കോഴിക്കോട്: രാഷ്ട്രതന്ത്രജ്ഞതയോടെ പെരുമാറിയ വ്യക്തിത്വമായിരുന്നു പഴശ്ശിരാജാവിന്റേതെന്ന് ഡോ.എം.ആര്.രാഘവവാരിയര്‍. പഴശ്ശിരാജ- തലക്കര ചന്തു അനുസ്മരണസമിതിയും കേരളവനവാസി വികാസ കേന്ദ്രവും സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തലശ്ശേരിയിലെ ക്രിസ്റ്റഫര്‍ വീല്‍, ജെയിംസ് സ്റ്റീവന്‍സണ്‍ എന്നീ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ ജെയിംസ് പഴശ്ശിയുമായി കടുത്തവിരോധത്തിലായി. അപ്പോള്‍ നേരിട്ട് യുദ്ധം ചെയ്യാന്‍ പഴശ്ശി തയ്യാറായില്ല.അത്തരമൊരു യുദ്ധം വന്‍ ആള്‍നാശത്തിലും ദ്രവ്യനാശത്തിലും ചെന്നെത്തിക്കുമായിരുന്നുവെന്ന് പഴശ്ശിക്കറിയാമായിരുന്നു.ബ്രിട്ടീഷുകാരുടെ നെറികേടിനെതിരെ യുദ്ധം ചെയ്യുന്നതിനു മുമ്പ് ഒരുപാട് ചര്‍ച്ചകളും കത്തിടപാടുകളും നടത്തി.പിന്നീട് നടന്ന ദേശീയ സ്വാതന്ത്ര്യസമര കാലത്തും ഈ രീതി ആവര്‍ത്തിക്കുന്നതായി കാണാം. സമരത്തോടൊപ്പം ചര്‍ച്ചകളും നടന്നിരുന്നു, രാഘവവാര്യര് ചൂണ്ടിക്കാട്ടി.
കേരളത്തിനെ ആദ്യമായി അടിയറവ്പറയിച്ച ടിപ്പുവിന്റെ പടയോട്ടക്കാലത്ത് കുറമ്പനാട്ടെ വീരവര്മ്മരാജാവ് വേണാട്ട്കരയ്ക്ക് രക്ഷപ്പെട്ടു. എന്നാല്‍ സ്വയംരക്ഷപ്പെടാന്‍ നില്‍ക്കാതെ തന്റെ പ്രജകളുടെ രക്ഷക്കായി പഴശ്ശി നാട്ടില്‍ ഉറച്ചു നിന്നു. ദേശാഭിമാനിയും കവിയും രാഷ്ട്രതന്ത്രജ്ഞനുമായ വിഭിന്ന വ്യക്തിത്വങ്ങള്‍ കൂടിച്ചേര്‍ന്നതാണ് പഴശ്ശി. അദ്ദേഹം എഴുതിയ എഴുത്തുകളിലൂടെ കടന്നുപോവുമ്പോള്‍ മാത്രമാണ് പഴശ്ശിയെ പൂര്‍ണ്ണമായി തിരിച്ചറിയാന്‍ കഴിയുക.
ബ്രിട്ടീഷുകാര്‍ അവര്‍ക്കനുകൂലമായി എഴുതിവെച്ച ചരിത്രവും ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ദേശാഭിമാനഭരിതമായി എഴുതിയ ചരിത്രവും ഉണ്ട്. 19-ാം നൂറ്റാണ്ടില്‍ ഇവിടെ നിന്നും ജര്‍മനിയിലേക്ക് കടത്തിയ നിരവധി ചരിത്രരേഖകള്‍ ഉണ്ട്. ഇതില്‍ നിന്നൊക്കെയാണ് പഴശ്ശിയുടെപൂര്ണ്ണ ചിത്രം ഉണ്ടാവുക, അദ്ദേഹംപറഞ്ഞു.
ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി കാ.ഭാ. സുരേന്ദ്രന് സംസാരിച്ചു.പള്ളിയറ രാമന് ഉദ്ഘാടനം ചെയ്തു. സിനിമാസംവിധായകന് ഹരിഹരനെയും പഴശ്ശിയെകുറിച്ച് ഗ്രന്ഥം രചിച്ച എം.ജി.സോമനാഥനെയും ജില്ലാകലക്ടര്‍ കെ.വി. മോഹന്‍കുമാര്‍ ആദരിച്ചു. ഡോ. എ.അച്യുതന് അദ്ധ്യക്ഷത വഹിച്ചു.ജ്യോതിഷിന്റെ ദേശഭക്തിഗാനം,ഏകലവ്യ,ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഭജന എന്നിവ ഉണ്ടായി. എന്‍.പി. സോമന് സ്വാഗതവും സി.കെ. സുരേഷ് ചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: