കയ്റോ: പുതിയ ഭരണഘടനയുടെ കരട് രൂപത്തിന് ഈജിപ്ത് ഭരണഘടനാ അസംബ്ലി അംഗീകാരം നല്കി. അസംബ്ലി അംഗീകരിച്ച കരട് രൂപം ഹിതപരിശോധനയ്ക്കായി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ പ്രസിഡന്റ് മൊഹമ്മദ് മുര്‍സിക്ക് കൈമാറുകയും ചെയ്തു.
ഭരണഘടനയിലെ 234 ചട്ടങ്ങളില്‍ ചിലത് അംഗീകരിക്കാന്‍ വോട്ടെടുപ്പ് വേണ്ടിവന്നു. ചിലത് എതിര്‍പ്പില്ലാതെ അംഗീകരിക്കുകയും ചെയ്തു. പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ട് മൂന്നു മണി മുതലാണ് ഭരണഘടനാ അസംബ്ലിയുടെ മാരത്തണ്‍ സെക്ഷന്‍ ആരംഭിച്ചത്. 100 അംഗ അസംബ്ലിയിലെ ലിബറല്‍, ഇടതുപക്ഷ അംഗങ്ങളും ക്രൈസ്തവ പ്രതിനിധികളും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു.
പുതിയ ഭരണഘടന പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. നിലവിലെ അധികാരങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്തുന്നതാണ് പുതിയ ഭരണഘടന. എന്നാല്‍ പ്രഖ്യാപനത്തിനെതിരെ ഈജിപ്തില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പുതിയ പ്രഖ്യാപനമനുസരിച്ച് ഒരു ജുഡീഷല്‍ വ്യവസ്ഥയ്ക്കും ഇപ്പോള്‍ ഭരണഘടനാ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ഭരണഘടനാ നിയമസഭയെ പിരിച്ചുവിടാന്‍ കഴിയില്ല. പ്രസിഡന്റ് പുറത്തിറക്കുന്ന പ്രഖ്യാപനം അവസാനവാക്കായിരിക്കും. ഇതിനെതിരെ ആര്‍ക്കും അപ്പീല്‍ പോകാന്‍ കഴിയില്ല. ഭരണ വിപ്ലവത്തെ സംരക്ഷിക്കാന്‍ വേണ്ടി എന്തു തീരുമാനിക്കാനും പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: