ചെറുപുഴ: സ്കൂള്‍ പരിസരത്ത് ആയുധധാരികളായ അജ്ഞാത സംഘത്തെ കണ്ട് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി. കഴിഞ്ഞദിവസം തിരുമേനി ഗവ. ഹയര്‍ സെക്കണ്റ്ററി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് മുഖംമൂടിയണിഞ്ഞ തോക്കുധാരികളെ കണ്ടത്. സ്കൂള്‍ മുറ്റത്തെ വേസ്റ്റ് കുഴി നികത്തുകയായിരുന്ന വിദ്യാര്‍ത്ഥികളാണ് സമീപത്തെ കാട്ടില്‍ മുഖംമൂടി സംഘത്തെ കണ്ടത്. ഇവര്‍ തങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞതായും കുട്ടികള്‍ പറഞ്ഞു. സംഭവം അധ്യാപകരോട് പറഞ്ഞെങ്കിലും ഗൗരവമായി കണക്കിലെടുത്തില്ല. പിന്നീട് വീണ്ടും മറ്റ് കുട്ടികള്‍ക്ക് നേരെയും കല്ലെറിഞ്ഞതോടെ അധ്യാപകര്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. പിന്നീട് ൨ കിലോമീറ്റര്‍ അകലെ മരുതംപാടിയിലും എട്ടംഗ സംഘത്തെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. വെള്ളഷര്‍ട്ടും പാണ്റ്റ്സും ധരിച്ച് തലയില്‍ കമ്പിളി കൊണ്ട് പുതച്ച സംഘം ഹിന്ദിയാണ് സംസാരിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കര്‍ണാടക ഫോറസ്റ്റിനോടും ചൂരപ്പടവ് കൊട്ടത്തലച്ചി ഫോറസ്റ്റുമായും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായതിനാല്‍ സംഭവം ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെരിങ്ങോം എസ്ഐ കെ.സുധീര്‍ പറഞ്ഞു. കര്‍ണാടക വനത്തില്‍ നക്സലുകള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ മലയോരത്ത് ആയുധധാരികളെ കണ്ടത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഇവിടെ ഒരുഭാഗം കര്‍ണാടക വനമാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. അതുകൊണ്ട് തന്നെ മുഖംമൂടി സംഘം നക്സലുകളാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. മലയോരത്ത് രാത്രികാല പട്രോളിംഗ് ഇല്ലാത്തതും അന്യസംസ്ഥാന തൊഴിലാളികള്‍ അനിയന്ത്രിതമായി മലയോരത്തേക്ക് കടന്നുവരുന്നതും ഇത്തരക്കാര്‍ക്ക് എത്തിപ്പെടാന്‍ സഹായകമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: