കടലില്‍ കായം കലക്കുക എന്നൊരു ഭാഷാപ്രയോഗമുണ്ട്. അര്‍ത്ഥശൂന്യമായ ചില ഏര്‍പ്പാടുകളെ വ്യഞ്ജിപ്പിക്കുന്നതിനാണ് ഭാഷയില്‍ ഇപ്രകാരം പറയുക. പടുകൂറ്റന്‍ പദ്ധതികളില്‍ അര്‍ത്ഥശൂന്യമായി പണം ചെലവാക്കുന്നവരെപ്പറ്റിയും കടലില്‍ കായം കലക്കുന്നവര്‍ എന്ന് പറയാറുണ്ട്. പക്ഷെ കടലില്‍ കാരിരുമ്പ് കലക്കുന്നവര്‍ ആധുനിക യുഗത്തിന്റെ മാത്രം പ്രത്യേകതയാണ്. അത്തരം ഒരു നീക്കമാണ് റസ്സ് ജോര്‍ജ്ജ് എന്ന ശാസ്ത്ര സംരംഭകന് കാനഡ കടലില്‍ ഈയിടെ കാണിച്ചത്. രാകിപ്പൊടിച്ച നൂറ് ടണ്‍ ഇരുമ്പു പൊടിയാണ് റസ്സ് ജോര്‍ജ്ജ് കടലില്‍ കലക്കിയത്.
കടലില്‍ ഇരുമ്പു കലക്കിയത് പ്രത്യക്ഷത്തില്‍ വലിയ കുറ്റമല്ല. ബ്രിട്ടീഷ് കൊളംബിയയിലെ ഹൈഡാശ്ലീ ദ്വീപ സമൂഹങ്ങള്‍ക്ക് സമീപമാണ് റസ്സ് ജോര്‍ജ്ജ് പരീക്ഷണം നടത്തിയത്. ഒരു പ്രാദേശിക കനേഡിയന്‍ സംഘടനയ്ക്ക് വേണ്ടി ഇരുപത്തി അഞ്ച് ലക്ഷം ഡോളര്‍ ഫീസ് വാങ്ങിയ ശേഷമാണ് റസ്സ് ജോര്‍ജ്ജ് ഈ കടുംകൈക്ക് ഒരുങ്ങിയത്. ശാസ്ത്രജ്ഞന്റെ തിയറി വളരെ ലളിതമായിരുന്നു. ഇരുമ്പ് പൊടിയുടെ സാന്നിദ്ധ്യം സമുദ്രത്തിലെ പ്ലവഗങ്ങളുടെ (കടലിലെ സൂക്ഷ്മസസ്യ സഞ്ചയമായ) വളര്‍ച്ച അതിവേഗത്തിലാക്കും. പ്ലവഗങ്ങള് വളര്‍ന്നാല്‍ പ്രാദേശികമായ സാല്‍മണ്‍ മത്സ്യങ്ങള്‍ പെറ്റുപെരുകും. അപ്പോള്‍ മത്സ്യബന്ധനം ലാഭകരമാകും. ഇനിയുമുണ്ട് പ്രയോജനം. പ്ലവഗങ്ങള് കുപ്രസിദ്ധ ഗ്രീന്‍ഹൗസ് അഥവാ ഹരിതഗൃഹവാതകമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ അന്തരീക്ഷത്തില്‍നിന്ന് വലിച്ചെടുക്കാം. ഗ്രീന്‍ഹൗസ് വാതകത്തെ വ്യാപകമായി വലിച്ചെടുത്ത് അന്തരീക്ഷം ശുദ്ധമാക്കുന്നതിലൂടെ കാര്‍ബണ്‍ ക്രെഡിറ്റ് വിറ്റ് പ്രാദേശിക അന്തരീക്ഷം ശുദ്ധമാക്കുന്നതിലൂടെ കാര്‍ബണ്‍ ക്രെഡിറ്റ് വിറ്റ് പ്രാദേശിക ഗ്രാമ സമൂഹങ്ങള്‍ക്ക് കുറെ പണം ഉണ്ടാക്കാനും കഴിയും. എല്ലാവര്ക്കും ലാഭകരമായ ഒരുതരം ലേലച്ചിട്ടിയെന്ന് സാരം.
റസ്സ് ജോര്‍ജിന്റെ ഈ പരീക്ഷണം ലോകമെമ്പാടുമുള്ള പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പക്ഷെ സന്തോഷത്തോടെയല്ല കണ്ടത്. ആഗോളതാപനം തടയുന്നതിന് ജോര്‍ജ് സ്വീകരിച്ച ലാഭേച്ഛ നിറഞ്ഞ സമീപനം പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്ന് പലരും ആരോപിച്ചു. തനിക്ക് ഇക്കാര്യത്തില്‍ അനുഭവ സമ്പത്തുണ്ടെന്നും വില്ലേജ് കൗണ്‍സിലിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്നുമുള്ള ശാസ്ത്ര സംരംഭകന്റെ വാദങ്ങളൊന്നും ആരും മുഖവിലയ്ക്ക് എടുത്തില്ല. അന്താരാഷ്ട്ര പരിസ്ഥിതി കരാറുകളുടെ നഗ്നമായ ലംഘനമാണിതെന്നും അതിനിടെ ആരോപണമുയര്‍ന്നു. തുടര്‍ന്ന് ഇരുമ്പ് സംഭവത്തെപ്പറ്റി വിവിധ കനേഡിയന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണവും തുടങ്ങി.
ശാസ്ത്രലോകം റസ്സ് ജോര്‍ജ്ജിന്റെ കടലിലെ പരീക്ഷണം പൊതുവെകണ്ടത് പ്രപഞ്ചത്തിന്റെ താളം തെറ്റിക്കാന്‍ പോലും പര്യാപ്തമായ ഒരു നീക്കമായാണ്. ആഗോളതാപനത്തെ തടുക്കാനായി പ്രകൃതിയില്‍ വന്‍തോതില്‍ നടത്തുന്ന അപക്വമായ ഇടപെടലായാണ് പലരും അതിനെ വീക്ഷിച്ചത്. കാരണം ജിയോ എന്‍ജിനീയറിങ് അഥവാ ഭൗമ എഞ്ചിനീയറിങ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരുപിടി സാങ്കേതിക വിദ്യകളിലൊന്നായിരുന്നത്. കടലില്‍ മാലിന്യം തള്ളുന്നത് സംബന്ധിച്ച ലണ്ടന്‍ കണ്‍വെന്‍ഷനിലെയും ജൈവവൈവിധ്യം സംബന്ധിച്ച യുഎന്‍ കണ്‍വെന്‍ഷന്റെ മോറട്ടോറിയത്തിന്റെ നഗ്നമായ ലംഘനമായിരുന്നതെന്ന് മറ്റൊരു കാര്യം.
ജിയോ എന്‍ജിനീയറിംഗിനെ പൊതുവെ രണ്ടായി തിരിക്കാറുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ മൂലകാരണമായ ഹരിതവാതകങ്ങളെ അന്തരീക്ഷത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് നിര്‍മാര്‍ജന സാങ്കേതിക വിദ്യകളാണ് അതില്‍ ആദ്യത്തേത്. വര്‍ധിച്ചുവരുന്ന ഹരിതവാതകങ്ങളുടെ ശക്തി നിയന്ത്രിക്കുന്നതിനുള്ള സൂര്യതാപനിയന്ത്രണ വിദ്യകളാണ് രണ്ടാമത്തേത്. സൂര്യതാപ നിയന്ത്രണത്തിലൂടെ ഭൂമി വലിച്ചെടുക്കുന്ന സൗരതാപത്തിന്റെ അളവ് ഗണനീയമാംവിധം കുറയ്ക്കാനാവുമെന്ന് തിയറി. പക്ഷെ ഹരിത വിഷ വാതകങ്ങളുടെ ഉത്സര്‍ജനം നിയന്ത്രിക്കുന്നതിനുള്ള മുഖ്യമാര്‍ഗമല്ല ജിയോ എഞ്ചിനീയറിംഗ്. മറിച്ച് അതിന് സഹായകമായ ഒരു ബദല്‍ മാര്‍ഗം മാത്രം. അതിനും പുറമെ ജിയോ എന്‍ജിനീയറിംഗ് സാധ്യതകള്‍ പ്രായോഗികമായ അര്‍ത്ഥത്തില്‍ ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന ‘ഇന്റര്‍ ഗവര്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്’ പ്രകടിപ്പിച്ച അഭിപ്രായവും ഇവിടെ കൂട്ടി വായിക്കാം.
ഇതേവരെ വന്‍തോതിലുള്ള ജിയോ എഞ്ചിനീയറിംഗ് പദ്ധതികളൊന്നും പ്രാവര്ത്തികമായിട്ടില്ലെന്നത് മറ്റൊരു സത്യം. ഗവേഷണവും ലബോറട്ടറി നിരീക്ഷണങ്ങളും കമ്പ്യൂട്ടറിധിഷ്ഠിത മോഡലിംഗുകളുമാണ് ഈ രംഗത്ത് ഏറെ നടന്നിട്ടുള്ളത്. മരം വെച്ച് പിടിപ്പിച്ച് ഹരിതാവരണം സൃഷ്ടിക്കുന്നതുപോലെയുള്ള സാമ്പ്രദായിക പദ്ധതികള്‍ പലേടത്തും നടക്കുന്നുണ്ട്. അതുകൊണ്ട് കുഴപ്പവുമില്ല. പക്ഷെ കേവലം ലബോറട്ടറി പരീക്ഷണങ്ങള്‍ക്കപ്പുറം കടലില്‍ വ്യാപകമായി കാരിരുമ്പ് വിതക്കുന്ന പദ്ധതി എടുത്തുചാടി നടത്താന്‍ പുറപ്പെട്ടത് ഇതാദ്യം.
ജിയോ എഞ്ചിനീയറിംഗ് നിരീക്ഷണങ്ങളെ അടിസ്ഥാനപരമായി എതിര്‍ക്കുന്ന ഒട്ടേറെ ശാസ്ത്രജ്ഞന്മാരുണ്ട്. ആ എതിര്‍പ്പിന് പ്രധാന കാരണം ധാര്‍മികം തന്നെ. ഹരിത ഗൃഹ വാതകങ്ങളുടേയും എയ്റോസോള്‍ പോലെയുള്ള മലിനീകാരികളുടേയും ഉത്സര്‍ജ്ജനം കുറയ്ക്കുന്നതിനുള്ള രാഷ്ട്രീയവും ജനകീയവുമായ സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാന്‍ ഇത്തരം എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ കാരണമായേക്കാം എന്നവര്‍ കരുതുന്നു. അതുകൊണ്ടുതന്നെ ഇത്തരം സാങ്കേതിക വിദ്യയുടെ വാതില്‍പ്പുറ പരീക്ഷണങ്ങള്‍ക്കും പ്രൊജക്ടുകള്‍ക്കും മോറൊട്ടോറിയം പ്രഖ്യാപിക്കണമന്നാണവരുടെ നിര്‍ദ്ദേശം. ഇത്തരം ജിയോ എഞ്ചിനീയറിങ് പദ്ധതികളുടെ ഫലപ്രാപ്തിയെക്കുറിച്ചും പ്രതികരണത്തെക്കുറിച്ചും പ്രവചിക്കാനാവാത്തത് സ്ഥിതി അത്യന്തം ഗുരുതരമാക്കുന്നുവെന്നും അവര്‍ ഭയക്കുന്നു.
പലപ്പോഴും പല ജിയോ എഞ്ചിനീയറിംഗ് വിദ്യകളും കഥയിലെപ്പോലെ അസംഭവ്യമെന്ന് കരുതുന്നവരുണ്ട്. കാരണം അവയുടെ അപ്രായോഗികത തന്നെ. സോളാര്‍ റേഡിയേഷന് മാനേജ്മെന്റ് അഥവാ സൂര്യതാപ നിയന്ത്രണത്തിന്റെ കാര്യംനോക്കുക. അന്തരീക്ഷത്തില്‍ നിന്ന് വരുന്ന സൂര്യരശ്മിയേയും മറ്റു കിരണങ്ങളേയും ഭൂമിയില്‍ തട്ടാതെ പ്രതിഫലിപ്പിച്ച് അന്തരീക്ഷത്തിലേക്ക് തിരിച്ചയയ്ക്കുക എന്ന സങ്കല്പ്പമാണിതിന്റെ അടിസ്ഥാനം. അവ അന്തരീക്ഷത്തിലെ ഹരിത ഗൃഹവാതകങ്ങളുടെ സാന്ദ്രത കാര്യമായി കുറക്കുന്നില്ല. അത്തരം വാതകങ്ങള്‍ കടലില്‍ ഉണ്ടാക്കുന്ന അമ്ലവല്‍ക്കരണം ഇല്ലാതാക്കുന്നുമില്ല.
കാര്‍ബണ്‍ഡൈ ഓക്സൈഡ് നിര്‍മാര്‍ജ്ജന പദ്ധതിയാവട്ടെ നേരിട്ട് ഹരിതഗൃഹ വാതകങ്ങളെ നിര്‍മാര്‍ജ്ജന പദ്ധതിയാവട്ടെ നേരിട്ട് ഹരിതഗൃഹ വാതകങ്ങളെ നശിപ്പിക്കുന്നതുമില്ല. കാര്‍ബണ്‍ഡൈ ഓക്സൈഡിനെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന ഈ പ്രക്രിയയാണ് അയണ്‍ ഫെര്‍ട്ടിലൈസേഷന്‍ അഥവാ കടലിലെ ഇരുമ്പ് വിതക്കല്‍ ഉള്‍പ്പെടുന്നത്. ആഴക്കടലിലെ അതിശീത ജലത്തെ ഉപരിതലത്തിലേക്ക് കൊണ്ടുവന്ന് അന്തരീക്ഷം തണുപ്പിക്കുന്ന ‘ഹീറ്റ് ട്രാന്‍സ്പോര്‍ട്ട്’ എന്ന ഒരു സംവിധാനം കൂടി ഇവിടെ പറയേണ്ടതുണ്ട്. പക്ഷെ ഇത് സമുദ്രവുമായി ബന്ധപ്പെട്ട പല പ്രകൃതിക്ഷോഭങ്ങള്‍ക്കും കാലാവസ്ഥാ തകിടം മറിച്ചിലിനും ഇടവെച്ചേക്കാമെന്ന് പലരും ശങ്കിക്കുന്നു.
ജിയോ എഞ്ചിനീയറിംഗിന്റെ കഥയും കാര്യവും പറഞ്ഞുവരുമ്പോള്‍ ദ്വാരക നഗരത്തിന്റെ അന്ത്യകാലമാണ് ഓര്‍മ്മയില്‍ വരുന്നത്. അന്നൊരിക്കല്‍ പെണ്‍വേഷം കെട്ടി ഗര്‍ഭിണി ചമഞ്ഞ സാംബന് എന്ന യാദവന് ഇരുമ്പുലക്ക പ്രസവിച്ച കഥ അറിയാത്തവരുണ്ടാവില്ല. ഉലക്ക നശിപ്പിക്കാനായി യാദവര്‍ കണ്ട മാര്‍ഗ്ഗം അത് രാകിപ്പൊടിച്ച് കടലില്‍ കലക്കുന്നതാണ്. അങ്ങനെ കടലില്‍ ആദ്യമായി കാരിരുമ്പ് കലക്കിയത് സാംബനും കൂട്ടരുമാണെന്ന് പറയാം. ഒടുവില്‍ തീരത്തടിഞ്ഞ ഇരുമ്പുതരികളില്നിന്ന് ആയുധ സമാനമായ ഒരു ഇരുമ്പ് പുല്ല് ജനിച്ചു. ആ പുല്ലുകൊണ്ട് തമ്മില്‍ തല്ലി യാദവകുലം മുടിഞ്ഞെന്നാണ് കഥ. വേണ്ടത്ര ചിന്തിക്കാതെ ജിയോ എഞ്ചിനീയറിംഗ് നടപ്പാക്കുമ്പോള്‍ യാദവ കുലത്തിന്റെയും ദ്വാരകയുടേയും കഥ ഓര്‍മിക്കുക നന്നായിരിക്കും.
>> ഡോ.അനില്‍കുമാര്‍ വടവാതൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: