തിരുവനന്തപുരം നഗരം ചലച്ചിത്രമേളയുടെ ആഘോഷത്തിമിര്പ്പിലമരാന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. വരുന്ന ഏഴാം തീയതിമുതല്‍ 14-ാം തീയതി വരെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരം നഗരം ചലച്ചിത്രപ്രേമികളാല് നിറയും. തീയറ്ററുകള്‍ തട്ടുപൊളിപ്പന്‍ സിനിമകളില്‍ നിന്ന് ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലുള്ള, വിവിധ രാജ്യങ്ങളിലെ വെള്ളിത്തിരക്കാഴ്ചകള്ക്കായി വഴിമാറും. ആധുനിക സൗകര്യങ്ങളുള്ള തീയറ്ററുകളിലാണ് ഇത്തവണ ചലച്ചിത്രോത്സവം നടക്കുന്നത്. കണ്ണും കാതും മനസ്സും ശരീരവുമെല്ലാം സിനിമയ്ക്കു വേണ്ടി സമര്‍പ്പിക്കാന്‍ തയ്യാറായ ഏഴായിരത്തോളം ഡെലിഗേറ്റുകളാണ് മേളയ്ക്കെത്തുന്നത്. കൂടാതെ വിദേശപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും.
വിഖ്യാത ചലച്ചിത്രകാരന് ഷാജി എന്‍.കരുണിന്റെ നേതൃത്വത്തിലുള്ള സമിതി കണ്ടു വിലയിരുത്തിയ ചിത്രങ്ങളാണ് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആകെ 192 ചിത്രങ്ങള്‍ 15 വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കും. മത്സര-ലോകസിനിമാ വിഭാഗങ്ങളില്‍ കഴിഞ്ഞ പത്തു മാസത്തിനുള്ളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ് മേളയ്ക്കെത്തുന്നതെന്ന പ്രത്യേകതയുണ്ട്.
ഉദ്ഘാടന ചിത്രം ഹിച്ച്കോക്കിന്റെ ദ് റിങ് ആണ്. സസ്പെന്‍സ് സിനിമകളുടെ ആചാര്യനായ ഹിച് കോക്കിന്റെ നാലാമത്തെ നിശബ്ദചിത്രമായ ദ് റിങ് 1927 ലാണ് പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യനിശബ്ദ ചിത്രമായ ബാലന്റെ 75 ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദര്‍ശനത്തിന് പ്രാധാന്യമേറെയാണ്. മെക്സിക്കോ, സെനഗല്‍, ചിലി, ഫിലിപ്പൈന്‍സ്, ജപ്പാന്, തുര്‍ക്കി, അല്‍ജീരിയ, ഇറാന് ചിത്രങ്ങളോടൊപ്പം ഇന്ത്യയില്‍ നിന്നും നിതിന്‍ കക്കര്‍ സംവിധാനം ചെയ്ത ഫിലിമിസ്ഥാനും മലയാളിയായ കമലിന്റെ ഹിന്ദി ചിത്രം ഐ.ഡി.യും റ്റി. വി. ചന്ദ്രെന്റ ഭൂമിയുടെ അവകാശികളും ജോയി മാത്യുവിെന്റ ഷട്ടറും സുവര്‍ണ്ണ ചകോരത്തിനായി മത്സരിക്കുന്നു. ഈ വിഭാഗത്തില്‍ 14 ചിത്രങ്ങളുണ്ട്.
യുദ്ധത്തിന്റെ ഭീകരതയും തിക്താനുഭവങ്ങളും കുടുംബബന്ധങ്ങളിലെ കെട്ടുറപ്പും പ്രമേയമാക്കിയ വിയറ്റ്നാം ചിത്രങ്ങളാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത. കണ്ട്രി ഫോക്കസിലാണ് വിയറ്റ്നാമില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. യുദ്ധാധിഷ്ഠിത കഥകളാണ് 1920 ല്‍ തുടക്കംകുറിച്ച വിയറ്റ്നാം സിനിമകളില്‍ ഏറെയും പങ്കുവയ്ക്കുന്നത്. യുദ്ധങ്ങള്‍, വടക്കു -തെക്കന്‍ വിയറ്റ്നാം വിഭജനം, പിന്നീട് അതിന്റെ പുനഃസംയോജനം എന്നീ സുപ്രധാന ഘട്ടങ്ങള്‍ ആദ്യകാല വിയറ്റ്നാം സിനിമകള്‍ക്ക് പ്രതിപാദ്യവിഷയമായിരുന്നു. തുടര്‍ന്ന് യുദ്ധത്തെയും ഹാസ്യത്തെയും അധികരിച്ച് സെയ്ഗണ്‍ ഫിലിം ഇന്‍ഡസ്ട്രിയും രാജ്യത്തിന്റെ നയങ്ങള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങളുമായി ഹാനോയ് ഫിലിം സൊസൈറ്റിയും രൂപപ്പെട്ടു. ഇത്തരം പരിവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ് ഈ വിഭാഗത്തിലെ അഞ്ചു ചിത്രങ്ങള്‍.
നാത്ത് മിന് ഡാങ്ങ് സംവിധാനം ചെയ്ത വെന്‍ ദ ടെന്‍ത്ത് മന്ത് കംസ്, ഫാം കീ് നാമിന്റെ മിസ് തു ഹൗ, ഡാങ്ങ് ഡി ഫാനിന്റെ ഡോണ്‍ ബി അഫ്രൈഡ് ബി, ന്യു ജിയാങ്ങ് ഫാമിന്റെ മദേഴ്സ് സോള്‍, ട്രാന് നോയൊ ഡെയ് ജിയാങ്ങിന്റെ മൂണ്‍ അറ്റ് ദ ബോട്ടം ഓഫ് ദ വെല്‍ എന്നിവയാണ് മേള്യ്ക്കെത്തുന്നത്.
ആസ്ട്രേലിയന്‍ ഇന്‍ഡിജീനിയസ് ചിത്രങ്ങളാണ് മറ്റൊരു പ്രത്യേകത. ആസ്ട്രേലിയന്‍ ഭൂഖണ്ഡത്തിലെ ആദിമനിവാസികളെക്കുറിച്ചുള്ള ചിത്രങ്ങളോ, ആദിമനിവാസികള്‍ തന്നെ നിര്‍മിച്ച ചിത്രങ്ങളോ ആണിത്. പ്രമേയത്തിലും ആവിഷ്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഈ ചിത്രങ്ങള്‍ തനതുസംസ്കാരങ്ങളെ ഉള്‍ക്കാഴ്ചയോടെ കാണുന്നതിന് അവസരമൊരുക്കുന്നു. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന എട്ടു ചിത്രങ്ങള്‍ ആസ്ട്രേലിയയിലെ വര്‍ണ, വംശീയ സംഘര്‍ഷങ്ങള്‍, ആദിമനഷ്യന് സമൂഹത്തിലെ മുഖ്യധാരയിലുള്ളവരുമായുള്ള ബന്ധം, ഗോത്രസംസ്കാരം, പൈതൃകം എന്നിവ പുറംലോകത്തിനു മുന്നില്‍ വരച്ചുകാട്ടുന്നു.
ടോറസ് സ്ട്രെയ്റ്റ് ഐലന്റിലെ ആദിമനുഷ്യര്‍ സ്വയംബോധമുള്ളവരും അപകടകാരികളല്ലെന്നും ദുരൂഹമായ സമൂഹമല്ലെന്നും ഈ ചിത്രങ്ങള്‍ വിളിച്ചോതുന്നു. ആസ്ട്രേലിയയിലെ ആദിമനുഷ്യര്‍ പാര്ശ്വവത്കരിക്കപ്പെട്ടിരിക്കുന്നതുപോലെതന്നെ ഇവരെക്കുറിച്ചുള്ള ചിത്രങ്ങളും മുഖ്യധാരാ സിനിമാചരിത്രത്തില്‍ നിന്നും പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നു.
ട്രേസി മൊഫാറ്റിന്റെ ബീ ഡെവിള്‍ , റേച്ചല്‍ പെര്ക്കിന്സിന്റെ വണ്‍ നൈറ്റ് ദി മൂണ്‍ , റോള്‍ഫ് ഡി ഹീര്‍ സംവിധാനം ചെയ്ത ടെന്‍ കാനോസ്, വാര്‍വിക് തോണ്‍ടണിന്റെ സാംസണ് ആന്‍ഡ് ഡെലിലാ , ഇവാന് സെനിന്റെ ടൂമെലഹ്, ബെക്ക് കോളിന്റെ ഹിയര്‍ ഐ ആം , വെയ്ന്‍ ബ്ലെയറിന്റെ ദി സഫയേഴ്സ്, ഫിലിപ്പ് നോയ്സിന്റെ ദി റാബിറ്റ് പ്രൂഫ് ഫെന്‍സ് എന്നിവയാണ് ഈ പാക്കേജില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
ലോകസിനിമാ വിഭാഗത്തില്‍ പ്രതിഭ തെളിയിച്ച ആതികായകരുടേയും പുതുമുഖ സംവിധായകരുടേയും ചിത്രങ്ങള്‍ കാഴ്ചയുടെ വസന്തം തന്നെ ഒരുക്കും. ആകെ 78 ചിത്രങ്ങള്‍. ഈജിപ്തിലെ 18 ദിവസത്തെ ജനാധിപത്യ വിപ്ലവത്തെ പ്രമേയമാക്കി ഒന്‍പതു പേര്‍ചേര്‍ന്ന് സംവിധാനം ചെയ്ത 18 ഡെയ്സ്, പ്രേക്ഷകരുടെ പ്രിയ സംവിധായനായ കിം കി ഡുക്കിന്റെ രണ്ടു ചിത്രങ്ങളുണ്ട്. ദീപ മേത്തയുടെ മിഡ് നൈറ്റ് ചില്‍ഡ്രന്‍ മറ്റൊരു പ്രധാനചിത്രമാണ്. വോള്‍ക്കര്‍ ഷോണ്‍ ഡ്രോഫ് , കെന്‍ലോക്ക്, ബെര്‍നാഡോ ബര്ട്ടലൂച്ചി, അകി കരിസ്മാക്കി, അബ്ബാസ് കിരസ്താമി, അപ്പിച്ചാറ്റ്പോങ്ങ്, റൗള്‍ റൂയിസ്, വാള്‍ട്ടര്‍ സാലസ്,ഫത്തീഹ് അകിന്, ഒളിവര്‍ അസായസ്, മക്ബല് ബഫ്, ലാര്‍സ് വോണ്‍ ട്രയര്‍, നദീം ലബാക്കി,തവിയാനി സഹോദരന്മാര് തുടങ്ങിയവരുടെ ചിത്രങ്ങള്‍ പുതിയ അനുഭവമേഖലകള്‍ തുറന്നിടും.
ഈ മേളയില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയാത്ത എന്നാല്‍ മറ്റു മേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ക്കായി ഇന്ത്യന്‍ ടോപ്പ് ആംഗിള്‍ സിനിമ വിഭാഗമുണ്ട്. ഗിരീഷ് കാസറവള്ളിയുടെ കൂര്‍മാവതാര, രഘു ജഗന്നാഥിന്റെ തമിഴ് ചിത്രം 500 & 5 , ഉമേഷ് വിനായക് കുല്‍ക്കര്‍ണിയുടെ ടെംപിള്‍ , അരവിന്ദ് അയ്യരുടെ ഡ്രാപ്പ്ച്ചി, അജിത സുചിത്രവീരയുടെ ബല്ലാഡ് ഓഫ് രസ്തം, ഗജേന്ദ്ര അഹിറേയുടെ ടൂറിംഗ് ടാക്കീസ് എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്‍. അകിര കുറസോവ, അലന് റെനെ, പിയറി യമഗോ, എലേന ഇഗ്നിസ് എന്നിവരുടെ ചിത്രങ്ങളുള്‍പ്പെടെ 33 ചിത്രങ്ങള്‍ റിട്രോസ്പെക്റ്റീവില്‍ പ്രദര്‍ശിപ്പിക്കുന്നു. ചലച്ചിത്ര വിദ്യാത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നവ്യമായ കാഴ്ച്ചാനുഭവം നല്കുവാന് പ്രാപ്തമാണ് റിട്രോസ്പെക്റ്റീവ് ചിത്രങ്ങള്‍.
ജൂറി ചെയര്‍മാനായ പോള്‍ കോക്സിന്റെ അഞ്ച് ചിത്രങ്ങളാണ് ജൂറി സിനിമയിലുള്ളത്. അടുത്തകാലത്ത് മലയാളിക്ക് ഏറെ പരിചിതനാണ് പോള്‍കോക്സ്. അദ്ദേഹം സംവിധാനം ചെയ്ത ഇന്നസെന്റ്സ് എന്ന ചലച്ചിത്രത്തിന്റെ പകര്‍പ്പാണ് ബ്ലസി മലയാളത്തില്‍ സംവിധാനം ചെയ്ത പ്രണയം എന്ന ആരോപണം ഉയര്‍ന്നു വന്നിരുന്നു.
റിതുപര്ണഘോഷിെന്റ ചിത്രാംഗദ, അമിതാഭ് ചക്രവര്‍ത്തിയുടെ കോസ്മിക് സെക്സ്, സുമിത്ര ഭാവേയും സുനില്‍ സുഖ്ദന്‍കറും ചേര്‍ന്ന് സംവിധാനം ചെയ്ത സംഹിത, കൗശിക് ഗാംഗുലിയുടെ സൗണ്ട്, സര്‍ഫറസ് ആലം, ശ്യാമള്‍ കര്‍മാക്കര്‍ എന്നിവര്‍ സംവിധാനം ചെയ്ത റ്റിയേഴ്സ് ഓഫ് നന്ദിഗ്രാം, അഥേയപാര്ത്ഥരാജെന്റ ദി ക്രയര്‍ എന്നിവയാണ് സമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍.
മലയാള സിനിമ ഇന്നില്‍ മധുപാലിെന്റ ഒഴിമുറി, മനേജ് കാനയുടെ ചായില്യം, ഡോ: ബിജുവിന്റെ ആകാശത്തിന്റെ നിറം, ലിജിന്‍ ജോസിന്റെ ഫ്രൈഡേ, അരുണ്‍ അരവിന്ദിന്റെ ഈ അടുത്തകാലത്ത്, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി, കെ. ഗോപിനാഥിന്റെ ഇത്രമാത്രം എന്നിവ പ്രദര്‍ശിപ്പിക്കും.
അന്തരിച്ച ചലച്ചത്ര പ്രതിഭകളെ അനുസ്മരിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ക്രിസ് മാര്‍ക്കര്‍. അശോക് മേത്ത, പത്മകുമാര്‍,തിലകന്, വിന്ധ്യന്, അപ്പച്ചന്. ടി ദാമോദരന്‍, ജോസ് പ്രകാശ്, എന്നിവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നടന് സത്യന്റെ നൂറാം ജ വാര്‍ഷികം പ്രമാണിച്ച് സത്യന് സ്മൃതിയും അദ്ദേഹം അഭിനയിച്ച ഏഴു ചിത്രങ്ങളുമുണ്ട്.
യുവതയുടെ ആഘോഷവും ആശങ്കകളും ആകാംക്ഷയും പ്രതിനിധാനം ചെയ്യുന്ന അഡോളസന്‍സ് ചിത്രങ്ങള്‍ പതിനേഴാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേകതയാണ്. ഫ്രാന്‍സിലെ അഞ്ച് സംവിധായകരുടെ ചിത്രങ്ങളിലൂടെയാണ് സിനിമയിലെ യുവത്വം ചര്‍ച്ചാവിഷയമാകുന്നത്. സുഹൃദ് വലയത്തേയും സ്നേഹബന്ധങ്ങളേയും വരച്ചു കാട്ടുന്ന ചിത്രങ്ങള്‍ പാരീസിലെ യുവജനതയുടെ ജീവിതത്തെക്കുറിച്ച് വെളിച്ചം വീശുന്നവയാണ്. 2009 ലെ കാന്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിക്സ് മേളയ്ക്കെത്തുന്നു. ദ ഫ്രെഞ്ച് കിസ്സേര്‍സ്, ബെല്ലേ ഇപിനേ, ലൗ ലൈക്ക് പോയ്സണ്‍, മെമ്മറി ലൈന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
ലോകസിനിമയിലെ ശക്തമായ സ്ത്രീസാന്നിധ്യം പ്രകടമാകുന്ന സംവിധായികമാരുടെ നീണ്ട നിര കേരളരാജ്യാന്തര ചലച്ചിത്രമേളയുടെ പ്രത്യേകതയാണ്. ശദ്ധേയരായ 24 വനിതാസംവിധാകരുടെ 25 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. പുരുഷ സംവിധായകരുടെ സിനിമകളോട് ഒപ്പത്തിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്നതാണ് തങ്ങളുടേയും ചിത്രങ്ങളെന്ന് വിളിച്ചോതുന്നവയാണിവ. ചലച്ചിത്രലോകത്തിന്റെ മുഖ്യധാരയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന്റെ പ്രതിഫലനമാണ് ഈ ചിത്രങ്ങള്‍. ഹെലേന ഇഗ്നസ്, ബെല്‍മിന്‍ സോയല്‍യമസ്, സുമിത്രാ ഭാവേ, അജിത് സുചിത്ര വീര, മരിയാം അബൗ അൗഫ്, റേച്ചല്‍ പെര്‍ക്കിന്‍സ്, ദീപ മേത്ത തുടങ്ങിവരുടെ സൃഷ്ടികളാണ് മേളയ്ക്ക് മേമ്പൊടിയേകാനെത്തുന്നത്.
>> ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: