ധാരയായി മാറിയിരിക്കുന്നു. ഹിമാലയത്തിലെ ശിവാലി കുന്നുകളില്നിന്നുത്ഭവിച്ച പഞ്ചാബിലും രാജസ്ഥാനിലും കൂടെ ഒഴുകി ഭൃഗുകച്ഛം എന്ന പുരാണ പ്രസിദ്ധമായ ഭാഗത്തു ചെന്ന് അത് സമുദ്രത്തില്‍ എത്തിയിരുന്നുവെന്ന, നാസായുടെ ഉപഗ്രഹങ്ങള്‍ വഴി നടത്തിയ സര്‍വേയിലൂടെ ഇന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
കാലവര്‍ഷക്കാലത്ത് മഴ മൂലവും വേനല്‍ക്കാലത്ത് ഹിമാലയത്തെ മഞ്ഞുരുകിയും സിന്ധുവില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇന്ന് സിന്ധുനദിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഭാരതത്തിലൂടെ ഒഴുകുന്നുള്ളൂ. ലഡാക്കില്‍ ലേഹ്ന നഗരത്തിനടുത്ത് സിന്ധുനദിക്കരയില്‍ സിന്ധുദര്ശനം എന്ന ഉത്സവം ഏതാനും വര്‍ഷങ്ങളായി നടന്നു വരുന്നുണ്ട്. സിന്ധില്‍നിന്ന് ഭാരത വിഭജനകാലത്ത് മുസ്ലീംലീഗ് പീഡനം സഹിക്കാനാവാതെ വന്നപ്പോള്‍ ഭാരതത്തിലെത്തിയ സിന്ധി സമൂഹമാണ് ആ ഉത്സവത്തില്‍ പ്രമുഖമായും പങ്കെടുക്കുന്നത്. 1977 ല്‍ ജനതാ ഭരണകാലത്ത് എല്‍.കെ.അദ്വാനി വാര്‍ത്താവിതരണ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉത്സാഹത്തില്‍ ദല്‍ഹി സര്‍ക്കാരിന്റെ ചുമതലയിലാണ് സിന്ധു ദര്‍ശന ഉത്സവം ആരംഭിച്ചത്. പിന്നീട് കേന്ദ്ര സര്‍ക്കാര്‍ തന്നെ അത് വിജയിപ്പിക്കാന്‍ ഉത്സാഹിച്ചു. വിഭജനത്തെത്തുടര്‍ന്ന് തങ്ങള്‍ക്ക് നഷ്ടപ്പെട്ട സിന്ധു ദേവാരാധന പുനരാരംഭിക്കാന്‍ ആ സമൂഹത്തിന് സാധിച്ചു.
പക്ഷേ നമുക്ക് സിന്ധു നദിയെപ്പറ്റിയുള്ള അറിവ് വളരെ കുറവാണ്. സിന്ധുവെപ്പറ്റി മാത്രമല്ല ഗംഗ, ഗോദാവരി, ബ്രഹ്മപുത്ര തുടങ്ങിയ മറ്റുനദികളെപ്പറ്റിയും വളരെയൊന്നും നമുക്കറിയില്ലെന്ന് പറയാം. നദീമുഖം മുതല്‍ ഉത്ഭവ സ്ഥാനം വരെ സഞ്ചരിക്കുകയെന്ന സാഹസിക പ്രക്രിയയ്ക്ക് മുതിരുന്നവര്‍ പൊതുവെ ഭാരതത്തില്‍ കുറവാണ്. ഗംഗാനദിയുടെ ഉത്ഭവസ്ഥാനമായ ഗോമുഖി തീര്‍ത്ഥത്തിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകര്‍ ധാരാളമുണ്ട്. ഗംഗയുടെ ഉത്ഭവം തന്നെ ഭാരതത്തിലാണെന്നതിനാല് അതിന് നിയമപരമായ തടസ്സമില്ല. എന്നാല്‍ സിന്ധുവിന്റെയും ബ്രഹ്മപുത്രയുടെയും ഉത്ഭവം തിബത്തിലാണ്. തിബത്ത് ചീനയുടെതാണെന്ന് പണ്ഡിറ്റ് നെഹ്റു 1949 ല്‍ തന്നെ സമ്മതിച്ചുകൊടുത്തതിനാല് അങ്ങോട്ട് തീര്‍ത്ഥയാത്ര അസാധ്യമാണ്. തപോവനസ്വാമികളുടെ ഹിമഗിരി വിഹാരം പോലുള്ള, യാത്രാവിവരണവും വേദാന്തവും സമ്മേളിതമായ ഒരു ഗ്രന്ഥം അതിനാല്‍ ഇനി നമുക്ക് കിട്ടാന്‍ സാധ്യമല്ല. തപോവനസ്വാമികളാകട്ടെ ആ ഭാഗങ്ങളെല്ലാം കാല്‍നടയായി സഞ്ചരിച്ച് ലഭിച്ച ദര്‍ശനങ്ങള്‍ രേഖപ്പെടുത്തുകയാണ് ചെയ്തത്.
നമ്മുടെ ചരിത്രത്തിലും സിന്ധിനദിക്ക് സമുന്നതമായ സ്ഥാനം നല്കപ്പെട്ടിരിക്കുന്നു. ഭാരതത്തിന്മേല് നടന്ന ആദ്യ വിദേശീയാക്രമണം അലക്സാണ്ടറുടേതായിരുന്നല്ലോ. സിന്ധു നദീതീരമായിരുന്നു യുദ്ധരംഗം. പുരുഷപുരത്തെ (ഇന്നത്തെ പെഷവാര്‍) പുരൂരവസ് രാജാവുമായി ഉണ്ടായ യുദ്ധം ഭാരത ചരിത്രഗതിയെ തന്നെ മാറ്റിമറിച്ചു. ആ യുദ്ധത്തോടെ തുടര്‍ന്ന് മുന്നേറാന്‍ മടിച്ച അലക്സാണ്ടറും സൈന്യവും സിന്ധുനദിയിലൂടെ കപ്പലുകളില്‍ മടക്കയാത്ര ചെയ്തതായി ചരിത്രം പറയുന്നു.
നദീതീരത്തുള്ള അട്ടോക്ക് ദുര്‍ഗമായിരുന്നു ഭാരതത്തിന്റെ ഔട്ട്പോസ്റ്റ് ആയി കരുതപ്പെട്ടത്. അട്ടോക്ക് മുതല്‍ കട്ടക്ക് വരെ എന്നായിരുന്നു ഭാരതവര്‍ണന. ആസേതുഹിമാചലം എന്നതുപോലെ.
18-ാം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ നടുവൊടിച്ച പ്രേഷ്വാ ബാജി റാവു തന്റെ സൈന്യവുമായി നടത്തിയ ദിഗ്വിജയ യാത്ര അവസാനിച്ചത് അട്ടോക്കിലെത്തി, സിന്ധു നദിയില്‍ സ്നാനം ചെയ്തും കുതിരകളെ കുളിപ്പിച്ചും കുടിപ്പിച്ചുമായിരുന്നുവത്രെ. കൂട്ടത്തില്‍ പറയട്ടെ നാഥൂറാം വിനായക് ഗോഡ്സെ തൂക്കു മരത്തില്‍ കയറുന്നതിന് മുമ്പ് തന്റെ അന്ത്യാഭിലാഷമായി പറഞ്ഞത് വിഭജനം മാറി, ഭാരതം വീണ്ടും ഒന്നാകുമ്പോള്‍ തന്റെ ചിതാഭസ്മം സിന്ധുനദിയില്‍ നിമജ്ജനം ചെയ്യാനായി സൂക്ഷിക്കണമെന്നായിരുന്നു.
ആലിസ് അല്‍ബിനിയ എന്ന ബ്രിട്ടീഷുകാരി സിന്ധുനദിയുടെ പതനം മുതല്‍ ഉത്ഭവം വരെ നടത്തിയ യാത്രാവിവരണ ഗ്രന്ഥമായ ‘എബ്യേഴ്സ് ഓഫ് ദ ഇന്‍ഡസ്’ എന്ന പുസ്തകം വായിച്ചപ്പോഴാണ് ഈ ഓര്‍മകള്‍ പൊങ്ങിവന്നത്. ഒരു നദിയുടെ ചരിത്രം എന്നാണവര്‍ അതിനെ വിശേഷിപ്പിച്ചത്. ധാരാളം ചിത്രങ്ങളും മാപ്പുകളും സ്കെച്ചുകളും തന്റെ വിവരണങ്ങളെ പിന്തുണയ്ക്കാന്‍ അവര്‍ ഉപയോഗിച്ചിരിക്കുന്നു. കറാച്ചി തെക്ക് നദി അറബിക്കടലില്‍ ചേരുന്ന സ്ഥാനത്തുനിന്ന് പുറപ്പെട്ട് മുകളിലേക്ക് പോകവേ കടന്നുപോയ സ്ഥലങ്ങളുടെ ചരിത്രവും സംസ്ക്കാരവുമെല്ലാം അല്‍ബീനിയ പരാമര്‍ശിക്കുന്നു. കക്കൂസ് വൃത്തിയാക്കല്‍, അടിച്ചുവാരല്‍ തുടങ്ങിയ ഹീനപ്രവൃത്തികള്‍ ചെയ്യാനായി മുസ്ലീങ്ങളല്ലാത്ത 77000 കുടുംബങ്ങള്‍ കറാച്ചിയിലുണ്ടത്രെ. അവരെ വിഭജനക്കാലത്ത് ഭാരതത്തിലേക്ക് പോകാന്‍ മുസ്ലീങ്ങള്‍ സമ്മതിച്ചില്ല. കാരണം അത്തരം പ്രവൃത്തികള്‍ മുസ്ലീങ്ങള്‍ ചെയ്യാന്‍ പാടില്ല. അവരില്‍ ഒരു വിഭാഗം ക്രിസ്തുമതം സ്വീകരിച്ചു. പക്ഷേ ക്രിസ്ത്യാനികള്‍ക്കിടയിലും അവര്‍ക്ക് അയിത്തമുണ്ട്. കേരളത്തിലെ അവശക്രിസ്ത്യാനികളെപ്പോലെ അവര്‍ക്ക് വേറെ പള്ളിയും പാതിരിയും കുര്‍ബാനയുമാണ്. ല്യാരി എക്സ്പ്രസ്വേ എന്ന പുതിയ റോഡ് നിര്‍മിക്കാനായി 77000 പരം കുടുംബങ്ങളെയും വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി, കടല്‍ത്തീരത്ത് അധിവസിപ്പിച്ചുവത്രെ.
അറബി, എത്യോപ്യന്‍, പേര്‍ഷ്യന്‍ മുസ്ലീം ആക്രമണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ശേഷമുള്ള ചരിത്രം അല്‍ബീനിയ സാമാന്യമായി വിവരിക്കുന്നു. എന്നാല്‍ മഹാഭാരതത്തിലും മറ്റും പരാമര്‍ശിക്കുന്ന സിന്ധുദേശത്തെപ്പറ്റിയോ പ്രാങ്ങ് മൂസ്ലീം കാലഘട്ടത്തെപ്പറ്റിയോ പരാമര്‍ശങ്ങളില്ല.
ഒരു കാലത്ത് കടല്‍പോലെ പരന്നൊഴുകിയിരുന്ന സിന്ധുനദി വെള്ളമില്ലാത്ത മണല്പ്പരപ്പായാണ് സിന്ധില്‍ ഇന്നു കാണപ്പെടുന്നതത്രെ. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച സുക്കൂര്‍ അണക്കെട്ട് ലോകത്തെ ഏറ്റവും വിസ്തൃതമായ ജലസേചന പദ്ധതിയുടെ ഭാഗമായി. സിന്ധ് ഏറ്റവും വലിയ നെല്ലുല്‍പ്പാദന മേഖലയുമായി. അവിഭക്ത ഭാരതത്തിന്റെ ധാന്യോല്‍പ്പാദനത്തില്‍ നല്ലൊരു പങ്ക് അവിടുത്തേതായിരുന്നു. പക്ഷേ നദിയുടെ താഴ്ഭാഗം ആകെ ശുഷ്കമായി. നദിയില്‍ മീന്‍ പിടിച്ചും മറ്റും ജോലി ചെയ്തിരുന്ന പതിനായിരങ്ങള്‍ക്ക് ദുരിതമായി.
പഞ്ചാബിലെ നദികളില്‍ അണക്കെട്ടുകള്‍ വന്നതോടെ സിന്ധു വീണ്ടും ശുഷ്ക്കിച്ചു പോയി.
സിന്ധിനെ ഈസ്റ്റിന്ത്യാ കമ്പനിക്കാര് കൈവശപ്പെടുത്തിയതിലെ വഞ്ചനയും ചതിയും ഗ്രന്ഥകര്‍ത്രി ചുരുക്കി വിവരിക്കുന്നു. 1809 ല്‍ ഫ്രാന്‍സും റഷ്യയും ഭാരതത്തിലേക്ക് വികസിക്കാന്‍ നീക്കങ്ങള്‍ നടത്തിയപ്പോള്‍ അതിനെ തടയുന്നതിന് ഈസ്റ്റിന്ത്യാ കമ്പനികള്‍ നടത്തിയ കരുനീക്കങ്ങള്‍ തികഞ്ഞ വഞ്ചനയായിരുന്നു. സര് ജോണ്‍ മാല്‍ക്കം സര് ജോണ്‍ മക്ക് ലോയിഡ് എന്നിവരാണ് സിന്ധ് ആക്രമണത്തിന് നേതൃത്വം നല്കിയതത്രെ. അഫ്ഗാന് അതിര്‍ത്തിവരെയുള്ള ഭാഗങ്ങള്‍ റഷ്യന്‍ നോട്ടത്തില്‍ നിന്നകറ്റി നിര്‍ത്തുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. സിന്ധില്‍ ബുക്കുര്, ഹൈദരാബാദ് മുതലായ സ്ഥലങ്ങളില്‍ നവാബുമാരായി ഉടമ്പടികളുണ്ടാക്കി ക്രമേണ അവരില്‍നിന്ന് രാജ്യം പിടിച്ചെടുത്തു.
പഞ്ചാബിലൂടെ ഒഴുകുന്ന സിന്ധുവിന്റേയും അഞ്ച് പോഷകനദികളുടെയും പ്രവാഹത്തിനിടയില് വളര്‍ന്നുവലുതായ സിക്ക് സമൂഹത്തിന്റേയും മുഗള്‍ സാമ്രാജ്യത്തിനെതിരെ ഗുരുക്കന്മാരുടെ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് അല്ബിനിയായുടെ യാത്ര മുന്നേറിയത്. പെഷവാറിന്റെയും കൈബര്‍ ചുരത്തിന്റേയും കാബൂള്‍ നദിയുടെ തടങ്ങളിലൂടെയും കടന്നുവന്ന വിദേശികളുടെ കഥ ഓടിച്ചുവിവരിക്കുന്നുണ്ട്. സില്‍ക് പാതയെന്നറിയപ്പെട്ടിരുന്ന പ്രാചീനകാലത്തെ വാണിജ്യ രാജവീഥിയും ബാമിയന്‍ താഴ്വരയിലെ സാര്‍ഥവാഹക സംഘങ്ങളുടെ സമ്മേളനഭൂമിയും ബൗദ്ധസംസ്ക്കാരത്തിന്റെയും കലാശില്പ്പങ്ങളുടെയും അവയെ താബാന്‍ ഭരണം തകര്‍ത്തതിന്റേയും വിവരങ്ങള്‍ ലഭ്യമാണ്. അത്യുന്നതമായ പാചീര് പീഠഭൂമിയുടെ തെക്കുഭാഗത്തുവെച്ച് വടക്ക് പടിഞ്ഞാറായി ഒഴുകുന്ന സിന്ധുനദി തിരിഞ്ഞു. തെക്ക് പടിഞ്ഞാറോട്ടാകുന്ന ഭാഗത്തെയാണ് ഭാരതത്തിലേക്കുള്ളആര്യന് അധിനിവേശ മാര്‍ഗമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. അവിടവിടെയായി നദീ പാര്‍ശ്വങ്ങളില്‍ കാണുന്ന പാറകളിലെയും ഗുഹകളിലെയും ചിത്രങ്ങള്‍ എടക്കലേയും മറയൂരിലേയും ചിത്രങ്ങളുമായി സാമ്യമുള്ളവയാണ്. ദേവീദേവന്മാരും നായാട്ടും യുദ്ധരംഗങ്ങളുമാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
കല്തളിമകള്കൊണ്ട് മനോഹരമായി ജാമിതീയ രൂപങ്ങളില്‍ പടുക്കപ്പെട്ട വൃത്തങ്ങളും ചതുരങ്ങളും അരകല്ലുകളും പാത്രാവശിഷ്ടങ്ങളും ആ ഭാഗങ്ങളിലുണ്ട്. അവ എന്തൊക്കെയോ അനുഷ്ഠാനങ്ങള്‍ നടന്നതിന്റെ അവശിഷ്ടങ്ങളാവാമത്രെ. വൈദിക ഋഷിമാരുടെ യജ്ഞവേദികളോ ഹോമസ്ഥലങ്ങളോ ആവാമെന്ന സൂചന അവര്‍ നല്‍കുന്നില്ല. ഭാരതത്തിന്റെ കൈവശമുള്ള ലഡാക്ക് ഭാഗത്തെ നദിയുടെ സുന്ദര ദൃശ്യങ്ങള്‍ ഗ്രന്ഥകര്‍ത്രി ചിത്ര സഹിതം വിവരിക്കുന്നു. അവിടെനിന്ന് തിബത്തന്‍ ഭാഗത്ത് ചൈനീസ് അധികൃതരുടെ അനുമതിയോടെ അവര്‍ നദിയുടെ ഉത്ഭവസ്ഥാനം വരെപോകുന്നു. അവിടെ നേപ്പാളികളും തിബത്തുകാരും ബുദ്ധമതക്കാരും ഹിന്ദുക്കളും പവിത്ര നദിയായി അതിനെ കാണുന്നു. സെന്‍ഗെ ഖബാബ് എന്നാണ് സിന്ധുവിന്റെ പേര്. സിംഹമുഖം എന്നര്‍ത്ഥം. സാധാരണയായി അതിനേക്കാള്‍ കൂടുതല്‍ ജലമുള്ള ഒരു നദി അതില്‍ ചേരുന്നുണ്ട്. പക്ഷെ എല്ലാക്കാലത്തും ഏറ്റക്കുറച്ചിലില്ലാത്ത പ്രവാഹമാണ് സിംഹമുഖത്തുള്ളത്.
ഋഗ്വേദത്തിലും അഥര്‍വവേദത്തിലും സിന്ധുനദിയെപ്പറ്റിയുള്ള പരാമര്‍ശങ്ങളില്‍ സദാപ്രവഹിക്കുന്ന നദിയായി സിന്ധുവെ പ്രകീര്‍ത്തിക്കുന്നുവെന്നും ഒരിക്കല്‍ സ്വര്ഗത്തെവലംവെച്ചുകൊണ്ട് നാഗരികതകളെയും ജന്തുസസ്യജാലങ്ങളെയും ഭാഷകളെയും മതങ്ങളെയും വളരാന്‍ ലക്ഷക്കണക്കിന് വര്‍ഷം പ്രവഹിച്ച സിന്ധു മനുഷ്യന്റെ വിഡ്ഢിത്തം കൊണ്ട് പൂര്‍ണമായും നാശത്തിന്റെ വക്കിലാണെന്ന് ആലിസ് അല്ബിനിയാ വിലപിക്കുന്നു. ഭാരതീയരെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ നേതൃത്വത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ലോകത്തെ തന്നെ മഹാനദികളില്‍ ഒന്നായ സിന്ധു നഷ്ടപ്പെട്ടത്. അതിന്റെ ചരിത്രവും സാംസ്ക്കാരിക മേഖലകളും അപൂര്‍ണവും പാശ്ചാത്യ ഭൗതിക വീക്ഷണത്തിലൂടെയാണെങ്കിലും നേരിട്ടു കണ്ടു രേഖപ്പെടുത്താന്‍ ഒരു പാശ്ചാത്യ വനിതയെ തയ്യാറായുള്ളൂ വെന്നത് ശ്രദ്ധേയമാകുന്നു. അവര്‍ തീര്‍ച്ചയായും അഭിനന്ദനാര്ഹതന്നെ.
>> പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: