ഭരണക്കാരുടെ കറവപ്പശുവാണ് പ്രതിരോധവകുപ്പ്. അവിടെ നടക്കുന്ന കച്ചവടങ്ങളില്‍ നൂറുനൂറായിരം കോടികളുടെ കോഴകളും ക്രമക്കേടുകളും നടമാടാറുണ്ടെന്നത് ഒരു ആരോപണമേ അല്ല. ഇന്ത്യയിലെ ഏറ്റവും വലിയ ആദ്യത്തെ അഴിമതി രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നടന്നതാണ്.
ബോഫോഴ്സ് തോക്കിടപാടിലെ അഴിമതി ആരോപണത്തില്‍ നിന്നും തീര്‍ത്തും മുക്തമാകാന്‍ കോണ്‍ഗ്രസ്സിനോ രാജീവ്ഗാന്ധിയുടെ കുടുംബത്തിനോ കഴിഞ്ഞിട്ടില്ല. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ എന്‍ഡിഎ ഭരണകാലത്ത് ജോര്ജ്ഫര്ണാണ്ടസിനെതിരെ ആരോപണവുമായി രംഗത്തിറങ്ങുകയായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ രക്തസാക്ഷികളാകുന്ന ധീരജവാന്മാരുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനായി വാങ്ങിയ ശവപ്പെട്ടി ഇടപാടില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചിരുന്നു. അത് അടിസ്ഥാനരഹിതമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
സംശുദ്ധനും ആദര്ശശാലിയുമെന്നാണ് ഇന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെക്കുറിച്ച് പൊതുവെ പറയുന്നത്. ആന്റണിക്കും ആ വകുപ്പിലെ അഴിമതി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്നാണ് കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രതിരോധവകുപ്പിനെതിരെ സിഎജി റിപ്പോര്‍ട്ടില്‍ രൂക്ഷവിമര്‍ശനമാണ് നടത്തിയിട്ടുള്ളത്. നിര്‍മ്മാണപദ്ധതികള്‍ കരാര്‍ നല്കുന്നതില് ഒരുവിധ സുതാര്യതയും പുലര്‍ത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. സൈന്യത്തിന്റെ വക സ്ഥലങ്ങള്‍ യാതൊരു മാനദണ്ഡവുമില്ലാതെ സ്വകാര്യ റിയല്‍എസ്റ്റേറ്റുകാര്‍ക്ക് നല്കിയ കാര്യവും റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) ആണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടത്. പദ്ധതികളെക്കുറിച്ച് യാതൊരു ഗൗരവവുമില്ലാതെയാണ് ഡിആര്‍ഡിഒ പ്രവര്‍ത്തിക്കുന്നത്. നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ മതിയായ രേഖകള്‍ പോലും ഡിആര്‍ഡിഒയുടെ പക്കലില്ല. ആവശ്യമുള്ള പദ്ധതികള്‍ക്ക് പലതിനും പണം അനുവദിക്കാറില്ല. എന്നാല്‍ പൂര്‍ത്തിയാക്കാത്ത ചില പദ്ധതികള്‍ക്ക് വീണ്ടും വീണ്ടും പണം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എത്ര പദ്ധതികള്‍ക്ക് എത്ര പണം അനുവദിച്ചു എന്നതിനൊന്നും യാതൊരു കണക്കുകളുമില്ല. ഒരേ കാര്യത്തിനായി ഒന്നിലധികം പദ്ധതികള്‍ക്ക് പണം നല്‍കിയിട്ടുമുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ കണ്ടെത്താവുന്ന ഇത്തരം പിഴവുകള്‍ വരുത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകണമെന്നുംറിപ്പോര്ട്ടില് ശുപാര്ശചെയ്തിരിക്കുന്നു.
പദ്ധതികള്‍ക്ക് അനുവദിക്കുന്ന സാമ്പത്തിക പരിധിയെക്കുറിച്ച് 2010 ല്‍ ഒരു ധാരണ വന്നിരുന്നു. ഇതനുസരിച്ച് ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറലിന് 25 കോടിയുടെയും പ്രതിരോധ സെക്രട്ടറിക്ക് 60 കോടിയുടെയും പദ്ധതികള്‍ക്ക് അനുമതി നല്‍കാം. എന്നാല്‍ ഇത് 50 കോടിയും 75 കോടിയുമായി സ്വമേധയാ ഉയര്‍ത്തി. മാത്രമല്ല ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറല്‍ പദവിയും പ്രതിരോധ സെക്രട്ടറിസ്ഥാനവും ഒരാള്‍തന്നെ വഹിക്കുകയും ചെയ്യുന്നു, സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സൈന്യത്തിന്റെ കീഴിലുള്ള കണ്ണായ സ്ഥലങ്ങള്‍ അന്യാധീനപ്പെടുത്താനും റിയല്‍ എസ്റ്റേറ്റ് ലോബിക്ക് വില്‍ക്കാനും ചിലര്‍ കൂട്ടുനില്‍ക്കുന്നതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈയിലെ 5166 സ്ക്വയര്‍ മീറ്റര്‍ ഭൂമി 1942 മുതല്‍ സൈന്യത്തിന്റെ കൈവശമാണ്. 2007 ല്‍ ഈ ഭൂമി സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് സ്വന്തമാക്കി വീടുകള്‍ വേണ്ടെന്നുവെച്ചു. കോടികള്‍ വിലമതിക്കുന്ന ഈ ഭൂമി നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവത്തിലുള്ള നടപടി ഉണ്ടായില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം ഉള്‍പ്പെടെ പുറത്തുവന്ന വെട്ടിപ്പുകള്‍ വകുപ്പിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. അടുത്തിടെ വകുപ്പുമന്ത്രിയും സേനാമേധാവിയും വിവാദത്തില്‍ ഏര്‍പ്പെട്ടതും മോശം കീഴ്വഴക്കമായിരുന്നു. ഇതിനൊക്കെ ശേഷമാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സൈന്യത്തിന്റെ മനോവീര്യമാണ് ഈവക കാര്യങ്ങളെല്ലാം കൊണ്ട് നഷ്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: