കൊച്ചി: വെങ്ങോല പ്രൊഫ.ടി.എന്‍.കേശവപിള്ള മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല രോഗികള്‍ വലയുന്നു. ഡോക്ടര്‍മാര്‍ കുട്ടത്തോടെ അവധിയെടുത്തിരിക്കുകയാണ്. രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേരാണുള്ളത് എന്നാല്‍ രണ്ട് മാസമായിട്ട് താല്‍ക്കാലിക ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വെങ്ങോല, കിഴക്കമ്പലം, പഞ്ചായത്തുകളില്‍ നൂറ് കണക്കിന് നിര്‍ധനരായ രോഗികളാണ് നിത്യേന ഈ ആശുപത്രിയെ ആശ്രയിച്ച് എത്തുന്നത്.
പ്രത്യേക ഘടകപദ്ധതി പ്രകാരം കോടികള്‍ മുടക്കി പണികഴിപ്പിച്ച ആശുപത്രി 94ല്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. പ്രൊഫ.ടി.എന്‍.കേശവപിള്ളയുടെ പേരില്‍ ബന്ധുക്കള്‍ സൗജന്യമായി നല്കിയ രണ്ടര ഏക്കര്‍ സ്ഥലത്ത് നാല് നിലകളിലായി പണികഴിപ്പിച്ചിട്ടുള്ള ഈ ആശുപത്രിയില്‍ കിടത്തി ചികിത്സക്കായി 40 ബഡ്ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ എക്സറേ, ലാബ് സൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ കിടത്തി ചികിത്സ ഇതുവരെ തുടങ്ങിയിട്ടില്ല. ഡോക്ടര്‍മാര്‍ താമസിക്കുന്നതിന് രണ്ട് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അസൗകര്യങ്ങള്‍ മൂലം ഡോക്ടര്‍മാര്‍ ആരും തന്നെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കാന്‍ തയ്യാറാകുന്നില്ല. നേരത്തെ മോഡല്‍ ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അതനുസരിച്ചുള്ള ഡോക്ടര്‍മാരുടെ നിയമനം നടത്തിയിട്ടില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 7 ഡോക്ടര്‍മാരാണ് വേണ്ടത്. മറ്റ് സ്റ്റാഫുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഡോക്ടര്‍മാര്‍ ആരും തന്നെ ഇവിടെ തുടരാന്‍ തയ്യാറാകാത്തതിന്റെ മുഖ്യകാരണമായി പറയുന്നത് ഇത്രയും കാലമായിട്ടും ഇവിടെ ഒരു ക്ലാര്‍ക്കിന്റെ പോസ്റ്റ് അനുവദിച്ചിട്ടില്ലെന്നാണ്. ക്ലാര്‍ക്കിന്റെ ജോലി കുടി ഡോക്ടര്‍മാര്‍ തന്നെ ചെയ്യേണ്ട അവസ്ഥയാണിപ്പോള്‍.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെതുടര്‍ന്ന് ഇന്നലെ ആശുപത്രി മാനേജ്മെന്റ് കമ്മറ്റി കൂടി അടിയന്തിരമായി ഒരു ഡോക്ടറുടെ സേവനം ഇന്ന് മുതല്‍ ലഭ്യമാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത ഡിഎംഒ അറിയിച്ചു. കൂടാതെ മറ്റ് 5 ഡോക്ടര്‍മാരെ കൂടി നിയമിക്കുന്നതിന് വേണ്ട ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: