ഓരോ രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാരവാഹികള്‍ ആരാകണമെന്നതൊക്കെ പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്നമാണ്. സ്വതവേ മറ്റുള്ളവര്‍ ഇടപെടുകയോ അഭിപ്രായം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് അഭികാമ്യമല്ല. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളുടെ പൊതുജനങ്ങളെ ബാധിക്കുന്നതും ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നതുമൊക്കെയാവുമ്പോള് ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് സ്വാഭാവികമാണ്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ കാര്യത്തില്‍ അത്തരമൊരു സന്ദര്‍ഭമാണ് ഇപ്പോഴുള്ളത്. കെപിസിസി പുനഃസംഘടനയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ അധികസമയവും ചെലവാകുന്നത്. തിരുവനന്തപുരം-ദല്‍ഹി ഷട്ടില്‍ സര്‍വീസ് എന്നപോലെ അദ്ദേഹത്ത് സഞ്ചരിക്കേണ്ടിവരുന്നു. മന്ത്രിമാരും എംഎല്‍എമാരും നേതാക്കളുമൊക്കെ സായുധരായ സുരക്ഷാസംവിധാനമൊരുക്കി യാത്രചെയ്യേണ്ട സാഹചര്യവും വന്നിരിക്കുകയാണ്.
പുനഃസംഘടന സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കൈമാറിയ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിക്കാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പിനെതിരെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തുവന്നതിനെതുടര്ന്നാണിത്.പുന:സംഘടന സംബന്ധിച്ച് ചില കൂടിയാലോചനകള്‍ കൂടി നടത്തേണ്ടതുണ്ടെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രിഅറിയിച്ചിരിക്കുന്നത്. ഇത് പൂര്‍ത്തിയാക്കി വൈകാതെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നും മിസ്ത്രി പറയുന്നു. കെപിസിസി പട്ടിക നല്‍കിയെങ്കിലും സ്വന്തം നിലയ്ക്കുള്ള ചില ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നടത്തുകയാണ്. രാഹുലിന്റെയും സോണിയയുടെയും ഇഷ്ടക്കാരെ കുത്തിനിറയ്ക്കാനാണിതെന്ന് പരക്കെ പറയപ്പെടുന്നു. സോണിയാ ഗാന്ധിക്ക് ഫാക്സ് സന്ദേശമയച്ച വി.എം. സുധീരന്, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പിനെ എതിര്‍ത്ത വയലാര്‍ രവി തുടങ്ങിയവര്‍ എന്ത് നിലപാടാണ് സ്വീകരിക്കാന്പോകുന്നതെന്നറിയില്ല.
പുനഃസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കെപിസിസി പ്രസിഡന്റ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐഐസിസിക്കു വേണ്ട ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറയുന്നുണ്ട്. മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും പിടിവിട്ടു എന്ന അവസ്ഥയാണുള്ളത്. അസ്വസ്ഥതകളും ആവലാതികളുമാണ് പരക്കെ. ഇനി പ്രഖ്യാപനം വരുമ്പോള്‍ അറിയാം പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന്. സംഘടനകള്‍ ജനാധിപത്യം ഉപേക്ഷിച്ച് ഇമ്മാതിരി ഗിമ്മിക്കുകളെ ആശ്രയിക്കുന്നത് ഒട്ടും ആശ്വാസ്യമല്ലെന്ന് പറയേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: