മനുഷ്യരില്‍ പലരും ഏതെങ്കിലും ഒരുതരം കര്‍മം ചെയ്യാന്‍ ജനിച്ചവരെപ്പോലെ തോന്നുന്നതു വ്യക്തമാണല്ലോ. അവരുടെ മനസിനെ ചിന്താഭൂമികയില്‍മാത്രം ഏകാഗ്രപ്പെടുത്തുക സാദ്ധ്യമല്ല. ഇന്ദ്രിയഗ്രാഹ്യമായ സ്ഥൂലകര്മത്തില്മാത്രമേ അവരുടെ മനസുനില്ക്കൂ. ആ വിധം ജീവിതത്തിനും ഒരു ശാസ്ത്രമുണ്ടായിരിക്കണം.
നാമെല്ലാം ഓരോ കര്‍മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാല്‍ മിക്കവരും തങ്ങളുടെ ശക്തികളില്‍ അധികഭാഗവും ചിതറികളയുകയുമാണ് ചെയ്യുന്നത്. എന്തുകൊണ്ട്? നമുക്കു കര്‍മരഹസ്യം അറിഞ്ഞുകൂടാത്തതുകൊണ്ട്. ആ രഹസ്യമത്രേ കര്‍മയോഗം ഉപദേശിക്കുന്നത്. കര്‍മം എങ്ങനെ ചെയ്യണം, എവിടെ ചെയ്യണം, ചെയ്യാനുള്ള കര്‍മത്തില്‍ നമ്മുടെ ശക്തികള്‍ ഏറ്റവും ഫലപ്രദമാക്കി പ്രയോഗിക്കാവുന്നതെങ്ങനെ-ഇവയാണ് കര്‍മയോഗം പഠിപ്പിക്കുന്നത്. ഈ രഹസ്യത്തോടൊന്നിച്ചു കര്മത്തിന്നെതിരായ ഒരാക്ഷേപമുള്ളതുകൂടി ചിന്തിക്കണം; അതായത് കര്‍മം ദുഃഖജനകമാണെന്ന്. ദുഃഖവും ക്ലേശവുമെല്ലാം സക്തിയില്നിന്നുണ്ടാകുന്നത്. എനിക്കു കര്‍മം ചെയ്യണം, അന്യനു നന്മ ചെയ്യണമെന്നുണ്ട്; എന്നാല്‍ ഞാന്‍ ആരെ സഹായിക്കുന്നുവോ അയാള്‍ കൃതഘ്നനായി, എനിക്കു വിരോധിയായിത്തീരുന്നു.
തൊണ്ണൂറു ശതമാനവും അങ്ങനെയാണ്. അതുനിമിത്തം എനിക്കു ദുഃഖമുണ്ടാകുന്നു. ഈ അവസ്ഥ മനുഷ്യരെ കര്മവിമുഖരാക്കുകയും, ഈ ദുഃഖത്തെക്കുറിച്ചുള്ള ഭയം മനുഷ്യരുടെ കര്‍മത്തിന്റെയും ശക്തിയുടെയും അധികഭാഗത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ നിഷ്കാമമായും നിസംഗമായും ആരെ സഹായിക്കുന്നു. എന്തിനു സഹായിക്കുന്നു, എന്ന ചിന്ത കൂടാതെയും കര്‍മം ചെയ്യേണ്ടതെങ്ങനെ എന്ന് കര്‍മയോഗം നമ്മെ പഠിപ്പിക്കുന്നു. കര്‍മയോഗി കര്‍മം ചെയ്യുക തന്റെ പ്രകൃതിയായതുകൊണ്ടും, അതു തനിക്കു നന്മയാണെന്നു തോന്നുന്നതുകൊണ്ടും, അതിനപ്പുറം ഒന്നും ഗണിക്കാതെ കര്‍മം ചെയ്യുന്നു. ദാതാവിന്റെ നിലയാണ് കര്മയോഗിയുടേത്. ഒരിക്കലും സ്വീകര്ത്താവിന്റേതല്ല. താന്‍ ദാനം ചെയ്യുന്നവനാണെന്ന് കര്മയോഗിക്കറിയാം. ഒന്നും പകരം ആവശ്യപ്പെടാത്തതുകൊണ്ട് അയാള്‍ ദുഃഖത്തിന്റെ പിടിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ദുഃഖം എപ്പോഴുണ്ടാകുന്നതായാലും അത് ആസക്തിയുടെ പ്രത്യാഘാതഫലമത്രേ.
സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: