കോഴിക്കോട്: സ്വയംപര്യാപ്തഗ്രാമം എന്ന ആശയം അവതരിപ്പിച്ച് കൊച്ചുകുരുന്നുകള് യു.പി. വിഭാഗം സമൂഹ്യശാസ്ത്രമേള വര്‍ക്കിംഗ് മോഡലില്‍ മത്സരത്തില്‍ ഒന്നാമതെത്തി. കോഴിക്കോട് ബി.ഇ.എം. ഗേള്‍സ് എച്ച്എസ്എസ്സിലെ ആദിയബുസ്താനയും ടി.എസ്. അനീഷയുമാണ് ഒന്നാമതായത്.
ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കുന്നതിനോടൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണവും ഉറപ്പുവുരത്തുന്നതിനാവശ്യമായ നടപടികളെക്കുറിച്ചും പ്രൊജക്ടില്‍ വിശദീകരിക്കുന്നുണ്ട്. മഴവെള്ളസംഭരണം, വിവിധതരം കൃഷിരീതികള്‍, വൈദ്യുതി ഉല്പാദനം, മാലിന്യനിര്‍മ്മാര്‍ജ്ജനം, ഗതാഗതസംവിധാനം തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണീ പ്രൊജക്ട്. മഴവെള്ളം സംഭരിക്കുന്നതിനായി അവലംബിക്കേണ്ട വിവിധതരം രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നതിനൊപ്പം അവ എങ്ങനെയെല്ലാം കൃഷിക്കും മറ്റു ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാം എന്നും വ്യക്തമാക്കുന്നു.
കൃഷിരീതികള്‍, സോളാര്‍, കാറ്റാടിയന്ത്രം, അണക്കെട്ട് നിര്‍മ്മിക്കാതെയുള്ള വൈദ്യുത ഉല്പാദനം, മാലിന്യസംസ്ക്കരണത്തിന് ഉപയോഗിക്കാവുന്ന വിവിധതരം രീതികള്‍, ജൈവവളം നിര്‍മ്മിക്കാവുന്ന രീതികള്‍, കനാലുകളിലും ഓടകളിലും മത്സ്യംവളര്‍ത്തല്‍, ഗതാഗതസൗകര്യങ്ങള്‍ തുടങ്ങിഎല്ലാത്തിനെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ഈ പ്രൊജക്ട്. ജനങ്ങള്‍ക്ക് വികസനം എത്തിക്കുന്നതിനൊപ്പം തന്നെ പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്.
മീഞ്ചന്ത എന്‍.എസ്.എസ്. സ്കൂളില്‍ നടന്ന വി.എച്ച്.എസ്.ഇ. എക്സ്പോയിലെ സ്റ്റാളുകള്‍ മാത്രമാണ് ഇന്നലെ വൈകീട്ട് വരെ പ്രവര്‍ത്തിച്ചത്.
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ മേളകളില്‍ ആധിപത്യം പുലര്‍ത്തിയത് പെണ്‍കുട്ടികളാണ്. ആകെ 5871 കുട്ടികള്‍ പങ്കെടുത്തതില്‍ 2777 ആണ്‍കുട്ടികളും 3094 പെണ്‍കുട്ടികളുമാണ്. ഏറ്റവും കൂടുതല്‍ കുട്ടികളെ പങ്കെടുപ്പിച്ചത് ആതിഥേയരായ കോഴിക്കോടാണ്. 501 പേര്. ഏറ്റവും കുറവ് കുട്ടികള്‍ പങ്കെടുത്തത് ഇടുക്കിയില്‍ നിന്നാണ് 390 പേര്.
കോഴിക്കോട് മീഞ്ചന്ത ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, രാമകൃഷ്ണമിഷന്‍ എച്ച്എസ്എസ്, എന്‍എസ്എസ് സ്കൂള്‍, ചെറുവണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായി നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.
>> പി.ഷിമിത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: