ലണ്ടന്‍: ഗര്‍ഭച്ഛിദ്രം നിഷേധിച്ചതിനെത്തുടര്‍ന്ന് അയര്‍ലന്റില്‍ ഇന്ത്യന്‍ വംശജ സവിത ഹാലപ്പനവര്‍ മരിച്ച സംഭവത്തില്‍ നീതി തേടി ഭര്‍ത്താവ് പ്രവീണ്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലേക്ക്. യുവതിയുടെ മരണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന സവിതയുടെ കുടുംബത്തിന്റെ ആവശ്യത്തോട് ഐറിഷ് ആരോഗ്യ വകുപ്പ് മന്ത്രി വിസമ്മതിച്ച സാഹചര്യത്തിലാണ് ഇത്.
കോടതിയെ സമീപിക്കുന്നതിനായി ഉപദേശക സമിതി രൂപീകരിച്ചതായും സമിതിയുടെ നിര്‍ദ്ദേശപ്രകാരം കോടതിയില്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുമെന്നും പ്രവീണിന്റെ അഭിഭാഷകനായ ജറാര്‍ഡ് ഒ ഡണല്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള വനിത-മനുഷ്യാവകാശ സംഘടനകളില്‍നിന്നും സ്വതന്ത്ര അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തിന് പിന്തുണ ലഭിച്ചിരുന്നതായും അദ്ദേഹം അറിയിച്ചു.
ഹെല്‍ത്ത് ആന്റ് സെക്യൂരിറ്റി എക്സിക്യൂട്ടീവിന് കീഴിലും പിന്നീട് എച്ച് എസ്ഇയുടെ അഭ്യര്‍ത്ഥന പ്രകാരം ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ആന്റ് ക്വാളിറ്റി അതോറിറ്റിയുടെ കീഴിലും സ്വകാര്യ അന്വേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും ഈ രണ്ട് അന്വേഷണങ്ങളും തൃപ്തികരമല്ലെന്ന് പ്രവീണ്‍ പറഞ്ഞു.
കടുത്ത നടുവേദനയെത്തുടര്‍ന്ന് നാലുമാസം ഗര്‍ഭിണിയായിരുന്ന സവിതയെ ഗാല്‍വെ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗര്‍ഭസ്ഥശിശുവിന്റെ ഹൃദയമിടിപ്പ് നിലനിന്നിരുന്നതിനാലും അയര്‍ലന്റ് ഒരു കത്തോലിക്കാ രാഷ്ട്രമാണെന്ന കാരണത്താലും യുവതി പലതവണ ആവശ്യപ്പെട്ടിട്ടും ആശുപത്രി അധികൃതര്‍ ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നു തുടര്‍ന്ന് രക്തത്തില്‍ ഉണ്ടായ അണുബാധമൂലം സവിത മരിക്കുകയായിരുന്നുവെന്നും പ്രവീണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: