പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ മൃഗങ്ങള്‍ക്കുണ്ടാകുന്ന അടിയന്തര അസുഖങ്ങള്‍ക്ക് വിദഗ്ധ ചികിത്സ നല്കുന്ന രാത്രികാല ചികിത്സാ പദ്ധതി ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം റെജി ഇട്ടൂപ്പിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് പോള്‍ ഉതുപ്പ് നിര്‍വഹിച്ചു. എറണാകുളം ജില്ലയില്‍ കൂവപ്പടി, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തുകളിലായാണ് ഈ പദ്ധതി നടപ്പാക്കുന്നത്. രാത്രികാലങ്ങളില്‍ മൃഗങ്ങള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളപ്പോള്‍ കര്‍ഷകര്‍ ഡോക്ടറെ മൊബെയില്‍ ഫോണില്‍ ബന്ധപ്പെടണം. ആവശ്യമായ മരുന്നുകള്‍ സഹിതം ഡോക്ടര്‍ കര്‍ഷകരുടെ വീടുകളിലെത്തി ചികിത്സ നല്‍കുന്നതാണ് പദ്ധതിയെന്ന് അധികൃതര്‍ പറയുന്നു. കൂവപ്പടി ബ്ലോക്കിലെ രായമംഗലം, അശമന്നൂര്‍, വേങ്ങൂര്‍, മുടക്കുഴ, കൂവപ്പടി, ഒക്കല്‍ പഞ്ചായത്തുകളിലാണ് ഈ പദ്ധതിയുടെ സേവനം ലഭ്യമാകുന്നത്.
കുറുപ്പംപടിയിലുള്ള മൊബെയില്‍ വെറ്ററിനറി ആശുപത്രിയാണ് പദ്ധതിയുടെ ആസ്ഥാനം. ഈ പദ്ധതിയില്‍ അംഗമാകുന്നതിന് കര്‍ഷകര്‍ക്ക് ആകെ നൂറുരൂപയാണ് ഫീസായി അടക്കേണ്ടത്. അടിയന്തരസഹായം ലഭിക്കുന്നതിന് ഡോ. ബേസില്‍ കൊച്ചാക്കനെ 8547987077 എന്ന നമ്പറില്‍ ബന്ധപ്പെടണം. പദ്ധതി ഉദ്ഘാടനയോഗത്തില്‍ ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ബീന ദിവാകരന്, ലിസി കുര്യാക്കോസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ.ജെ.മറിയാമ്മ, ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍ ഫ്രാന്‍സിസ് ജോണ്‍, പി.ആര്.നാരായണന്, ഡോ. ബേബി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: