ന്യൂനപക്ഷ പ്രീണനം തൊഴിലാക്കിയ എല്‍ഡിഎഫും യുഡിഎഫും സുവിശേഷ ചാനലുകള്‍ കാണണം. അപ്പോഴറിയാം ഹിന്ദുവിന്റെ മഹത്വം. കര്‍ത്താവായ ദൈവത്തിന് ന്യൂനപക്ഷങ്ങളെ വേണ്ട ഹിന്ദുക്കളെ മതി! അടുത്തുള്ള കാവിലെ വെളിച്ചപ്പാടിന്റെ മൂത്തമകള്‍ ഈയിടെ ക്ഷേത്രത്തില്‍ വരാതായി.
അന്വേഷിച്ചപ്പോഴാണറിഞ്ഞത്- അവളിപ്പോള്‍ ‘കവിഞ്ഞൊഴുകുന്ന അനുഗ്രഹത്തിന്റെ’ വഴിയിലാണത്രെ! അമ്പലത്തില്‍ സാത്താനാണെന്ന് അവര്‍ പറയുന്നു. ഏതായാലും നമ്മുടെ അമ്പലത്തിലേതുപോലൊന്നുമല്ല, എന്തൊക്കെ അത്ഭുതങ്ങളാണ് അവരുടെ യോഗങ്ങളില്‍ സംഭവിക്കുന്നത്.
ദീപാവലിപ്പിറ്റേന്ന് നവം. 14 രാത്രി 9 മണി. ചാനലില്‍ വെളുത്ത് തുടുത്ത ഒരു കോമളാംഗന്‍ പ്രസംഗിക്കുകയാണ്. പ്രാര്‍ത്ഥനക്കിടയില്‍ ‘ഗീത’ എന്ന ഒരു സ്ത്രീയെ യേശു സുഖപ്പെടുത്തിയതായി പ്രഖ്യാപിക്കുന്നു. ഉടനെ നെറ്റിയില്‍ സിന്ദൂരമണിഞ്ഞ ഗീത വേദിയില്‍ കയറി മൈക്കില്‍ പറയുന്നു- ഇരുപത് വര്‍ഷമായി വിട്ടുമാറാത്ത തുമ്മല്‍ ഒത്തിരി ചികിത്സ ചെയ്തിട്ടും പ്രയോജനം കിട്ടിയില്ല. ബ്രദറിന്റെ പ്രാര്‍ത്ഥനയോടെ തുമ്മല്‍ സുഖപ്പെട്ടു. തീര്‍ന്നില്ല, പിന്നാലെ കയറിവരുന്നൂ സുരേഷ്- വയറ്റില്‍ പത്തിരുപത് മുഴകളുണ്ടായിരുന്നു. ബ്രദര്‍ കൈവച്ച് പ്രാര്‍ത്ഥിച്ചതോടെ മുഴകളൊക്കെ മാഞ്ഞുപോയി. തെളിവിനായി സുരേഷ് ഷര്‍ട്ട് പൊക്കി വയര്‍ കാട്ടി “കണ്ടില്ലേ കത്തിയെടുക്കാതെ ചോരചിന്താതെയുള്ള യേശുവിന്റെ സര്‍ജറി!”- ബ്രദറിന്റെ കമന്റ്. വീല്‍ച്ചെയറിലിരുത്തി വേദിയിലേക്ക് തള്ളിക്കൊണ്ടുവന്ന, നാല്പത് വര്‍ഷമായി പോളിയോ ബാധിച്ച് തളര്‍ന്ന് കിടന്ന മധ്യവയസ്ക്കയെ നാല് സെക്കന്റ് നേരത്തെ പ്രാര്‍ത്ഥനകൊണ്ട് സുഖപ്പെടുത്തി എഴുന്നേല്‍പ്പിച്ചു നിര്‍ത്തി തുള്ളിച്ച് പ്രാര്‍ത്ഥിപ്പിക്കുന്നതും ഒരിക്കല്‍ കാണുകയുണ്ടായി. (മകരവിളക്ക് നോക്കിയിരിക്കുന്ന യുക്തിവാദികള്‍ ഇതൊന്നും കാണുന്നില്ലയോ ആവോ?) ഒക്കെ ഹിന്ദുക്കള്‍. ഒരൊറ്റ അന്യമത്സഥനും ദൈവം അത്ഭുതരോഗശാന്തി കൊടുക്കുന്നതായി കാണിക്കുന്നില്ല. എന്തിനേറെ, സുവിശേഷകന് തന്നെ കണ്ണട ധരിച്ചിട്ടുണ്ട്. കാഴ്ച “നോര്‍മലല്ല’ എന്നു സാരം. പക്ഷേ അദ്ദേഹത്തെപ്പോലും സുഖപ്പെടുത്തുന്നില്ല, കുരുടന് കാഴ്ച നല്കുന്ന ദൈവം! ഹിന്ദുവല്ലാത്തതുകൊണ്ടായിരിക്കാം. എന്തായാലും ന്യൂനപക്ഷപ്രീണന രാഷ്ട്രീയത്തിന്റെ നാട്ടില്‍, കര്‍ത്താവെങ്കിലും അസംഘടിത ഭൂരിപക്ഷത്തോടൊപ്പമാണല്ലോ എന്ന രോമാഞ്ചമാണ് ഇത്രയുമെഴുതിച്ചത്.
അത്ഭുതങ്ങള്‍ തീരുന്നില്ല. നവംബര്‍ ഒന്നിന് കമ്മ്യൂണിസ്റ്റുകാരനായ മൂവാറ്റുപുഴ മുനിസിപ്പല്‍ ചെയര്മാന് ശ്രീനാരായണഗുരുവിനെ നന്ദിച്ചതായും വാര്‍ത്തയും എസ്എന്‍ഡിപിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും പ്രതിഷേധവും കണ്ടു. അതേ കമ്മ്യൂണിസ്റ്റുകാരന്തന്നെ, കോട്ടയംനാഗമ്പടത്ത് കോടതിയെപ്പോലും സുല്ലുപറയിപ്പിച്ച് സ്വര്‍ഗീയവിരുന്ന് നടത്തുന്ന ബ്രദറിന്റെ ‘അത്ഭുതസാക്ഷ്യ”ങ്ങള് കാര്യപരിപാടിയായിട്ടുള്ള മൂവാറ്റുപുഴയിലെ യോഗത്തില്‍ പങ്കെടുക്കുന്നതായി ഫോട്ടോസഹിതമുള്ള കട്ടൗട്ടുകള്‍ ടൗണിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴുമുണ്ട്. ഗുരുദേവന് മെരുക്കാന്‍ കഴിയാതെ പോയ സ്വന്തം സമുദായക്കാരനെ ഈ അത്ഭുതദൈവം മെരുക്കിയെടുത്തിരിക്കുന്നു. അത്ഭുതങ്ങള്‍ അവകാശപ്പെടാത്ത മാതാ അമൃതാനന്ദമയിയെപ്പോലുള്ള ഹൈന്ദവ ഗുരുക്കന്മാരെ ആള്‍ദൈവമെന്ന് പരിഹസിക്കുന്നവര്‍, യുക്തിക്ക് നിരക്കാത്ത അത്ഭുതസാക്ഷ്യ നാടകങ്ങള്‍ നടത്തി കബളിപ്പിക്കുന്നവര്‍ക്കെതിരെ ഉരിയാടുന്നില്ലെന്ന് മാത്രമല്ല, യാതൊരുളുപ്പുമില്ലാതെ അവരുടെ വേദി പങ്കിടാന്‍ പോലും തയ്യാറാകുന്നത് മഹാത്ഭുതമല്ലാതെ മേറ്റ്ന്താണ്? അമ്മ ആരോടും അന്യരുടെ ദേവാലയങ്ങളില്‍ പോകരുതെന്ന് പറയാറില്ല; അന്യരുടെ വിശ്വാസങ്ങളെ ആദരിച്ചു കേട്ടിട്ടേയുള്ളൂ. മറിച്ച് ഇക്കൂട്ടര്‍ അത് പ്രസംഗിക്കുകയും മറ്റുള്ളവരുടെ ആരാധനയെ നിന്ദിക്കുകയും ചെയ്യുന്നു. ചെങ്ങന്നൂരില്‍ ഒരു ഗുഹാക്ഷേത്രത്തിന് മുകളില്‍ കയറി സുവിശേഷം പ്രസംഗിച്ച ധിക്കാരം ഇതിന് തെളിവ്.
കുറച്ചുകാലം മുമ്പ് കോട്ടയത്തൊരു ടെക്സ്റ്റെയില്‍ വ്യാപാരി മതംമാറിയതിന്, ‘അയ്യപ്പനെ ഉപേക്ഷിച്ച് യേശുവില്‍’ എന്നതായിരുന്നു മംഗളത്തിന്റെ തലക്കെട്ട്. തികഞ്ഞ അസഹിഷ്ണുതയാണ് ദൈവശാസ്ത്രമായി ഇക്കൂട്ടര്‍ സമൂഹത്തില്‍ പ്രചരിപ്പിച്ചുവരുന്നത്. അതും ഹിന്ദുനാമധാരികളെ ഇരയായി ചൂണ്ടയില്ക്കൊരുത്ത്. ആതുരരായ ഹിന്ദുക്കളെ പിടിക്കുക. പള്ളി പണിയുന്നതിലല്ല, അത് നിലയ്ക്കലില്തന്നെ വേണം എന്ന ശാഠ്യം പോലെ, ഇതെല്ലാം ഹിന്ദുവിന്റെ നെഞ്ചില്‍തന്നെ വേണം എന്ന ചിന്തക്കാണ് കുഴപ്പം. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ അസംഘടിതരായതുകൊണ്ട് ഹിന്ദുക്കള്‍ തിരിച്ചടിക്കുന്നില്ലെന്ന് മാത്രം. എന്നാല്‍ എന്തിനും ഏതിനും ഹിന്ദുത്വത്തെ കുറ്റം പറയുന്ന പുരോഗമന-സാംസ്കാരിക വൃന്ദം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നതാണ് സങ്കടകരം.
>> വാസുദേവന്‍ പോറ്റി, വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: