മൂവാറ്റുപുഴ: തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ രാഷ്ട്രീയമത്സരം മതിയെന്നും നാടിന്റെ വികസനത്തിന് രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ടൂറിസം മന്ത്രി എ.പി.അനില്‍ കുമാര്‍ പറഞ്ഞു. മൂവാറ്റുപുഴ റിവര്‍ ടൂറിസം പദ്ധതി ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയാവുമ്പോള്‍ 75 ശതമാനം തുകയും രണ്ടാംഘട്ടത്തിന് അനുവദിക്കും. മൂവാറ്റുപുഴ മുനിസിപ്പല്‍ പാര്‍ക്ക് വികസനത്തിന് ടൂറിസം പദ്ധതിയില്‍പ്പെടുത്തി തുക അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
ജോസഫ് വാഴക്കന് എംഎല്‍എ അധ്യക്ഷത വഹിച്ചു. 11 കോടി ചെലവില്‍ മൂന്ന് ഘട്ടമായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. മുനിസിപ്പല്‍ പാര്‍ക്കില്‍നിന്നും ആരംഭിച്ച് ത്രിവേണി സംഗമത്തില്‍ അവസാനിക്കുന്ന ഒന്നാംഘട്ടത്തില്‍ കുളിക്കടവ്, ബോട്ട് ജെട്ടി, നടപ്പാത എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനായി 2.25 കോടിയാണ് അനുവദിച്ചിരിക്കുന്നത്. എഫ്ഐടി കമ്പനിക്കാണ് നിര്‍മ്മാണച്ചുമതല നല്‍കിയിരിക്കുന്നത്. മുന്‍ എംഎല്‍എമാരായ ജോണി നെല്ലൂര്‍, ബാബുപോള്‍, മുനിസിപ്പല്‍ ചെയര്മാന് യു.ആര്.ബാബു, വൈസ് ചെയര്മാന് ആനീസ് ബാബുരാജ്, മുന്‍ ചെയര്മാന് എ.മുഹമ്മദ് ബഷീര്‍, കെ.ആര്.സദാശിവന് നായര്‍, മുനിസിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്, ഡിടിപിസി സെക്രട്ടറി ടി.എന്‍.ജയശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: