ഇരിട്ടി: ഇരിട്ടി മേഖലയിലെ പല സ്ഥാപനങ്ങളും ദേശീയ കെട്ടിട നിയമപ്രകാരം വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടികള്‍ തുടങ്ങി. ൫൦ ഓളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമം പാലിക്കാതെ നിര്‍മ്മിച്ച ൩൩ഓളം കെട്ടിടങ്ങള്‍ക്ക് നോട്ടീസ് നല്‍കിക്കഴിഞ്ഞു. സംസ്ഥാന അഗ്നിശമന സേനാ വിഭാഗം കമാണ്ടണ്റ്റ് ജനറല്‍ ജംഗ്പാംഗിയുടെ നിര്‍ദ്ദേശപ്രകാരം ഇരിട്ടി അഗ്നിശമനസേനാ വിഭാഗം സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്ററുടെ നേതൃത്വത്തിലാണ് പരിശോധന നടന്നുവരുന്നത്. എല്ലാ മാസവും പരിശോധന തുടരാനും നോട്ടീസ് ലഭിച്ചവര്‍ ൪൫ ദിവസത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ജില്ലാ മജിസ്ട്രേട്ട് മുമ്പാകെ റിപ്പോര്‍ട്ട് നല്‍കാനുമാണ് നിര്‍ദ്ദേശം. ദേശീയ ബില്‍ഡിംഗ് നിയമപ്രകാരം ബഹുനില കെട്ടിടങ്ങളും പെട്രോള്‍ പമ്പുകളും മറ്റും നിര്‍മ്മിക്കുന്നതിന് മുമ്പ് സ്ഥലം പരിശോധിച്ച് അഗ്നിശമന സേനാവിഭാഗത്തിണ്റ്റെ സാക്ഷ്യപത്രം നേടണമെന്നുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയശേഷവും ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ എന്തെന്ന് അഗ്നിശമനസേനാ വിഭാഗം പരിശോധിക്കണം. ആശുപത്രികള്‍, ലോഡ്ജുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പിംഗ് കോംപ്ളക്സുകള്‍, പെട്രോള്‍ പമ്പുകള്‍, സ്കൂളുകള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമാണെങ്കിലും അധികവും നിയമം പാലിക്കപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തല്‍. പഞ്ചായത്തുകള്‍ ലൈസന്‍സ് നല്കുമ്പോള് ഇത്തരത്തിലുള്ള ഒരു മാനദണ്ഡവും അവര്‍ പാലിച്ചില്ലെന്നും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: