പൊന്‍കുന്നം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ആനകള്‍ക്ക് ദുരിതപര്‍വ്വം. യഥാസമയം ചികിത്സയും, പരിചരണവും കിട്ടാതെ ആനകള്‍ അവശതയിലാണ്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയില്‍ 40 ല്‍ പരം ആനകളാണുള്ളത്.
ഈ ആനകള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. കര്‍ക്കിടക മാസത്തില്‍ നല്‍കിയിരുന്ന സുഖചികിത്സ ആനകള്‍ക്ക് ലഭിച്ചിട്ട് മൂന്ന് വര്‍ഷമായി. ആനകള്‍ക്ക് സുഖ ചികിത്സ നല്‍കുന്നത് ബോര്‍ഡിന് നഷ്ടമാണെന്ന് പറഞ്ഞാണ് അധികൃതര്‍ ഇത് നിര്‍ത്തലാക്കിയത്. മാത്രമല്ല വെറ്റിനറി ഡോക്ടറുടെ സേവനവും ആനകള്‍ക്ക് ലഭിക്കുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ അധീനതയിലെ വിവിധക്ഷേത്രങ്ങളിലുള്ള ആനകള്‍ക്കായി ഒരു വെറ്റിനറി ഡോക്ടര്‍ മാത്രമാണുള്ളത്.
ആനകള്‍ക്ക് യഥാസമയം ചികിത്സയും പരിചരണവും നല്കാത്തതിനാല് ബോര്‍ഡിന്റെ മിക്ക ആനകളും ഇന്ന് രോഗാവസ്ഥയിലാണ്. പേരുകേട്ട പല ആനകളും വെള്ളവും തീറ്റയും ചികിത്സയും ഒന്നും തന്നെ നല്‍കാതെ പീഡിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. ആനകളെ പരിപാലിക്കുന്ന കാര്യത്തില്‍ ദേവസ്വംബോര്‍ഡ് അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ആനകളെ പരിപാലിക്കുന്നത് പാപ്പാന്മാരുടെയും ഉപദേശകസമിതികളുടെയും ചുമതലയാക്കി മാറ്റുകയാണ് ബോര്‍ഡ് അധികാരികള്‍. ആനകള്‍ക്ക് രോഗം ബാധിച്ചാല്‍ പാപ്പാന്മാര് തന്നെ ചികിത്സിക്കണമെന്ന രീതിയാണുള്ളത്.
ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കൊമ്പനാനകള്‍ക്ക് മദപ്പാടിന് ശേഷം നല്‍കേണ്ട ഒരു ശുശ്രൂഷയും നല്‍കാറില്ല. മയക്കുവെടിയേറ്റ ആനകള്‍ക്ക് ലഭിക്കേണ്ട മതിയായ ചികിത്സയും പരിചരണവും പലപ്പോഴും നല്‍കാറില്ല. ഇത് ആനകള്‍ക്ക് രോഗം ബാധിക്കാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടുന്നു.
ആനകള്‍ക്ക് ചികിത്സയും പരിചരണവും നല്‍കിയെന്ന രേഖകളുണ്ടാക്കി ബോര്‍ഡിലെ ചിലര്‍ പണം തട്ടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ആനകള്‍ ബോര്‍ഡിന് ബാധ്യതയാണെന്നാണ് ബോര്‍ഡ് അധികാരികള്‍ പറയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ചികിത്സയും പരിചരണവും നല്‍കാതെ ആനകളെ പീഡിപ്പിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ബോര്‍ഡിന്റെ അനാസ്ഥയും പാപ്പാന്മാരുടെ പീഡനവും കൊണ്ട് മുമ്പ് ആനകള്‍ ചെരിഞ്ഞിട്ടുണ്ട്.
ദേവസ്വം ബോര്‍ഡുവക ആനകളെ പീഡിപ്പിക്കാതെ സംരക്ഷിക്കാന്‍ നടപടിയെടുക്കാത്ത സാഹചര്യതില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
>> സുഭാഷ് വാഴൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: