കൊച്ചി: സര്‍ക്കാര്‍ ഗ്രാന്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ ആയിരക്കണക്കിന് വായനശാലകള്‍ പ്രതിസന്ധിയില്‍. പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രറികള്‍ക്ക് ഫണ്ടില്ലാതായതോടെ ചെറുകിട പുസ്തകപ്രസാധകരും ദുരിതത്തിലായി. വായനയെ പരിപോഷിപ്പിക്കാനും പുസ്തകങ്ങളുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനിടെയുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം കേരളത്തെ വലിയൊരു സാംസ്കാരിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുഖേന ലൈബ്രറികള്‍ക്ക് നല്‍കേണ്ട ഗ്രാന്റാണ് സര്‍ക്കാര്‍ നിസാരപ്രശ്നങ്ങളുടെ പേരില്‍ തടഞ്ഞുവെച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പദ്ധതി, പദ്ധതിയേര ഗ്രാന്റുകളായി ആകെ 15.50 കോടി രൂപ ലൈബ്രറി കൗണ്‍സിലിന് വകയിരുത്തിയിരുന്നെങ്കിലും ഏഴുമാസം കഴിഞ്ഞിട്ടും ഒരു പൈസ പോലും അനുവദിച്ചിട്ടില്ലത്രേ. പബ്ലിക് ലൈബ്രറീസ് ആക്ട് സെക്ഷന്‍ 48 പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഈടാക്കുന്ന കെട്ടിട/വസ്തു നികുതികള്ക്കൊപ്പം ഒരു രൂപക്ക് 5 പൈസ പ്രകാരം പിരിക്കുന്ന ലൈബ്രറി സെസും സര്‍ക്കാര്‍ തടഞ്ഞിരിക്കയാണ്.
കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഈ ഇനത്തില്‍ പൊതുജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്നത്. സര്‍ക്കാരില്‍നിന്ന് കൊടുക്കുന്ന ഗ്രാന്റിന് പുറമെയാണ് ഈ സര്‍ചാര്‍ജ് തുക ലൈബ്രറി കൗണ്‍സിലിന് നല്കിവന്നിരുന്നത്. 1984 ലെ ഗ്രന്ഥശാലാ ബില്ലിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ വഴി പിരിച്ചെടുക്കുന്ന തുകയുടെ 5 ശതമാനം പണം കൊടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ലൈബ്രറി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമാക്കാന്‍ വേണ്ടിയായിരുന്നു ഈ നടപടി. എന്നാല്‍ ഇപ്പോള്‍ പിരിച്ചെടുക്കല്‍ മാത്രമാണ് കൃത്യമായി നടക്കുന്നത്. നേരത്തെ തദ്ദേശസ്ഥാപനങ്ങള്‍ ജനങ്ങളില്‍നിന്ന് നിര്‍ബന്ധമായി സെസ് വാങ്ങിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇത് കര്‍ശനമായി പിരിക്കുന്നുണ്ട്. പഞ്ചായത്തുകള്‍ ഈ പണം കൃത്യമായി സര്‍ക്കാരിലേക്ക് അടക്കുകയും ചെയ്യുന്നു. കോര്‍പ്പറേഷനുകളും കൃത്യമായി സെസ് പിരിക്കുന്നുണ്ടെങ്കിലും തോന്നിയതുപോലെയാണ് സര്‍ക്കാരിലേക്ക് അടയ്ക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.
കേരളത്തില്‍ 7000 ത്തോളം ലൈബ്രറികളാണുള്ളത്. ഇതില്‍ 6000 സജീവ ലൈബ്രറികളാണ്. സെസും ഗ്രാന്റും മുടങ്ങിയതോടെ നിത്യച്ചെലവുകള്‍ക്കുപോലും സംസ്ഥാനത്തെ ചെറുകിട ഗ്രന്ഥശാലകള്‍ പ്രയാസപ്പെടുകയാണ്. കേരളത്തിലെ ലൈബ്രറികള്‍ ഇവിടുത്തെ പുസ്തകവിപണിയില്‍ പ്രതിവര്‍ഷം 20 കോടിയോളം രൂപയാണ് ചെലവഴിക്കുന്നത്. സെസും ഗ്രാന്റുംഇല്ലാതാകുന്നതോടെ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ ലൈബ്രറികള്‍ക്ക് കഴിയില്ല. ഇതുമൂലം പ്രസാധകരും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. പതിവായി നടത്താറുള്ള പുസ്തകോത്സവം പോലും ഫണ്ടിന്റെ അഭാവംമൂലം മുടങ്ങിയിരിക്കുകയാണെന്ന് കേരള ഗ്രന്ഥശാലാ സംഘം സെക്രട്ടറി സി.എ. ചന്ദ്രന് ‘ജന്മഭൂമി’യോട് പറഞ്ഞു. ലൈബ്രറികള്‍ക്കുള്ള വാര്‍ഷിക ഗ്രാന്റിന് പുറമെ ലൈബ്രേറിയന്‍ അലവന്‍സും മുടങ്ങിയിരിക്കുകയാണ്. പദ്ധതി, പദ്ധതിയേതര ഗ്രാന്റ് ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ കര്‍മപരിപാടിയില്‍ ഉള്‍പ്പെട്ട ജയില്‍, അഗതിമന്ദിരങ്ങള്‍, വൃദ്ധസദനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയവയുടെ ലൈബ്രറി പദ്ധതികള്‍ക്ക് ഭരണാനുമതിയും ഫണ്ടും നല്‍കിയിരുന്നത്. ഇക്കൊല്ലത്തെ പണം ലാപ്സാകാനുള്ള സാധ്യത ഏറിയതോടെ അടുത്തവര്‍ഷം മുതല്‍ ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരവും നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. പുസ്തകങ്ങള്‍ക്ക് പുറമെ ദിനപത്രങ്ങളും ആനുകാലികങ്ങളും വാങ്ങാനുള്ള ശേഷി ലൈബ്രറികള്‍ക്ക് ഇല്ലാതാകുന്നതോടെ സംസ്ഥാനത്ത് വലിയൊരു സാംസ്കാരിക ശൂന്യത ഉടലെടുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കൗണ്‍സിലിന് ഫണ്ട് അനുവദിക്കുന്നതു സംബന്ധിച്ച ഫയല്‍ വിദ്യാഭ്യാസവകുപ്പുമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ഓഫീസാണ് മടക്കിയിരിക്കുന്നത്. ലൈബ്രറി കൗണ്സലിലില് 2006 ല്‍ നടന്ന ചില നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഫണ്ട് അനുവദിക്കുന്നതിന് തടസമായി പറയുന്നത്. എന്നാല്‍ ഇത് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെന്ന് ചന്ദ്രന് പറയുന്നു. വകുപ്പുമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയും നല്കിയിട്ടുണ്ടത്രേ. സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ നേരിടുന്ന പ്രതിസന്ധികള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒക്ടോബര്‍ ആദ്യവാരം നിവേദനവും നല്‍കിയിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍നിന്ന് അടുത്തിടെയാണ് താന്‍ ഇതെല്ലാം അറിഞ്ഞതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കുകയുണ്ടായി. ഇരുകുട്ടരും തമ്മിലുള്ള രാഷ്ട്രീയ വടംവലികള്‍ക്കിടയില്‍ പുസ്തകപ്രേമികളും വായനാതല്പരരുമായ വലിയൊരു വിഭാഗത്തിന്റെ ആഗ്രഹാഭിലാഷങ്ങളാണ് കൂമ്പടയുന്നത്.
ഇതേസമയം, ലൈബ്രറി കൗണ്‍സിലില്‍ താല്‍ക്കാലികമായി നിയമിച്ച 13 ജീവനക്കാരെ പിരിച്ചുവിടണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത സാഹചര്യത്തിലാണ് ഫണ്ടുകള്‍ തടഞ്ഞിരിക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ഓഫീസില്‍നിന്ന് അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കുന്നതിന് പകരം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയാണ് കൗണ്‍സില്‍ ചെയ്തത്. ഇത് വെക്കേറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശവും പാലിക്കപ്പെട്ടില്ല. 33 പേരുടെ കരാര്‍ റദ്ദാക്കണമെന്ന നിര്‍ദ്ദേശവും കേസില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതും വെക്കേറ്റ് ചെയ്യണമെന്ന ആവശ്യവും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഫണ്ടുകള്‍ തടഞ്ഞിരിക്കുന്നതെന്ന് മന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് ‘ജന്മഭൂമി’യോട് പറഞ്ഞു.
>> രാജേഷ് പട്ടിമറ്റം
പ്രതികരിക്കാൻ ഇവിടെ എഴുതുക: