കൊച്ചി: ലോ കോസ്റ്റ് എയര്‍ലൈനായ സ്െപൈസ് ജെറ്റിന്റെ കൊച്ചി-മാലി ഫ്ലൈറ്റുകള്‍ ആരംഭിച്ചു. സ്പൈസ്ജെറ്റിന്റെ കൊച്ചി-ദുബായ് ഫ്ലൈറ്റുകള്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കുമെന്ന് സിഇഒ ഹരീഷ് കുട്ടി വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.
സ്പൈസ് ജെറ്റ് കൊച്ചിയില്‍നിന്നും മാലിയിലേക്കും ദുബായിയിലേക്കും അവതരിപ്പിക്കുന്ന പ്രതിദിന ഫ്ലൈറ്റുകള്‍ക്ക് പ്രാരംഭ അനുകൂലമായി 4,999 രൂപ വരെ (ഒരു ദിശയിലേക്കുള്ള എല്ലാ നികുതികളും അടക്കം) താഴ്ന്ന നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കും.
കേരളത്തില്‍നിന്നുള്ള സ്പൈസ്ജറ്റിന്റെ ആദ്യ അന്താരാഷ്ട്ര സര്‍വീസാണിത്. നിലവില്‍ ദല്‍ഹി, മുംബൈ, ചെന്നൈ, മധുര എന്നിവിടങ്ങളില്‍നിന്നാണ് സ്പൈസ്ജറ്റ് അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നത്. ഇതോടെ എയര്‍ലൈന്‍ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന അഞ്ചാമത്തെ കേന്ദ്രമായി കൊച്ചി മാറുകയാണ്.
പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മാലിയിലേക്കുള്ള ഉദ്ഘാടന ഫ്ലൈറ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ 12.50 ന് നടത്തിയ ചടങ്ങിലാണ് ഫ്ലാഗ് ഓഫ് ചെയ്തത്. 78 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന പുതുതലമുറ വിമാനമായ ബോംബാര്ഡിയന് ക്യൂ 400 ആണ് കൊച്ചി-മാലി റൂട്ടില്‍ ഉപയോഗിക്കുന്നത്. ആഗോളതലത്തില്‍ ഏറ്റവും മികച്ച ചെറിയ എയര്ക്രാഫ്റ്റായാണ് ഇത് കണക്കാക്കപ്പെടുന്നത്.
കൊച്ചിയെ സ്പൈസ്ജറ്റിന്റെ പ്രധാന കേന്ദ്രമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്ന് ഹരീഷ് കുട്ടി ചൂണ്ടിക്കാട്ടി. കൊച്ചിയില്‍നിന്ന് മികച്ച രീതിയില്‍ ആഭ്യന്തരസര്‍വീസുകള്‍ നടത്തുന്നതിന് പുറമെയാണ് മാലിയിലേക്കും ദുബായിയിലേക്കും അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഈ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന നിരക്കിലുള്ള ഫ്ലൈറ്റുകള്‍ അന്താരാഷ്ട്ര റൂട്ടുകളിലും ലഭ്യമാകും.
കൊച്ചി-ദുബായ് റൂട്ടില്‍ ഡിസംബര്‍ പത്ത് മുതല്‍ പ്രതിദിന സര്‍വീസ് ആരംഭിക്കും. ഘട്ടംഘട്ടമായി പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ആഭ്യന്തര, അന്താരാഷ്ട്ര മേഖലകളിലെ പുതിയ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി അഹമ്മദാബാദില്‍നിന്ന് ദുബായിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകള്‍ ഡിസംബര്‍19 ന് ആരംഭിക്കും. 189 യാത്രക്കാരെ ഉള്‍ക്കൊള്ളാവുന്ന ബൂയിംഗ് 737-800 വിമാനങ്ങളായിരിക്കും കൊച്ചിയില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള ദുബായ് ഫ്ലൈറ്റുകള്‍ക്ക് ഉപയോഗിക്കുക.
കാഠ്മണ്ഡു (നേപ്പാള്‍), കൊളംബോ (ശ്രീലങ്ക), കാബൂള്‍ (അഫ്ഗാനിസ്ഥാന്), ദുബായ് (യുഎഇ) എന്നിവിടങ്ങളിലേക്കാണ് ഇപ്പോള്‍ സ്പൈസ്ജറ്റ്സര്വീസുകളുള്ളത്.
ടിക്കറ്റുകള്‍ www.spicejet.com എന്ന വെബ്സൈറ്റിലൂടെയോ 1800, 180 3333, 0987 180 3333 എന്നീ ടോള്‍ഫ്രീ നമ്പറുകളിലൂടെയോ ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ബുക്കുചെയ്യാനാവും. യാത്രാസമയം, നിരക്കുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.spicejet.com എന്ന സൈറ്റില്‍ ലഭ്യമാണ്. കമ്പനി വൈസ് പ്രസിഡന്റ് വി. രാജയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: