ന്യൂദല്‍ഹി: ശതകോടി ഡോളറിന്റെ ആയുധ ഇടപാടില്‍ അമേരിക്കയെ പിന്തള്ളി ഇസ്രയേല്‍ ഇന്ത്യയുമായി അടുക്കുന്നു. മൂന്നാം തലമുറ ടാങ്ക്വേധ മിസെയില്‍ സംവിധാനത്തിന്റെ കരാറിലാണ് ഇസ്രയേല്‍ കൂടുതല്‍ സ്വീകാര്യമായ വ്യവസ്ഥകളിലൂടെ ഇന്ത്യയുമായി കരാറിലേര്‍പ്പെടാന്‍ ഒരുങ്ങുന്നത്.
അമേരിക്കന്‍ നിര്‍മ്മിത ആധുനിക ടാങ്ക്വേധ മിസെയില്‍ സംവിധാനമായ എഫ്ജിഎം-148 ജാവ്ലിനുള്ള കരാറില്‍ നിന്ന് ഇന്ത്യ പിന്മാറിയമട്ടാണ്. ഇന്ത്യക്ക് വന്‍തോതില്‍ ആവശ്യമായിവരുന്ന ഈ മിസെയിലിന്റെ തദ്ദേശീയ നിര്‍മ്മാണം സാദ്ധ്യമാക്കുന്ന സാങ്കേതിക കൈമാറ്റത്തിന് (ടി.ഒ.ടി) വാഷിങ്ങ്ടണ്‍ ഒരുക്കമല്ലാത്തതിനാലാണിത്. മൂന്നാം തലമുറയിലുള്ള ഇസ്രയേല്‍ നിര്‍മ്മിത ടാങ്ക്വേധ മിസെയിലായ ‘സ്പൈക്ക്’ സൈന്യത്തിന്റെ സജീവപരിഗണനയിലാണ്.
തോളില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഈ ആധുനിക മിസെയില്‍ ഏത് പരിതസ്ഥിതിക്കും അനുയോജ്യമായ തരത്തിലുള്ളതാണ്. ആധുനിക സൈനിക സങ്കേതങ്ങളുടെ അമേരിക്കന്‍ കൈമാറ്റരീതികളില്‍ ഇന്ത്യന്‍ സൈന്യം വിമുഖരാണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. കൈമാറിയ ആയുധ സങ്കേതങ്ങളിലുള്ള അമേരിക്കന്‍ വ്യവസ്ഥകള്‍ ഇന്ത്യന്‍ സൈന്യം നിരാകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മാത്രം ഇന്ത്യ യു.എസുമായി ഏര്‍പ്പെട്ടത് എട്ട് ശതകോടി ഡോളറിന്റെ പ്രതിരോധ ഇടപാടുകളായിരുന്നു. സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളുടെ ഇടാപാടുകളായിരുന്നു ഇതില്‍ പ്രധാനം. എന്നാല്‍ ഇവയുടെ തദ്ദേശീയമായ നിര്മ്മിതിക്കാവശ്യമായ സാങ്കേതിക കൈമാറ്റത്തിന് യു.എസ് ഒരുക്കമല്ല.
2017 ന് അവസാനിക്കുന്ന പന്ത്രണ്ടാം പദ്ധിയുടെ ഭാഗമായി കരസേനയുടെ നവീകരണം പൂര്‍ത്തിയാക്കുന്നതിലേക്ക് വന്‍തോതില്‍ ആവശ്യമായ ആധുനിക ടാങ്ക്വേധ മിസെയില്‍ സംവിധാനവും അതിന്റെ സാങ്കേതിക കൈമാറ്റത്തിനും ഇസ്രയേല്‍ ഒരുക്കമാണ്. 1.13 ദശലക്ഷംവരുന്ന ഇന്ത്യന്‍ കരസേനയുടെ 356 ഇന്‍ഫന്ററി യൂണിറ്റിനും ഈ മിസെയില്‍ ലഭ്യമാക്കുവാനാണ് സേനയുടെ പദ്ധതിയെന്ന് കരസേനാ മേധാവി ജനറല്‍ ബിക്രംസിംഗ് പറഞ്ഞു. ചൈന, പാക്കിസ്ഥാന് എന്നീരാജ്യങ്ങളുമായുള്ള അതിര്‍ത്തിയിലെ സൈനിക വിന്യാസത്തില്‍ ഈ മിസെയില്‍ സംവിധാനത്തിന് അതീവപ്രാധാന്യമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: