ശ്രീകൃഷ്ണന് ജീവഹാനി സംഭവിച്ചത് അമ്പുകൊണ്ടാണെന്ന് ഐതിഹ്യം. അമ്പേറ്റ് ചോരവാര്‍ന്നുകിടക്കുന്ന ശ്രീകൃഷ്ണഭഗവാന്റെ ചിത്രത്തിനു മുന്നില്‍ ആരും പ്രാര്‍ത്ഥിക്കുന്നതായി കാണുന്നില്ല. കളിച്ചും ചിരിച്ചും ലീലാവിലാസങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന കണ്ണനെയും ഉണ്ണിക്കണ്ണന്മാരെയും മാത്രമല്ല പാര്‍ത്ഥസാരഥിയായി നില്ക്കുന്ന പാഞ്ചജന്യം മുഴുക്കുന്ന, കൃഷ്ണനേയുമൊക്കെയാണ് ആരാധിക്കുന്നത്. അത് കൃഷ്ണഭക്തന്മാരുടെ കാര്യം. മറ്റുചിലര്‍ അങ്ങിനെയല്ല.
പീഡാനുഭവങ്ങളാണ് അവര്‍ക്കാവേശം. മുള്‍ക്കിരീടമണിഞ്ഞ് കുരിശില്‍ ചോരവാര്‍ന്ന് നില്ക്കുന്ന യേശുദേവന്റെ തിരുരൂപത്തിന് മുന്നില്‍ മുട്ടുകുത്തമ്പോഴാണ് സായൂജ്യം. പ്രാര്‍ത്ഥിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോരോ കാരണങ്ങള്‍. മതത്തിലേക്ക് ആളെ കൂട്ടാനും നിലനിര്‍ത്താനും ഓരോരോ ഉപായങ്ങള്‍. നിലനില്‍പ്പിനായി രക്തത്തെ ജീവജലമാക്കാന് എന്തെല്ലാം അഭ്യാസങ്ങള്‍. അതിലൊന്നാണ് ദേവസഹായം പിള്ളയുടെ കഥ.
ദേവസഹായം പിള്ളയെ നാളെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ കോട്ടാറില്‍ കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കാമ്പസില്‍ തയാറാക്കുന്ന പ്രത്യേക വേദിയില്‍ വൈകീട്ട് നാമകരണ ചടങ്ങുകള്‍ ആരംഭിക്കും. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയും നാമകരണ നടപടികള്‍ക്കുള്ള വിശ്വാസ തിരുസംഘത്തിന്റെ അധ്യക്ഷനുമായ കര്‍ദിനാള്‍ ആഞ്ചലോ അമാറ്റോ മുഖ്യകാര്‍മികനാകും.
കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ മെത്രാപ്പോലീത്തമാരും മെത്രാന്മാരും തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും. ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി സാല്‍വദോര്‍ പെനാച്ചിയോ, കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോര്‍ ടോപ്പോ, മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കോട്ടാര്‍ ബിഷപ് ഡോ. പീറ്റര്‍ റെമിജിയൂസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.
ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിനും നാമകരണത്തിനും പ്രധാന തെളിവായി റോമിലെ തിരുസംഘം സ്വീകരിച്ചിരിക്കുന്നത് ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് കൊച്ചി രൂപതയിലെ അന്നത്തെ ബിഷപ് മാര്‍ ക്ലമന്റ് ജോസഫ് എഴുതിയ കത്തിലെ വിവരങ്ങളാണ്. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ദേവസഹായം പിള്ളയെ ഉയര്‍ത്തുന്നതിനോടനുബന്ധിച്ചു ഡിസംബര്‍ 2ന് എല്ലാ ദേവാലയങ്ങളിലും മണികള്‍ മുഴക്കുകയും പ്രത്യേക സ്തോത്ര ഗീതങ്ങള്‍ ആലപിക്കുകയും ചെയ്യും. വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്തപ്പെടുന്നതോടെ അള്‍ത്താര വണക്കത്തിന് ദേവസഹായംപിള്ള അര്‍ഹനാകും. ഒരു അല്മായനെ വാഴ്ത്തപ്പെട്ടവനാക്കുന്നത് കത്തോലിക്കസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമത്രെ.
പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹിന്ദുമതത്തില്‍ നിന്ന് ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തിതനായ വ്യക്തിയാണ് ദേവസഹായം പിള്ള.
1712 ഏപ്രില്‍ 23ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് വാസുദേവന്നമ്പൂതിരിയുടെയും ദേവായിഅമ്മ എന്ന നായര്സ്ത്രീയുടെയും മകനായി ജനിച്ചു. മതപരിവര്‍ത്തനത്തിനു മുന്‍പ് നീലകണ്ഠപിള്ളയായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ ജോലിക്കാരന്.
കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടര്‍ന്ന്, തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഡച്ച് സൈന്യാധിപന് ഡിലനോയിയെ ഏല്‍പ്പിച്ചു. ഡിലനോയിയെ ഉദയഗിരിക്കോട്ടയുടെ ചുമതലയായിരുന്നു ഏല്പിച്ചിരുന്നത്. ചരിത്രസ്മാരകമായിരുന്ന ഉദയഗിരികോട്ട സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആയില്ല. അത് പിന്നീട് ഇടിച്ചുനിരത്തി പള്ളി നിര്‍മ്മിച്ചു.
ഡിലനോയിയുടെ സഹായിയായി മഹാരാജാവ് നീലകണ്ഠപിള്ളയെ നിയമിച്ചു. അദ്ദേഹത്തില്‍ നിന്നാണ് പിള്ള ക്രിസ്തുമതത്തെക്കുറിച്ച് കേട്ടറിഞ്ഞത്. തുടര്‍ന്ന്, തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോസഭാവൈദികനില്‍ നിന്ന് 1745 മേയ് 17ന് അദ്ദേഹം ജ്ഞാനസ്നാനം സ്വീകരിച്ചു. ഒറ്റുകാരനായതിന് നാലു കൊല്ലം ജയിലില്‍ കിടക്കേണ്ടി വന്ന ദേവസഹായം പിള്ള 1752ല്‍ രാജകല്പനപ്രകാരം വധിക്കപ്പെട്ടു. വെടിയേറ്റാണ് പിള്ള അന്തരിച്ചത്. ക്രിസ്ത്യാനിയായതുകൊണ്ടാണ് പിള്ള വധിക്കപ്പെട്ടതെന്നതിന് ചരിത്രത്തിന്റെ പിന്‍ബലമില്ല.
റോമന്‍ കത്തോലിക്കരില്‍ ചിലര്‍ അദ്ദേഹത്തെ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി വ്യാഖ്യാനിക്കുകയാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോം സന്ദര്‍ശിച്ചവരാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. നാമകരണത്തിന്റെ ചുമതലക്കാരനായ മാറെപോഷ്കി എന്ന കര്‍ദ്ദിനാളിന് അപേക്ഷിച്ചതായി 1785ല്‍ എഴുതിയ വര്‍ത്തമാനപ്പുസ്തകം എന്ന യാത്രാവിവരണഗ്രന്ഥത്തില്‍ പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2004ല്‍, ഭാരതത്തിലെ മെത്രാന്മാരുടെ സമിതിയുടെ തമിഴ്നാട് ശാഖ, ദേവസഹായം പിള്ളയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തണമെന്ന് വത്തിക്കാനോട് ശുപാര്‍ശചെയ്തു. ഇദ്ദേഹത്തിന് രക്തസാക്ഷി പദവി കല്പിച്ചുകൊണ്ടാണിത്. ദേവസഹായംപിള്ളയെ ചൂണ്ടിക്കാട്ടി തമിഴ്നാട്ടിനെ മാത്രമല്ല തിരുവിതാംകൂറിനെ ഒന്നാകെ ജ്ഞാനസ്നാനം ചെയ്യാനുള്ള ആസൂത്രിത നീക്കമുണ്ട്. അത് ആരംഭിച്ചതാകട്ടെ ഇന്നും ഇന്നലെയുമല്ല. അതിന്റെ ഒരു നാഴിക കല്ലാണ് ഈ വാഴ്ത്തപ്പെടലെന്ന് മാത്രം. ദേവസഹായം പിള്ളയുടെ തൂക്കിയ വീരേതിഹാസം ഗീബല്‍സിന്റെ തന്ത്രമല്ലാതെ മറ്റൊന്നല്ല. വീരേതിഹാസം ചമച്ച് അതിന് ഒരവതാരിക എഴുതാന്‍ തിരുവനന്തപുരത്തെ പ്രഗത്ഭനായ ഒരു ചരിത്രകാരനെ സമീപിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ചരിത്രമറിയുന്നതിനാല്‍ അദ്ദേഹം വിസമ്മതിച്ചപ്പള് വത്തിക്കാനിലേക്ക് വിസയും എത്രകാലം അവിടെ താമസിക്കാനുള്ള ഓഫറും വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹമതി നിരസിച്ചെങ്കിലും ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായി നില്ക്കുന്നവര് നിരനിരയുള്ളതിനാല് ദേവസഹായം പിള്ളയെ വാഴിക്കുന്നതിനാണോ പ്രയാസം. പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറില്‍ മതപരമായ പീഡനം നിലനിന്നിരുന്നുവെന്നതിന് യാതൊരു സൂചനയും ഇല്ലെന്നും ദേവസഹായം പിള്ളയുടെ വധശിക്ഷ രാജദ്രോഹക്കുറ്റത്തിന്റെ പേരിലായിരുന്നെന്നുമാണ് ചരിത്രരേഖകളെല്ലാം പറയുന്നത്.
ചരിത്രകാരന്മാര് സാക്ഷ്യപ്പെടുത്തുന്നതും മറ്റൊന്നല്ല. അതീവരഹസ്യമായ കൊട്ടാരത്തിലെ വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്ത്തിക്കൊടുക്കുന്നതിനാണ് ദേവസഹായം പിള്ളയെ ജയിലിലടച്ചതെന്നാണ് ചരിത്രകാരന്മാര് പറയുന്നത്. മറിച്ച് മതംമാറിയതിനാല്‍ ദേവസഹായം പിള്ളയെ വകവരുത്തണമെങ്കില്‍ ഇത്രയും വര്‍ഷം കാത്തിരിക്കേണ്ടതില്ലല്ലൊ. മാത്രമല്ല മതപ്രചാരണത്തിന് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് ഒട്ടേറെ സഹായങ്ങള്‍(വഴിവിട്ടുപോലും) നല്കിയ പാരമ്പര്യമാണ് തിരുവിതാംകൂര്‍ രാജാക്കന്മാര്ക്കെന്ന ആരോപണമുണ്ട്. നിരവധി പള്ളി പണിയാനുള്ള സ്ഥലവും സഹായവും നല്കി. തിരുവനന്തപുരത്തേക്ക് മാറ്റിയ കവടിയാര്‍ കൊട്ടാരത്തിന് തൊട്ടുചേര്‍ന്നുതന്നെ ബിഷപ്ഫൗസടക്കമുള്ള സങ്കേതങ്ങള്‍ ഒരുക്കിയത് തിരുവിതാംകൂര്‍ ഭരണാധികാരികളുടെ സൗജന്യങ്ങളോടെയാണ്. രാജ്യദ്രോഹത്തിന് വധിച്ച ഒരാളെ വത്തിക്കാന്‍ വാഴ്ത്തപ്പെടുമ്പോള്‍ അപകീര്‍ത്തിക്കപ്പെടുന്നത് തിരുവിതാംകൂര്‍ രാജപരമ്പരയെ തന്നെയാണ്.
>> കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: