തിരുവനന്തപുരം: പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്കിയ മാധവ് ഗാഡ്ഗില്‍ കമ്മറ്റിക്കെതിരെ രംഗത്തെത്തിയവര്‍ കര്‍ഷകരുടെ പേരില്‍ ഭൂമി കയ്യേറ്റം നടത്തുന്ന ഭൂമാഫിയകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. വിവിധ ആവശ്യങ്ങളുന്നയിച്ച് കര്‍ഷകമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ കര്‍ഷകരുടെ പേരുപറഞ്ഞ് മുതലക്കണ്ണീരൊഴുക്കുന്നവര് ഭൂമാഫിയയുടെ സംരക്ഷകരാണ്. റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വരാനാണ് ഒരു മതവിഭാഗത്തിന്റെ ആഹ്വാനം. കര്‍ഷകര്‍ക്കെതിരായ ഒരു വരിപോലും റിപ്പോര്‍ട്ടിലുണ്ടെന്ന് തോന്നുന്നില്ല. നെല്ലിയാമ്പതിയില്‍ വന്‍കിട കര്‍ഷകരാണുള്ളത്. കേരളത്തില്‍ കൃഷിക്കനുയോജ്യമായ സാഹചര്യങ്ങള്‍ ഉണ്ടാവണം. അതിന് പരിസ്ഥിതി സംരക്ഷിക്കപ്പെടണം. നീരുറവകള്‍ നിലനില്‍ക്കണം.
പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ഇവിടെ പരിസ്ഥിതിയെ മുഴുവന്‍ തകര്‍ത്ത് നെല്‍വയലുകള്‍ നികത്തുന്നു. വനഭൂമികള്‍ കയ്യേറുന്നു. ആറന്മുളയില് കര്‍ഷകഭൂമി നികത്തി വിമാനത്താവളമാക്കാന്‍ സ്വകാര്യ കമ്പനിക്ക് ഇടതു സര്‍ക്കാര്‍ അനുവാദം നല്കി. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുന്നു.
ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷംരൂപ ധനസഹായം നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, നെല്ലിന്റെ താങ്ങ്വില 25രൂപയായി നിശ്ചയിക്കുക, നാളികേരത്തിന്റെ തറവില കിലോയ്ക്ക് 25രൂപയായി നിജപ്പെടുത്തുക, രാസവളം, കീടനാശിനി എന്നിവയ്ക്ക് പൂര്ണസബ്സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ.
കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ടി.ചന്ദ്രശേഖരന് അധ്യക്ഷനായിരുന്നു. കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി വെള്ളാഞ്ചിറ സോമശേഖരന്‍, സംഘടനാ സെക്രട്ടറി ജി.ഗോപിനാഥ്, ദേശീയ കൗണ്‍സില്‍ അംഗം ബി.രാധാകൃഷ്ണമേനോന് സംസ്ഥാനസമിതിയംഗം, ജില്ലാ ജനറല്‍സെക്രട്ടറിമാരായ കഴക്കൂട്ടം അനി, കല്ലറ സതീശന്, ശങ്കര്‍, ബിജെപി സംസ്ഥാന സെക്രട്ടറി ബി.ശിവന്‍കുട്ടി, ദേശീയ കൗണ്‍സില്‍ അംഗം ഡോ.പി.പി.വാവ, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി വെങ്ങാനൂര്‍ സതീശ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: