ജുഡീഷ്യറിയും പാര്‍ലമെന്റും തമ്മിലുള്ള സംഘട്ടനം പല ഘട്ടങ്ങളിലും നടന്നിട്ടുള്ളതാണ്. 1967 ഗോലക്നാഥ് കേസില്‍ സുപ്രീം കോടതി ആദ്യമായ ആര്‍ട്ടിക്കിള്‍ 368 പ്രകാരം ഭരണഘടനാ ഭേദഗതി വരുത്തുവാനുള്ള, പാര്‍ലമെന്റിന്റെ അധികാരമുപയോഗിച്ച് ഭരണഘടന വ്യക്തിക്ക് നല്കുന്ന മൗലിക അവകാശങ്ങള്‍ ഭേദഗതി വരുത്തരുതെന്ന് പറഞ്ഞു വെയ്ക്കുകയുണ്ടായി. പക്ഷേ പാര്‍ലമെന്റ് 1971 ലെ ഭരണഘടന ഭേദഗതി വഴി ഈ അവകാശം ഉണ്ടെന്ന് പറയുകയും അതിനനുസരിച്ച് ആര്‍ട്ടിക്കിള്‍ 368 ഭേദഗതി ചെയ്യുകയുണ്ടായി. സുപ്രീംകോടതി പിന്നീട് 1973 ലെ കേശബാനന്ദഭാരതി കേസില്‍ മേല്‍വിധി ഓവര്‍ റൂള്‍ ചെയ്യുകയുണ്ടായെങ്കിലും അടിസ്ഥാന തത്വങ്ങളായ (Basic Features) 1. ഭരണഘടനയുടെ അപ്രമാദിത്തം (supermacy of constitution) 2.
നിയമത്തിന്റെ വാഴ്ച (Rule of law) 3. അധികാരത്തില്‍ അന്യോന്യം കൈകടത്താതിരിക്കാനുള്ള സിദ്ധാന്തം (Princeiple of Seperation power) 4. ഭരണഘടന ആമുഖത്തിലെ ലക്ഷ്യങ്ങള്‍ (OBjectives specified in the preamble of Constitution) 5. ആര്‍ട്ടിക്കിള്‍ 32 ലെ ജുഡീഷ്യല്‍ റിവ്യൂ (Judicial Review) 6. ഫെഡറലിസം (Federalism) 7. മതേതരത്വം (Secularism) 8. പരമാധികാര, ജനാധിപത്യ റിപ്പബ്ലിക് ഘടന (Sovereign, democratic, Republic structure) ഇവയാണ് ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങള്‍.
മുന്‍ ഭരണാധികാരികള്‍ക്ക് സ്വതന്ത്ര ഇന്ത്യയില്‍ ലയിക്കുമ്പോള്‍ വാഗ്ദാനം ചെയ്ത പ്രിവിപേഴ്സ് പിന്നീട് ഗവണ്മെന്റ് വേണ്ടെന്ന് വെയ്ക്കുകയുണ്ടായി. ജുഡീഷ്യറിക്ക് ഇതില്‍ വെറും കാഴ്ചക്കാരാകേണ്ടി വന്നു.
ജുഡീഷ്യറിയും എക്സിക്യൂട്ടീവും പാര്‍ലമെന്റും വ്യത്യസ്തമായി നിലകൊണ്ടും വെള്ളം കയറാത്ത അറകളായി അവ പരസ്പ്പരം നിലകൊള്ളണമെന്നുള്ള മൊണ്ടെസ്ക്യൂവിന്റെ Principle of seperation of Power എന്ന കാഴ്ചപ്പാടാണ് നാം സ്വീകരിച്ചിരിക്കുന്നത്. ജുഡീഷ്യറിക്ക് മാത്രം അധികാരം കൂടുതലാണെന്ന് മാത്രമല്ല പാര്‍ലമെന്റ് ദിവസങ്ങളോളം ചര്‍ച്ച ചെയ്ത് നടപ്പില്‍ വരുത്തുന്ന നിയമങ്ങള്‍ റദ്ദാക്കുവാനുള്ള അധികാരം കോടതികള്‍ക്ക് ലഭിക്കുകയും പലപ്പോഴും അങ്ങനെ സംഭവിക്കുകയും ചെയ്തു.
ഇങ്ങനെയൊക്കെയാണെങ്കിലും എക്സിക്യൂട്ടീവിന്റെ പല അധികാരങ്ങളിലും കോടതിയുടെ കടന്നു കയറ്റം കാണുവാന്‍ സാധിക്കും. 1990 ലെ നീലാബതി ബെഹ്റ Vs സ്റ്റേറ്റ് ഓഫ് ഒറീസ്സ കേസില്‍ സുപ്രീംകോടതി പരാതിക്കാരന് സ്റ്റേറ്റ് നഷ്ടപരിഹാരം നല്‍കണമെന്ന് വിധിക്കുകയുണ്ടായി.
വാസ്തവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നാല്‍ സ്റ്റേറ്റ് വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന അന്താരാഷ്ട്ര വ്യവസ്ഥയില്‍ ഇന്ത്യ ഒപ്പ് വെച്ചിട്ടില്ലാത്തതും അതിനനുസരിച്ചുള്ള നിയമപരിഷ്കാരം ഇന്ത്യയില്‍ നടപ്പില്‍ വരുത്തിയിട്ടില്ലാത്തതുമാണ്. ജുഡീഷ്യറി നേരിട്ട് നിയമപരമല്ലാതെ പിന്‍വാതിലിലൂടെ കടന്നുവരുന്ന കാഴ്ചയാണ് നാമിവിടെ കണ്ടത്.
വാസ്തവത്തില്‍ എക്സിക്യൂട്ടീവിന്റെ ബലഹീനതയാണ് കോടതികള്‍ കൂടുതല്‍ അധികാരം ഉപയോഗിക്കുവാന്‍ പ്രേരകമായിത്തീര്‍ന്നത്. ജനങ്ങളുടെ ഇച്ഛയ്ക്കും ആഗ്രഹത്തിനും അനുസൃതമായി പ്രവര്‍ത്തിക്കുവാന്‍ ഭരണകൂടത്തിന് സാധിക്കാതെ വരുമ്പോഴാണ് കോടതികള്‍ ഇടപെടേണ്ടി വരുന്നത്.
ഏകീകൃത സിവില്‍ നിയമം നടപ്പില്‍ വരുത്തണമെന്ന് കോടതികള്‍ പല പ്രാവശ്യം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. കാരണം വ്യത്യസ്ത വ്യക്തിനിയമങ്ങള്‍ പലപ്പോഴും ജുഡീഷ്യറിയെയും നിയമ വ്യവസ്ഥയേയും കാഴ്ചക്കാരാക്കി മാറ്റുന്നത് നാം കണ്ടു കഴിഞ്ഞു.
ഈയടുത്ത കാലത്തായി നടന്ന രണ്ടു കേസുകളില്‍, സിവിസി നിയമനത്തിന്റെ കാര്യത്തിലും 2 ജി സ്പെക്ട്രം അഴിമതി കേസിലും സുപ്രീം കോടതിയുടെ ഇടപെടലാണ് അഴിമതിക്കാരെ നീക്കം ചെയ്യുവാനും അവര്‍ക്കെതിരെ കേസെടുക്കുന്നതിനും സിബിഐ അന്വേഷണം നടത്തുവാനും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്.
വൈകിവരുന്ന നീതിനിഷേധമാണ് (Justice delayed in justice denied) എന്നത് പഴകി തേഞ്ഞ വാചകമാണ്. ലോകത്തിലെ ഏതുനിയമ സംവിധാനത്തേയും കടത്തിവെട്ടുന്നതാണ് ഇന്ത്യയിലെ കോടതികളില്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള കാലതാമസം. പലപ്പോഴും ഈ കാലതാമസം മൂലം ആവലാതിക്കാരന് കോടതിയെ സമീപിക്കുവാന്‍ പോലും ഭയപ്പെടുന്നു. സമയം മാത്രമല്ല കനത്ത സാമ്പത്തിക നഷ്ടവും ഇതുമൂലം പരാതിക്കാരനുണ്ടാകുന്നു.
പല അഴിമതി കേസുകളിലും ഇതാണ് ഇന്നത്തെ അവസ്ഥ. ഇതുമൂലം കുറ്റവാളിക്ക് വര്‍ഷങ്ങളോളം സമൂഹത്തില്‍ മാന്യതയോടെ ജീവിക്കുവാനും സുഖസൗകര്യങ്ങള്‍ അനുഭവിക്കാനും സാധിക്കുന്നു.
നിരപരാധികള്‍ ഇങ്ങനെയുള്ള കേസുകളില്‍ ഉള്‍പ്പെടുമ്പോഴാണ് അതിന്റെ ദുരന്തപൂര്‍ണമായ മുഖം നാം കാണുന്നത്. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കാലഘട്ടത്തിലുണ്ടായ ബോഫേഴ്സ് കേസിന്റെ അന്തിമവിധി ഈയടുത്താണുണ്ടായത്. ഭോപ്പാല്‍ വാതക ദുരതന്തക്കേസിന്റെ വിധി വരുന്നതിന് ദുരന്തത്തിനുശേഷം കാല്‍നൂറ്റാണ്ട് വേണ്ടിവന്നു. രാമജന്മഭൂമി കേസില്‍ വിധിയുണ്ടാകുന്നതിന് ഏതാണ്ട് അരനൂറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ജീവിതത്തിന്റെ സായാഹ്ന കാലത്ത് ജയിലില്‍ കഴിയേണ്ട അവസ്ഥയാണുണ്ടായത് ഈ കാലതാമസം മൂലമാണ്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ പാമോലിന്‍ കേസില്‍ വിധി വരാത്തതുമൂലം സിവിസി ആയി നിയമിക്കപ്പെട്ട പി.ജെ.തോമസിന് സുപ്രീം കോടതിയുടെ ഇടപെടലിലൂടെ നാണം കെട്ട് പുറത്തുപോകേണ്ടി വന്നതും കേസ് തീര്‍ക്കുന്നതില്‍ നമ്മുടെ കോടതികള്‍ വരുത്തിയ കാലതാമസം മൂലമാണ്. ജഡ്ജിമാരുടെ കഴിവും കേസുകള്‍ തീര്‍പ്പാക്കുന്നതിലെ വേഗതയും പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നു. എന്നത് കേവലസത്യമാണ്. അമേരിക്കപോലെയുള്ള രാജ്യങ്ങളില്‍ കേവലം ആറ് മാസങ്ങള്‍ക്കുള്ളിലാണ് ഇത്തരം കേസുകളില്‍ അന്തിമവിധി വരുന്നത്.
കേസുകള്‍ തീര്‍പ്പാക്കുന്നതിന് വേഗത വര്ധിക്കുവാന് പല സംവിധാനങ്ങളും ഇന്ന് നടപ്പില്‍ വന്നിട്ടുണ്ട്. അതിവേഗ കോടതികളും സ്ഥിരമായി നടക്കുന്ന അദാലത്തുകളും മീഡിയേഷന് സെന്ററുകളും പ്രീ ലിറ്റിഗേഷന്‍ അദാലത്തുകളുമെല്ലാം കോടതി നടപടികള്‍ വേഗത്തിലാക്കുവാന്‍ കുറച്ചൊക്കെ സഹായിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം അപര്യാപ്തമാണെന്ന് പറയാതെ വയ്യ.
ജുഡീഷ്യറി വിമര്‍ശനത്തിനതീതമല്ലെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ഭഗവതി പറയുകയുണ്ടായിട്ടുണ്ട്. പക്ഷേ വിമര്‍ശനം പക്ഷപാതരഹിതവും മാന്യവും വസ്തുനിഷ്ഠവുമായിരിക്കണം. ഇന്ന് സംഭവിക്കുന്നത് അനുകൂലമായ വിധി വരുമ്പോള്‍ കോടതി ശരിയാണെന്നും അല്ലെങ്കില്‍ തെറ്റാണെന്നുമാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇതിനപവാദമല്ല. ഇതിന്റെ വികൃതമായ ദൃശ്യങ്ങള്‍ നാമിവിടെ കാണുകയുണ്ടായി. കോടതിയെ വിമര്‍ശിക്കുമ്പോള്‍ കോടതി അസഹിഷ്ണുത കാണിക്കുന്നതിനും.
ജനാധിപത്യ വ്യവസ്ഥയ്ക്ക് യോജിച്ചതല്ല. രാജാവ് പോലും വിമര്‍ശനത്തിന് അര്‍ഹനാണ് എന്നാണ് അര്‍ത്ഥശാസ്ത്രം പറയുന്നത്. പക്ഷെ ഇന്ന് പല ന്യായാധിപന്മാരും കോടതിയലക്ഷ്യം എന്ന ആയുധമാണ് ഇതിനെതിരെ പ്രയോഗിക്കുന്നത്. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകര്‍ പോലും കോടതിയലക്ഷ്യത്തെ നേരിടേണ്ടി വന്നത് ദൈന്യതയോടെ മാത്രമേ നോക്കിക്കാണാനാകൂ. പക്ഷേ ഈ അഭിഭാഷകര്‍ പറയുന്ന പല കാര്യങ്ങളും സത്യമാണെന്ന് ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
കോടതികള്‍ക്കെതിരെ വരുന്ന ശബ്ദത്തെ നിശബ്ദരാക്കുവാനുള്ള ശ്രമങ്ങള്‍ കോടതിയലക്ഷ്യ നടപടികളിലൂടെ കൈക്കൊളളുന്നുവെന്ന ആരോപണം നിലനില്ക്കുന്നു. അരുന്ധതി റോയിക്കെതിരെ കോടതിയുടെ നിലപാടുകള്‍ ഈ അവസരത്തില്‍ ചേര്‍ത്തു വായിക്കേണ്ടതാണ്. 1971 ലാണ് ഇന്നത്തെ കോടതിയലക്ഷ്യ നിയമം നിലവില്‍ വരുന്നത്. വിധിന്യായങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങളെ തുടച്ചു മാറ്റുകയല്ല നേരെ മറിച്ച് നിയന്ത്രിക്കുക എന്നതാണ് ഈ നിയമത്തിന്റെ ലക്ഷ്യം. സത്യമാണ് പറയുന്നതെങ്കില്‍ കോടതിയലക്ഷ്യം നിലനില്‍ക്കുകയില്ലെന്ന ഭേദഗതി നിയമത്തില്‍ നിലവില്‍ വരുന്നതോടെ കോടതിയുടെ നിലപാടുകള്‍ക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.
ആഗോളീകരണവും ഉദാരവല്‍ക്കരണനയങ്ങളും ഇന്ത്യയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. സാമ്പത്തിക രംഗത്ത് മാത്രമല്ല സാമൂഹ്യരംഗത്തും ജനങ്ങളുടെ കാഴ്ചപ്പാടുകളില്‍ വളരെ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഇതിന്റെ ചില പ്രതിഫലനങ്ങള്‍ നിയമനിര്‍മാണത്തിലും അതുപോലെ തന്നെ ജുഡിഷ്യറിയിലും കാണാന്‍ സാധിക്കും. ഡിആര്ടിആക്ട്, സെക്യൂരൈറ്റേസേഷന്സ് ആക്ട്, സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ആക്ട്, ന്യൂക്ലിയര്‍ നോണ്‍ ലൈബിലിറ്റി ആക്ട്, സീഡ്സ് ആക്ട്, ബയോ ടെക്നോളജി റെഗുലേറ്ററി ആക്ട് തുടങ്ങി പുതുതായി വന്ന നിയമങ്ങളെല്ലാം തന്നെ ആഗോളീകരണത്തെയും ഉദാരവല്‍ക്കരണത്തോടും ചേര്‍ന്ന് പോകുന്നവയാണ്.
ഇന്ത്യയുടെ കുടുംബവ്യവസ്ഥയേയും സംസ്ക്കാരത്തേയും പോലും സ്വാധീനിക്കുന്ന രീതിയിലാണ് പുതിയ നിയമങ്ങളായ പ്രിവന്‍ഷന്‍ ഓഫ് ഡൊമസ്റ്റിക് വയലന്‍സ് ആക്ട്, സീനിയര്‍ സിറ്റിസണ്‍ ആക്ട് തുടങ്ങിയ നിയമങ്ങള്‍ കടന്നുവന്നിരിക്കുന്നത്. ജുഡീഷ്യറിയുടെ കാഴ്ചപ്പാടുകളിലും വിധികളിലും ഈ സ്വാധീനം പ്രകടമായി കാണാവുന്നതാണ്. ഈയടുത്തുണ്ടായ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിധിയും പൊതുസ്ഥലത്തെ യോഗങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള വിധിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. വാടക കെട്ടിടങ്ങളെ സംബന്ധിച്ചുള്ള വിധികളില്‍ ആദ്യകാലങ്ങളില്‍ 50 ശതമാനം വീതം കെട്ടിട ഉടമയ്ക്കും വാടകക്കാരനും അനുകൂലമായി വന്നാല്‍, കോടതികള്‍ സ്വഭാവികമായും വാടകക്കാരന് അനുകൂലമായ നിലപാടുകളാണ് എടുത്തിരുന്നത്. ഇന്ന് പല വിധികളും കെട്ടിടം ഉടമയുടെ താല്‍പ്പര്യങ്ങളെയാണ് കൂടുതലും സംരക്ഷിക്കുന്നത്.
പാവപ്പെട്ടവന്റേയും അവശതയനുഭവിക്കുന്നവന്റേയും അവസാനത്തെ ആശ്രയമായാണ് കോടതികള്‍ നിലകൊള്ളുന്നത്. രാഷ്ട്രീയത്തിലെ അഴിമതിക്ക് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ ആരംഭം കുറിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതം നിരവധി കുംഭകോണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഉദ്യോഗവൃന്ദത്തിലെ അഴിമതികള്‍ക്കും ഇത്രയും തന്നെ പഴക്കമുണ്ട്. മാദ്ധ്യമരംഗത്തെ അഴിമതിക്ക് ഇത്രയും പാരമ്പര്യമില്ലെങ്കിലും രാഷ്ട്രീയക്കാരോടുള്ള ദാസ്യമനോഭാവം ചില പത്രങ്ങള്ക്കെങ്കിലുമുണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടി വരും. പല മാധ്യമങ്ങളും ചില താല്‍പ്പര്യങ്ങളുടെ സംരക്ഷകര്‍ മാത്രമാണ്. പണത്തിന് പകരം വാര്‍ത്ത എന്നത് മാധ്യമരംഗത്തെ ജീര്‍ണതയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമാണ്.
ജുഡീഷ്യറിയിലെ 20 ശതമാനം പേര് അഴിമതിക്കാരാണെന്ന് മുന്‍ സുപ്രീകോടതി ജഡ്ജിയുടെ പരാമര്‍ശം കുറച്ചുപേരെങ്കിലും ഞെട്ടലോടെയാണ് ശ്രവിച്ചത്. പക്ഷേ ഈ ശതമാന കണക്ക് വളരെ ചെറുതാണ്. എന്നാണ് ഇന്ന് സാധാരണ ജനം പോലും ചിന്തിക്കുന്നത്. ജഡ്ജിക്കെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും വന്നിരിക്കുന്ന ആരോപണങ്ങളെ ജനങ്ങളെ നിരാശരാക്കിയിരിക്കുന്നു. രാഷ്ട്രീയക്കാരുടെ പാവകളായി പലരും മാറുന്നുവെന്ന ആരോപണവും നിലനില്ക്കുന്നു. വിരമിച്ചതിനുശേഷം ലഭിക്കേണ്ട ലാവണത്തെക്കുറിച്ച് ചിന്തിച്ചാണ് പല ജഡ്ജിമാരും പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടാണ് അവര്രാഷ്ട്രീയക്കാരുടെ വാക്കുകള്‍ അനുസരിക്കരുതെന്നും ഒരു സീനിയര്‍ അഭിഭാഷകന് ഈയിടെ ഒരു പൊതുവേദിയില്‍ പറയുകയുണ്ടായി. ഇതില്‍ കുറച്ചൊക്കെ സത്യമുണ്ടെന്ന് സമ്മതിക്കേണ്ടിവരും.
രാഷ്ട്രീയ നേതൃത്വം ഇതിനെതിരെ കണ്ണടക്കുന്നതും നാം കണ്ടതാണ്. ജസ്റ്റിസ് രാമസ്വാമിയെ ഇംപീച്ച് ചെയ്യേണ്ട അവസ്ഥയില്‍ ഒരു ദേശീയ പാര്‍ട്ടി പാര്‍ലമെന്റില്‍ നിന്നും വിട്ടുനിന്ന് ഇംപീച്ച്മെന്റിനെ പരാജയപ്പെടുത്തിയത് ചരിത്രമാണ്.
അടുത്തകാലത്ത് സുപ്രീംകോടതി കേസുകളില്‍ കൈക്കൊണ്ട നിലപാടുകള്‍ ഈ ചീത്തപ്പേരുകള്‍ കുറെയെങ്കിലും മാറ്റാന്‍ ശ്രമിക്കുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അഴിമതി അത് ഏത് രംഗത്തായാലും അതിനെതിരെ നിയമത്തിന്റെ ഖഡ്ഗം ശക്തമായിരിക്കുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍ നമുക്ക് ഈ വിധികളില്‍ കാണാം.
>> അഡ്വ.ബാബു പി.എല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: