ശബരിമല: പമ്പയില്‍ നിന്ന് തീര്‍ത്ഥാടകര്‍ അന്‍പത് പേരുണ്ടായിട്ടും കായംകുളത്തേക്ക് ബസ് സര്‍വീസ് നടത്താത്തതില്‍ പ്രതിഷേധിച്ച് അയ്യപ്പന്മാര് ശരണം വിളികളോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് ഉപരോധിച്ചു. ഒടുവില്‍ പോലീസെത്തി പ്രശ്നം പരിഹരിച്ചു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ശബരിമലയില്‍ പദയാത്രയായെത്തിയ മാളികപ്പുറങ്ങള്‍ ഉള്‍പ്പടെയുള്ള 51 അംഗ തീര്‍ത്ഥാടക സംഘമായിരുന്നു കായംകുളത്തേക്ക് പോകാനുണ്ടായിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി അധികൃതര്‍ സര്‍വീസ് നടത്താന്‍ തയ്യാറായില്ല. നിലവില്‍ 86 രൂപയാണ് പമ്പയില്‍ നിന്ന് കായംകുളത്തേക്കുള്ള നിരക്ക് എന്നാല്‍ റിസര്‍വേഷന്‍ ചാര്‍ജ് അടക്കം ഒരാള്‍ക്ക് 115 രൂപ വേണമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ നിര്‍ബന്ധം പിടിച്ചു. ഇതേ തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ കൊള്ളയില്‍ പ്രതിഷേധിച്ച് അര മണിക്കൂറോളം തീര്‍ത്ഥാടകര്‍ ബസ് സ്റ്റേഷന് ഉപരോധിച്ചു. ഒടുവില്‍ പോലീസെത്തി ചര്‍ച്ച നടത്തി യഥാര്‍ത്ഥ നിരക്കില്‍ തന്നെ ബസ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: