ന്യൂദല്‍ഹി: കാവേരി നദീജലതര്‍ക്കത്തില്‍ സുപ്രീംകോടതി തിങ്കളാഴ്ച കര്‍ണാടകയുടെയും തമിഴ്നാടിന്റെയും വാദം കേള്‍ക്കും. തര്‍ക്കം പരിഹരിക്കാന്‍ തമിഴ്നാട്-കര്‍ണാടക മുഖ്യമന്ത്രിമാര്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് പ്രശ്നത്തില്‍ സുപ്രീംകോടതി വീണ്ടുമിടപെടുന്നത്.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇരുമുഖ്യമന്ത്രിമാരുടെയും ചര്‍ച്ച. ഇരുസംസ്ഥാനങ്ങളുടെയും വാദത്തിന് അടിസ്ഥാനമായ ഫയലുകള്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്നും ജസ്റ്റിസുമാരായ ഡി.കെ.ജയ്ന്‍, മദന്‍.ബി.ലോക്കൂര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറുമായി തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നടത്തിയ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് സി.എസ്.വൈദ്യനാഥന് കോടതിയെ അറിയിച്ചു. ഡിസംബര്‍ ഒന്നുമുതല്‍ 15 വരെയുള്ള കാലയളവില്‍ കുറഞ്ഞത് 30 ഘനയടി ജലമെങ്കിലും കര്‍ണാടക നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തെ വരള്‍ച്ച നേരിടാനാകാതെ കൃഷി പൂര്‍ണമായും നശിക്കുമെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതേ കാലയളവില്‍ 78 ഘനയടി ജലം ലഭിച്ചില്ലെങ്കില്‍ കര്‍ണാടകയിലെ കൃഷിയും ഇതേ അവസ്ഥയിലേക്ക് കടക്കുമെന്നും നിലവില്‍ ഇതില്‍ കുറച്ച് ജലം മാത്രമാണ് ലഭിക്കുന്നതെന്നും കര്‍ണാടക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അനില്‍ ദിവാന് കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: