കൊച്ചി: 2004 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ വിദ്യാഭ്യാസ വായ്പ എടുത്ത, വിദ്യാഭ്യാസത്തെ തുടര്‍ന്ന് ജോലി ലഭിക്കാത്തതുമൂലം അവശത അനുഭവിക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാലത്തെ പലിശബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനായുള്ള മാര്ക്ഷ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന് മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് അനുവദനീയമായ കോഴ്സുകള്‍ പഠിക്കുവാന്‍ വായ്പയെടുത്ത, തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിലവിലുള്ള ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങളില്‍ നിന്നുള്ള തൊഴില്‍ രഹിതരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
പ്രവേശന തീയതി മുതല്‍ പരീക്ഷാഫലം പ്രസിദ്ധീകരണ തീയതിവരെ എന്നതിന് വിധേയമായി, പഠന കാലയളവില്‍ മാത്രം പലിശയിളവ് അനുവദിക്കുന്നതാണ്. സാധാരണ പലിശ നിരക്കിലാണ് ബാങ്കുകള്‍ പഠന കാലത്തെ പലിശ കണക്കാക്കേണ്ടത്. അപേക്ഷാ ഫോറങ്ങള്‍ അക്ഷയ സെന്ററുകള്‍വഴി വിതരണം ചെയ്യും.
പൂരിപ്പിച്ച ഫാറങ്ങള്‍ ആവശ്യമായ രേഖകളോടൊപ്പം വായ്പ നല്കിയ ബാങ്ക് ബ്രാഞ്ചില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയുടെ പകര്‍പ്പ് അപേക്ഷകര്‍ കളക്ട്രേറ്റിലെ ജില്ല പ്ലാനിംഗ് ഓഫീസില്‍ നല്‍കണം. ബാങ്ക് മാനേജര്‍മാര്‍ ഇളവ് നല്കേണ്ടുന്ന പലിശ കണക്കുകൂട്ടി വിശദമായ വായ്പാ സ്റ്റേറ്റുമെന്റ് സഹിതം അപേക്ഷ ലീഡ് ജില്ല മാനേജര്‍ക്ക് (ആവശ്യമായ സര്‍ട്ടിഫിക്കേഷനോടുകൂടി) സമര്‍പ്പിക്കേണ്ടതാണ്. ലീഡ് ജില്ല മാനേജര്‍ അപേക്ഷകള്‍ പരിശോധിച്ച് വിശദമായ ശുപാര്‍ശകളോടെ ജില്ല കളക്ടര്‍ക്ക് നല്‍കണം. അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് വായ്പക്കാരുടെ ലോണ്‍ അക്കൗണ്ടിലേക്ക് പലിശയിളവ് അടയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ ജില്ലാതലത്തില്‍ സ്വീകരിക്കുന്നതാണെന്ന് ജില്ല പ്ലാനിംങ്ങ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: